മഴയത്തും വെയിലത്തും കാറ്റത്തും പച്ചക്കറി കൃഷി ചെയ്യാം; മഴമറ കൃഷിരീതിയിലൂടെ
മഴയത്തും വെയിലത്തും കാറ്റത്തും പച്ചക്കറി കൃഷി ചെയ്യാം; മഴമറ കൃഷിരീതിയിലൂടെ. ഏതു കാലാവസ്ഥയിലും പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കുന്ന കൃഷി രീതിയാണ് മഴമറ കൃഷി. കർഷകർക്ക് വര്‍ഷം മുഴുവൻ കൃഷി ചെയ്ത് വിളവെടുക്കാൻ വഴിയൊരുക്കുന്ന സംരക്ഷിത കൃഷി രീതിയാണിത്. വന്‍തോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയേക്കാൾ ഈ സമ്പ്രദായം ഫലപ്രദമാകുന്നത് വീടുകളിലെ ആവശ്യത്തിനു വേണ്ടിയുള്ള കൃഷിക്കാണ്.
മഴവെളളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷി എന്നതാണ് ലളിതമായാണ് മഴമറക്കൃഷി എന്നതു കൊണ്ടുദ്ദേശിക്കുന്നത്. മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്നും പച്ചക്കറികളെ രക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഒരു ചട്ടക്കൂട് അഥവാ സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍.
ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം തുറസ്സായതായിരിക്കണം. സൂര്യപ്രകാശം ലഭിക്കുന്നതാണെന്നുറപ്പു വരുത്തണം. സൂര്യന്‍റെ ഉദയത്തിനും അസ്തമയത്തിനും വിപരീതമായ തെക്കുവടക്കു ദിശയാണ് നിര്‍മാണത്തിനു കൂടുതല്‍ നല്ലത്. നനയ്ക്കുന്നതിനു വെള്ളമെത്തിക്കുന്നതിനും അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുമുള്ള ജലസേചന – ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വേണ്ടരീതിയില്‍ ക്രമീകരിക്കണം.
മഴയുടെ തോത് കൂടുതലാണെങ്കില്‍ പന്തലാകൃതി കൂടുതല്‍ ഫലം ചെയ്യും. കാരണം വെള്ളം ഒരു വശത്തു നിന്നു മാത്രം ഒഴുക്കിവിട്ടാല്‍ മതിയല്ലോ. ചട്ടക്കൂടിനു കൂര്‍ത്ത ഭാഗങ്ങളുണ്ടായിരിക്കരുത്. ഇവ കൊണ്ടാല്‍ ഷീറ്റ് കീറിപ്പോകാനിടയുണ്ട്.
നാടന്‍ തടികളാണ്നിര്‍മാണത്തിനുപയോഗിക്കുന്നതെങ്കില്‍ താങ്ങുകാലുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ അവയുടെ മണ്ണിനടിയിലേക്ക് പോകുന്ന ഭാഗത്ത് കരി ഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഇതിനായി കുത്തിയ കുഴില്‍ കല്ലുപ്പിടുകയോ ചെയ്യണം.
കന്നുകാലികളുടെയും മറ്റും ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. മഴമറയ്ക്കുള്ളില്‍ പൂര്‍ണ തോതിലുള്ള വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതുണ്ട്. സാധാരണ പന്തലിന്‍റെ രീതിയില്‍ പരന്നതായോ അര്‍ധവൃത്താകൃതിയിലോ മേല്‍ക്കൂര നിര്‍മിക്കാം. ജലസേചനത്തിനും ജലനിര്‍ഗമനത്തിനുമുള്ള സംവിധാനങ്ങള്‍ ഇവ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിര്‍മിക്കണം. ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ജൈവ രീതിയിൽത്തന്നെ ഏതു കാലാവസ്ഥയിലും കൃഷി ചെയ്ത് ഉണ്ടാക്കാമെന്നതാണ് മഴമറ കൃഷിയുടെ മെച്ചം.
Also Read: കർഷകരും തൊഴിലാളികളും അധികൃതരും ഹൈറേഞ്ചിലെ കമുക് കൃഷിയെ കൈയ്യൊഴിയുമ്പോൾ
Image: pexels.com