റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിൽ വിജയകരമായി നെൽകൃഷി ചെയ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിൽ വിജയകരമായി നെൽകൃഷി ചെയ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ. കേരള കോണ്ഗ്രസ് (എം) ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കർഷകനുമായ കിഴക്കഞ്ചേരി പട്ടേംപാടം കണ്ണാടൻ വിൽസനാണ് സംസ്ഥാനത്തുതന്നെ അപൂർവമായ റബർ റീപ്ലാന്റ് ചെയ്തിടത്ത് നെൽകൃഷി പരീക്ഷണം നടത്തിയത്.
വിൽസന്റെ വീടിനു പിന്നിലുള്ള കുന്നിൻചെരിവിലെ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി.
കരനെൽ കൃഷി പ്രോത്സാഹന പദ്ധതി വഴിയാണ് വിൽസന്റെ പരീഷണ കൃഷി. ഇതിനു മുമ്പ് മറ്റെവിടെയെങ്കിലും റബറിന്റെ പ്ലാറ്റ്ഫോമിൽ നെൽ കൃഷി ചെയ്തതായി കേട്ടിട്ടില്ലെന്നും അധികൃതരും പറയുന്നു. അതിനാൽ തുടക്കത്തിൽ സുഹൃത്തുക്കളും മറ്റു കർഷകരുമെല്ലാം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ ലില്ലിയുടെയും അമ്മ മറിയത്തിന്റേയും പിന്തുണയോടെ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. അമ്മ മറിയവും പ്രോത്സാഹിപ്പിച്ചതോടെ പിന്നെ തിരിഞ്ഞുനോക്കിയില്ല.
കൃഷി ഓഫീസർ റോഷ്ണിയും അസിസ്റ്റന്റുമാരായ ഷീലയും സഫിയയും പിന്തുണയുമായി എത്തിയതോടെ കൃഷി തുടങ്ങാൻ പിന്നെ വൈകിയില്ല. പുതുമഴക്കു ശേഷം നിലം ഒരുക്കി, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും ഐശ്വര്യ എന്ന 110 ദിവസം മൂപ്പുള്ള നെൽവിത്ത് വാങ്ങിയാണ് കൃഷി തുടങ്ങിയത്. ഇപ്പോൾ 40 ദിവസത്തെ പ്രായമുള്ള നെൽച്ചെടികൾ റബർ തൈകളെ മറച്ച് തഴച്ചുവളരുന്നു. മഴ കൂടി തുണച്ചാൽ നല്ല വിളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിൽസനും ഭാര്യ ലില്ലിയും.
കാടുകയറാതെ റബർ കൃഷിയ്ക്കായി ഒരുക്കിയ പ്ലാറ്റ്ഫോം സംരക്ഷിക്കാമെന്നതാണ് നെൽകൃഷിയുടെ പ്രധാന നേട്ടമെന്ന് വിൽസൻ പറയുന്നു. കൂടാതെ മണ്ണൊലിപ്പു തടയുന്നതിനൊപ്പം മണ്ണിലെ ഈർപ്പം നിലനിർത്താനും കഴിയും. നെൽകൃഷിയ്ക്കും റബറിനുമൊപ്പം 150 പൂവൻ വാഴയും വിവിധ പച്ചക്കറികളും, തെങ്ങ്, വാഴ, കുരുമുളക്, കവുങ്ങ് തുടങ്ങിയ വിളകളും വിൽസൻ ആറ് ഏക്കർ തോട്ടത്തിൽ വിളയിക്കുന്നു. ഒപ്പം പശുവളർത്തലും തേനീച്ച വളർത്തലും വിൽസന്റെ കൃഷിയിടത്തെ ചലനാത്മകമാക്കുന്നു.
Also Read: വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിൽ നേട്ടം കൊയ്ത് അയൂബ് തേട്ടോളി
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|