വിഷമില്ലാത്ത സിക്കിം! കീടനാശിനികളെ പടിക്കു പുറത്താക്കിയ ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിജയ കഥ
കീടനാശിനികളെ പടിക്കു പുറത്താക്കിയ ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിജയ കഥയാണ് സിക്കിം സംസ്ഥാനത്തിന് പരയാനുള്ളത്. ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൻ തന്നെ, ആദ്യമായി കീടനാശിനികളെ പടിപടിയായി കൃഷിയിടങ്ങളിൽ നിന്ന് തുരത്തുകയാണ് സിക്കിം. പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ് സംസ്ഥാനം വിഷരഹിത കൃഷിയ്ക്കുവേണ്ടിയുള്ള ഈ കുരുശുയുദ്ധം തുടങ്ങിയത്.
ക്ഷാമങ്ങൾക്കും പട്ടിണി മരണങ്ങൾക്കും ബദലായി കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള ഹരിത വിപ്ലവം മാത്രമാണ് പ്രതിവിധിയെന്ന് ഉറപ്പിച്ച ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇതൊരു അപൂർവതയായിരുന്നു. 15 വർഷങ്ങൾക്കുശേഷം ആ തീരുമാനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുകയാണ് ഇന്ന് സിക്കിം. ആരോഗ്യ സൂചികകളിൽ സംസ്ഥാനത്തിന്റെ ഉയർന്ന നിലവാരം ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി സിക്കിമിന്റെ വിഷരഹിത കൃഷിരീതിയുടെ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അത് ദേശീയതലത്തിൽ വ്യാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. സിക്കിം കർഷകർ 190000 ഏക്കർ കൃഷിഭൂമിയാണ് ഈ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ സഹായത്തോടെ കീടനാശിനികളുടേയും രാസവളങ്ങളുടേയും പിടിയിൽനിന്നും മോചിപ്പിച്ചത്.
കൂടാതെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികകളുടെ ഇറക്കുമതി കഴിഞ്ഞ ഏപ്രിൽ മുതൽ നിരോധിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വ്യക്തി എന്ന വിശേഷണം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിൽ നിന്നും സ്വന്തമാക്കിയ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിങാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. 2003 ലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭ സമ്പൂർണ രാസവിമുക്ത കൃഷിരീതിയ്ക്ക് തുടക്കമിട്ടത്.
“സിക്കിം ജൈവകൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിട്ടു,” അദ്ദേഹം പറയുന്നു, “ജൈവകൃഷി എന്താണെന്നുപോലും കൃഷിക്കാർക്ക് അറിയില്ലായിരുന്നു, അതിനാൽ വിദ്യാഭ്യാസമായിരുന്നു ഞങ്ങളുടെ പ്രഥമ മുൻഗണന. പതിയെ കർഷകർ ഞങ്ങളെ മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്തു.”
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കാഞ്ചൻജംഗയുടെ താഴ്വാരത്തിൽ നൂറുകണക്കിന് പക്ഷികൾ, കാട്ടു ഓർക്കിഡുകൾ, അരുവികൾ എന്നിവയുടെ വീടായ സിക്കിം ഇന്ത്യയിലെ തന്നെ ഏറ്റവും ദുർബലമായ പരിസ്ഥിതിമേഖലയാണ്. അതിനാൽ ഈ മേഖലയെ എന്തുവില കൊടുത്തും സംരക്ഷിക്കുക എന്നതായിരുന്നു ചാംലിങ് അധികാരം ഏറ്റെടുക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി.
രാസ കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയാണ് സിക്കിം അതിന്റെ കുരിശു യുദ്ധം നടത്തിയത്. കൂടാതെ വിവിധ ബോധവൽക്കരണ. വിദ്യാഭ്യാസ പരിപാടികളും ആരംഭിച്ചു, ആയിരക്കണക്കിന് കമ്പോസ്റ്റുചെയ്യൽ കുഴികൾ സ്ഥാപിച്ചു. സംസ്ഥാന പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. തട്ടുകടകളിലും മറ്റും ഇലകൾകൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നു.
മാർച്ചിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള രാസ പച്ചക്കറികളുറ്റെ ഇറക്കുമതി നിരോധിച്ചത് വിപണിയിൽ കാബേജിന്റെ വില മൂന്നിരട്ടിയോളം വർധിപ്പിച്ചിരുന്നു. ഇതോടെ കച്ചവടക്കാരും പ്രതിപക്ഷവും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. ജൈവ കൃഷി രീതിയിൽ തങ്ങളുടെ വിളവ് കുറഞ്ഞതായും സംസ്ഥാന സർക്കാരുകൾ കൈവിട്ടതായുമുള്ള ചില കർഷകരുടെ പരാതികളും ആരോപണങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യയിൽ അപൂർവമായ ഒരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് സിക്കിം.