നെൽവയൽ നീർത്തട “സംരക്ഷണ” നിയമത്തിൽ ഇനിയെത്ര “സംരക്ഷണം” ബാക്കി? സംരക്ഷണത്തിന്റെ ഇടതും വലതും

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷക്കും പരിസ്ഥിതി സന്തുലനാവസ്ഥക്കും കോട്ടം തട്ടുമെന്നാണ് നിലവിലെ നെൽവയൽ നീർത്തട സംരക്ഷണ നിയമ ഭേദഗതിയ്ക്കെതിരായ പ്രധാന ആരോപണം. സംസ്ഥാനത്തിന്‍റെ നിയമനിര്‍മാണ ചരിത്രത്തിലെ സുപ്രധാനമായൊരു ഏടായിരുന്നു കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം.

2008 ആഗസ്റ്റ് 11നാണ് കേരളത്തില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നടപ്പാക്കുന്നത്. നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടെയും വ്യാപ്തി ആശങ്കാജനകമായി കുറഞ്ഞതാണ് അന്ന് അധികാരത്തിലിരുന്ന വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാരിന് ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനും കൃഷിമന്ത്രി മുല്ലക്കര രത്നാകരനും സവിശേഷമായ താൽപര്യമെടുത്ത നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും ഭൂമാഫിയയുടെ തീരാത്ത ആർത്തിയിൽ നിന്ന് രക്ഷിക്കുക എന്നതുതന്നെയായിരുന്നു.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് ആറുമാസം മുതല്‍ രണ്ടുകൊല്ലം വരെ തടവുലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കിയ നിയമം നെല്‍കൃഷി ചെയ്യുന്നതോ, ചെയ്തിരുന്നതോ, ഭാവിയില്‍ ചെയ്യാന്‍ പോകുന്നതോ ആയ സ്ഥലങ്ങളെയാണ് നെല്‍വയലുകള്‍ എന്ന വിഭാഗത്തിൽപ്പെടുത്തിയിരുന്നത്.

കേരളത്തിലെ വയലുകള്‍ സംബന്ധിച്ചു ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ ശാസ്ത്രീയമായ ഭൂപടം തയ്യാറാക്കണമെന്നും
വീടുവെക്കാന്‍ പഞ്ചായത്ത് പ്രദേശത്ത് 10 സെന്റ് വരേയും മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശത്ത് അഞ്ചുസെന്റ് വരേയും നികത്താമെന്നും നിയമം അനുശാസിക്കുന്നു. നിയമം നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതല സമിതി രൂപീകരിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. നിലം പരിവര്‍ത്തനപ്പെടുത്താനോ രൂപാന്തരപ്പെടുത്താനോ പാടില്ല. അവ തരിശായി ഇടാനും പാടില്ലെന്നും നെല്‍കൃഷി നടത്താന്‍ താല്‍പര്യമില്ലാത്ത ഉടമയ്ക്ക് വയല്‍ തദ്ദേശ സ്ഥാപനങ്ങളെ പരമാവധി രണ്ടുവര്‍ഷത്തേയ്ക്ക് പാട്ടത്തിന് നൽകാമെന്നും നിയമം വ്യവ്സ്ഥ വച്ചു.

നിരവധി പരിമിതികൾക്കുള്ളിൻ നിന്നാണെങ്കിലും ഈ നിയമം കേരളത്തിലെ നെൽവയലുകൾ നികത്തപ്പെടാതിരിക്കാൻ പരിസ്ഥിതി പ്രവർത്തകരേയും യഥാർത്ഥ കർഷകരേയും ഒട്ടൊക്കെ സഹായിക്കുകയും ചെയ്തു. എന്നാൽ, 2015 ൽ യുഎഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമത്തിൽ ആദ്യ ഭേദഗതിയെത്തി. 2008 നു മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയുടെ 25% ന്യായവില അടച്ചാല്‍ പറമ്പായി പതിച്ചു കൊടുക്കാം എന്നതായിരുന്നു ഇത്. ഈ വ്യവസ്ഥ പിന്നീട് എൽഡിഎഫ് സർക്കാർ റദ്ദാക്കി.

എന്നാൽ, നെൽ വയൽ നീർത്തട സംരക്ഷണ നിയമം 2008 കർശനമായി നടപ്പാക്കും, ആറു മാസത്തിനകം ഡാറ്റാബാങ്ക് തയ്യാറാക്കി ഒരു വർഷത്തിനുള്ളിൽ കുറ്റമറ്റ നിലയിൽ പ്രസിദ്ധീകരിക്കും, നെൽവയലുകൾ പൂർണ്ണമായും പാഡി റിസർവ്വായി പ്രഖ്യാപിക്കും, നെൽ വയൽ സംരക്ഷിക്കുന്ന കർഷകർക്ക് റോയൽറ്റി നൽകും എന്നീ വാഗ്ദാനങ്ങളൊന്നുംതന്നെ എൽഡിഎഫ് സർക്കാർ മുഴുവനായും പാലിച്ചില്ല എന്നതാണ് മറുവശം. നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കര, വയല്‍ ഭൂമികളെ വേര്‍തിരിച്ചുകൊണ്ടുള്ള ഡാറ്റാ ബാങ്ക് നിയമം പ്രാബല്യത്തില്‍ വന്ന് പത്തു വര്‍ഷമായിട്ടും വിജ്ഞാപനം ചെയ്യുന്നതിൽ ഇടതു, വലതു സർക്കാരുകൾ ശുഷ്കാന്തി കാണിച്ചില്ല.

