കുട്ടികളിൽ ബുദ്ധിയും ഓർമയും പടരട്ടെ; ചെടിച്ചട്ടികളിൽ ബ്രഹ്മി വളർത്താം
കുട്ടികളിൽ ബുദ്ധിയും ഓർമയും പടരട്ടെ; ചെടിച്ചട്ടികളിൽ ബ്രഹ്മി വളർത്താം. പണ്ടുകാലം മുതൽക്കു തന്നെ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കാൻ പേരുകേട്ടതാണ് ബ്രഹ്മി. എന്നാൽ ഒരുകാലത്ത് സ്വാഭാവികമായി ബ്രഹ്മി വളർന്നിരുന്ന വയലുകളും തൊടികളും ഇല്ലാതായതോടെ ബ്രഹ്മിയും നമ്മുടെ വീട്ടു പരിസരങ്ങളിൽ നിന്ന് അപ്രത്യക്ഷമായി.
ധാരാളം വെള്ളം വളർച്ചയ്ക്ക് ആവശ്യമായതിനാൽ ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ബ്രഹ്മി കൂടുതലായി കാണപ്പെടുന്നത്. ഈ സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ വീടുകളിൽ ചെടിച്ചട്ടികളിൽ വളർത്താവുന്ന സസ്യമാണ് ബ്രഹ്മി. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.
ഇത് ചട്ടിയിലോ ഗ്രോബാഗിലോ നടാം. തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ് മിശ്രിതം നിറച്ച് ചട്ടികള്‍ തയ്യാറാക്കണം. മൂന്നു ചട്ടി മണല്‍, മൂന്നു ചട്ടി മണ്ണ്, മൂന്നു ചട്ടി ചാണകപ്പൊടി അല്ലെങ്കില്‍ രണ്ടു ചട്ടി കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നത്. അത്യാവശ്യം വ്യാസമുള്ള പോളിത്തീന്‍കവറിന്റെ പകുതിവരെ നിറയുന്നതായിരിക്കണം ഈ മിശ്രിതം.
ചട്ടിക്കും കവറിനും അടിഭാഗത്ത് അധികമുള്ള വെള്ളം ഒലിച്ചുപോകാൻ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ഒരു ചട്ടിയില്‍ വേരിന്റെ ഭാഗമുള്ള രണ്ടോ മൂന്നോ തണ്ട് ബ്രഹ്മിയുടെ തൈ നടാം. മണ്ണിനു മുകളില്‍ എപ്പോഴും നില്‍ക്കുന്ന രീതിയിലായിരിക്കണം വെള്ളത്തിന്റെ അളവ്. നട്ട് വളരെപ്പെട്ടെന്ന് നന്നായി പടര്‍ന്നു വളരുന്നതാണ് ബ്രഹ്മിയുടെ രീതി.
പടര്‍ന്നു തുടങ്ങിയാല്‍ ആവശ്യത്തിനനുസരിച്ച് ഇലയോട് കൂടിയ തണ്ടുകള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
Also Read: കവുങ്ങിൻ തോട്ടത്തിൽ പാഷൻ ഫ്രൂട്ട് കൃഷി പരീക്ഷിച്ചു വിജയിപ്പിച്ച് അയൂബ് തോട്ടോളി
Image: unsplash.com