ടാപ്പിംഗ്, മരങ്ങൾ മാർക്ക് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
റബർ മരങ്ങളിൽ ടാപ്പിംഗിന് യോജിച്ച സമയമാണ് വേനൽമഴ നന്നായി കിട്ടിത്തുടങ്ങുന്ന കാലം. എന്നാൽ ശരിയായ രീതിയിൽ മാർക്ക് ചെയ്തില്ലെങ്കിൽ അത് പാൽ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയാവും ഫലം. ഒട്ടുബന്ധത്തിൽനിന്ന് 125 സെ.മീ. ഉയരത്തിൽ 50 സെ.മീറ്ററെങ്കിലും വണ്ണമെത്തിയ മരങ്ങളിൽ മാത്രമാണ് ടാപ്പിംഗ് ചെയ്യേണ്ടത്.
ഒരു തോട്ടത്തിലെ 70 ശതമാനം മരങ്ങളെങ്കിലും മുകളിൽപ്പറഞ്ഞ വളർച്ചയെത്തിയ ശേഷം ടാപ്പിംഗ് തുടങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ ആറു മുതൽ ഏഴുവരെ വർഷങ്ങൾകൊണ്ട് റബർ മരങ്ങൾ ആവശ്യമായ വണ്ണമെത്താറുണ്ട്. ടാപ്പിങ് തുടങ്ങിയാൽ മരങ്ങൾ കൂടുതൽ വണ്ണംവയ്ക്കുമെന്ന തെറ്റിധാരണ ചില കർഷകർക്കിടയിൽ നിലവിലുണ്ട്.
വണ്ണമെത്തിയ മരത്തിന്റെ ചുറ്റളവിനെ രുതുല്യഭാഗങ്ങളാക്കി തിരിച്ചശേഷം അതിലൊരു ഭാഗത്ത് 125 സെ.മീ. ഉയരത്തിൽ വരത്തക്കവിധം മാർക്ക്ചെയ്യണം. ടെംപ്ലേറ്റ് എന്ന ഉപകരണം ഉപയോഗിച്ച്, 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാൽ മാർക്ക്ചെയ്യേണ്ടത്. മരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ, ഇടതു മുകളിൽനിന്നും വലതുതാഴേക്കായി ചെരിവു കൊടുക്കാൻ ശ്രദ്ധിക്കണം.
ഉയർന്ന വിളവുതരുന്ന ഇനങ്ങൾ മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ ടാപ്പ് ചെയ്യാൻ പാടുള്ളൂ. ടാപ്പ് ചെയ്യുമ്പോൾ മുറിവിന്റെ ആഴം തണ്ണിപ്പട്ടയോട് ഒരു മില്ലിമീറ്റർവരെ ആകാം. മുറിവിന്റെ ആഴം കൂടിയാൽ തണ്ണിപ്പട്ടയ്ക്ക് മുറിവേറ്റ്, പുതുപ്പട്ടയുടെ വളർച്ചയെ ബാധിക്കും. ഒപ്പം ആഴം കുറഞ്ഞുപോയാൽ ആദായം കുറയുകയും ചെയ്യും.
Also Read: ചീരക്കൃഷി തുടങ്ങാൻ മടിച്ചു നിൽക്കേണ്ടതില്ല; ആരോഗ്യവും പണവും കൂടെപ്പോരും
Image: pixabay.com