കർഷകരും തൊഴിലാളികളും അധികൃതരും ഹൈറേഞ്ചിലെ കമുക് കൃഷിയെ കൈയ്യൊഴിയുമ്പോൾ

കർഷകരും തൊഴിലാളികളും അധികൃതരും ഹൈറേഞ്ചിലെ കമുക് കൃഷിയെ കൈയ്യൊഴിയുമ്പോൾ നിലവിൽ കമുക് കൃഷി ചെയ്യുന്ന ന്യൂനപക്ഷം വരുന്ന കർഷകർ പ്രതിസന്ധിയിലാണ്. തൊഴിലാളി ക്ഷാമമാണ് കമുകു കൃഷി ചെയ്യുവ്വവർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കർഷകർ പറയുന്നു. വിളവെടുപ്പിനും കമുകിന്റെ പരിപാലനത്തിനും വിദഗ്ദരായ തൊഴിലാളികൾ കൂടിയേ തീരൂ.

എന്നാൽ കമുക്‌ കയറ്റ തൊഴിലാളികളെ കിട്ടാത്തതും ഈ രംഗത്തേക്ക്‌ പുതിയതായി തൊഴിലാളികൾ കടന്നുവരാത്തതും കമുക് കൃഷിക്ക്‌ കനത്ത തിരിച്ചടിയായി. പണ്ടു മുതൽക്കെ മറ്റ് കാർഷിക വിളകൾക്കൊപ്പം കമുക് കൃഷിയും സജീവമായിരുന്ന ഹൈറേഞ്ചിൽ അതോടെ ഈ മരങ്ങൾ അപൂർവ കാഴചയായി മാറുകയാണ്. ടൺ കണക്കിന് പാക്കും പഴുക്ക അടയ്ക്കയും സംസ്ഥാനത്തുടനീളമുള്ള വിപണികളിലേക്ക് കയറ്റി അയച്ചിരുന്ന ചരിത്രമുണ്ടായിരുന്നു ഹൈറേജിലെ ഈ കൃഷിയിടങ്ങൾക്ക്.

കൃത്യമായ പരിപാലനം നൽകാൻ കഴിയാതായതോടെ കീടങ്ങളും രോഗങ്ങളും കമുകു തോട്ടങ്ങളെ കീഴ്ടടക്കുകയും മിക്കവയും കൂമ്പുകൾ കരിഞ്ഞുണങ്ങി വീഴുവാനും തുടങ്ങി. കമുകുകൾ ഇല്ലാതായതോടെ അടയ്ക്കയുടെ വരവ് കുറയുകയും വിലക്കയറ്റത്തിനും കാരണമാകുകയും ചെയ്തു. അതോടൊപ്പം അടയ്ക്ക സംഭരണവും വിപണനവും വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഹൈറേഞ്ചിലെ വ്യാപാരികളും പറയുന്നു. അധികൃതരാകട്ടെ കമുകിന്റെ കഷ്ടകാലം കണ്ടഭാവം നടിക്കുന്നില്ല എന്നതും തകർച്ചയുടെ ആക്കം കൂടാൻ കാരണമായി.

Also Read: നെൽവയൽ നീർത്തട “സംരക്ഷണ” നിയമത്തിൽ ഇനിയെത്ര “സംരക്ഷണം” ബാക്കി? സംരക്ഷണത്തിന്റെ ഇടതും വലതും

Image: pixabay.com