ഏതാണ്ട് അറുനൂറോളം പഞ്ചായത്തുകളിൽ ഡാറ്റാ ബാങ്ക് തയ്യാറായിട്ടില്ല. പ്രസിദ്ധപ്പെടുത്തിയവരിൽ തന്നെ വലിയ പരാതികൾ നില നിലനിൽക്കുന്നു. നെൽവയൽ എന്നു രേഖപ്പെടുത്തിയതിനെതിരെ പരാതി ഉയരുമ്പോൾ തന്നെ നെൽവയലായി കൃഷി നടക്കുന്ന നെൽവയലുകൾ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കപ്പെട്ടതായും ആരോപണങ്ങൾ ഉയരുന്നു.

മാത്രമല്ല, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം തടസമാണെന്ന് എന്ന വലതുപക്ഷ സർക്കാരിന്റെ നയം 2017 മുതൽ ഇടതു സര്‍ക്കാര്‍ കടമെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായിരുന്നു വ്യവസായങ്ങള്‍ തുടങ്ങുന്നത് ഉള്‍പ്പെടെ പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2017 ഡിസംബര്‍ 26ന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

2008 ലെ നിയമപ്രകാരം പൊതു ആവശ്യത്തിന് പരിവർത്തനപ്പെടുത്തണമെങ്കിൽ നികത്തുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനം പരിശോധിച്ച് നെൽവയലല്ലാതെ മറ്റ് അനുയോജ്യമായ ഭൂമി ലഭ്യമല്ലെങ്കിൽ പ്രാദേശിക നിരീക്ഷണ സമിതി ശുപാർശ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കപ്പെട്ടു. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമികൂടി പൊതുആവശ്യങ്ങൾക്ക് നികത്താം എന്നൊരു വിഭാഗം കൂടി കൂട്ടിച്ചേര്‍ത്തു. ഇത് ഗുണം ചെയ്യുക സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള സ്വകാര്യ വ്യവസായങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണെന്ന് മുൻഅനുഭവങ്ങൾ തെളിവ്. കാരണം ഏതു ആവശ്യവും പൊതു ആവശ്യം എന്നതിന്റെ പരിധിയില്‍ കൊണ്ടുവരാം എന്നതുതന്നെ.

നെല്‍വയല്‍-തണ്ണീര്‍ത്തട നികത്തല്‍മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍.ഡി.ഒമാര്‍ക്ക് അധികാരം, നിലംനികത്തലിനെതിരെ പരാതി നല്‍കാന്‍ 500 രൂപ കെട്ടിവയ്ക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ. നികത്തുമ്പോൾ ‘സങ്കടമനുഭവിക്കുന്നയാൾക്ക് ‘ പരാതിപ്പെടാം. അയ്യായിരം രൂപയും ഉത്തരവിന്റെ കോപ്പിയും സഹിതം ഒരു മാസത്തിനകം പരാതിപ്പെടണം.

ഭേദഗതിയിൽ അനുകൂലമായുള്ളത് തരിശു നിലങ്ങൾ കൃഷി ചെയ്യാനുള്ള നിർദ്ദേശമാണ്. പക്ഷെ തരിശുടമസ്ഥനിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുമ്പോൾ ലാഭത്തിന്റെ 90% തരിശു ടമസ്ഥനും 10% കൃഷി ചെയ്യുന്നയാൾക്കും എന്നാണ് വ്യവ്സഥ. സംസ്ഥാനത്ത‌് ആയിരക്കണക്കിന‌് ഏക്കർ തരിശായി കിടക്കുന്നുണ്ടെന്നും ഇതിൽ പലേടത്തും കൃഷി അപ്രാപ്യമാണെന്നുമാണ് ഇതിനുള്ള സർക്കാർ ന്യായം. ഇത്തരം സ്ഥലങ്ങൾ പൊതുആവശ്യത്തിന‌് ഉപയോഗിക്കുകയും കൃഷിയോഗ്യമായ പരമാവധി സ്ഥലങ്ങളിൽ കൃഷി ഇറക്കുകയുമാണ‌് ഭേദഗതിയുടെ ലക്ഷ്യമെന്ന് സർക്കാർ വാദിക്കുന്നു.

ഫലത്തിൽ വ്യവസായികളും റിയൽ എസ്റ്റേറ്റ് ഭീമന്മാരും ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയക്കാരും ഇടനിലക്കാരും ചേർന്ന് രൂപപ്പെടുന്ന ഒരു ഭൂമാഫിയ വിചാരിച്ചാൽ നികത്താൻ കഴിയാത്ത ഒരു വയലും കേരളത്തിലില്ല എന്ന അവസ്ഥയിലേക്കു തന്നെയാണ് മുട്ടുന്യായങ്ങളും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുംകൊണ്ട് അലങ്കരിച്ച നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ ഇടതു, വലതു സർക്കാരുകൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

Also Read: 2030 ഓടെ ഇന്ത്യയുടെ ജലോപയോഗം ഇരട്ടിയാകുമെന്ന് പഠനം; കാർഷിക മേഖലയെ കാത്തിരിക്കുന്നത് കൊടും വരൾച്ച

Image: pixabay.com