വേനൽ കാലത്തെ കോഴിവളർത്തൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വേനൽ ചൂട് താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് നാടും നഗരവുമെല്ലാം. ഉയർന്ന അന്തരീക്ഷ താപനില മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും, പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
അന്തരീക്ഷ താപനില കോഴികളില്‍
കോഴികളുടെ സ്വാഭാവിക ശരീരതാപനില പൊതുവെ ഉയർന്നതാണ്, 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണത്. ഉയർന്ന അന്തരീക്ഷ ആർദ്രതയും, 30 ഡിഗ്രി സെൽഷ്യസിന് മീതെ അന്തരീക്ഷ താപനില ഉയരുന്നതും കോഴികളുടെ ശരീര താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. ഒപ്പം ദഹനപ്രക്രിയ വഴിയും മറ്റും ശരീരത്തിനകത്ത് താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്‌പീകരണത്തിലൂടെ അധിക ശരീരതാപം പുറംതള്ളാൻ കഴിയാതെ പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിലാവും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം പക്ഷികൾ കൂട്ടമായി മരണപ്പെടുകയും ചെയ്യാം.
ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, നന്നായി തീറ്റയെടുത്തിരുന്ന കോഴികൾ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കൽ, തണലിടങ്ങളിൽ കൂട്ടമായി തൂങ്ങി നിൽക്കുന്നതുമെല്ലാം ഉഷ്ണസമർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. മുട്ടക്കോഴികളിൽ മുട്ടയുത്പ്പാദനം 30 മുതൽ 40 ശതമാനം വരെ പെട്ടെന്ന് കുറയുന്നതിനൊപ്പം, മുട്ടയുടെ വലിപ്പവും, പുറംതോടിൻറെ കനവും കുറയുന്നതിനും ഉഷ്‌ണസമ്മര്‍ദം കാരണമാവും.
ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവർത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളിൽ വളർച്ചയും ഭാരവും കുറയാൻ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളിൽ ഓരോ ഡിഗ്രി വർധിക്കും തോറും തീറ്റപരിവർത്തനശേഷിയും, വളർച്ചയും 5 ശതമാനം വരെ കുറയും. മാത്രവുമല്ല പ്രതിരോധശേഷി കുറയുന്നത് കാരണം കോഴിവസന്ത (Ranikhet disease), കോഴിവസൂരി (Fowl pox), കണ്ണുചീയൽ രോഗം (Ornithosis) അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ള കാലം കൂടിയാണ് വേനൽ. ഉയർന്ന അന്തരീക്ഷ ഈർപ്പം കോക്ക്സിഡിയോസിസ് രോഗം പടരാനുള്ള സാഹചര്യവുമൊരുക്കും. കോഴികളെയും മറ്റ് ഓമനപക്ഷികളെയും അത്യുഷ്ണത്തിൽ നിന്ന് കാത്തുരക്ഷിക്കാൻ ശ്രദ്ധാപൂർവ്വമായ പ്രവർത്തങ്ങൾ വേണം.
അത്യുഷ്ണപ്രശ്നങ്ങളെ എങ്ങനെ പ്രതിരോധിക്കാം?
അത്യുഷ്ണത്തെ പ്രതിരോധിക്കാൻ കോഴികൾക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാൾ നാലിരട്ടി വരെ കൂടുതൽ കുടിവെള്ളം കോഴികൾക്ക് ആവശ്യമായി വരും. കുടിവെള്ളടാങ്കും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാൽ വെള്ളം ചൂടുപിടിക്കുന്നത് തടയാം.
സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര നനക്കുന്നതും, മേൽക്കൂരയ്ക്ക് മുകളിൽ ചണചാക്കോ, തെങ്ങോലമടഞ്ഞോ വിരിക്കുന്നതും, വശങ്ങളിൽ ചണചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിനുള്ളിലെ ചൂട് കുറയ്ക്കും. മേൽക്കൂര വെള്ളപൂശുന്നതും, വൈക്കോൽ വിരിക്കുന്നതും നല്ലതാണ്. നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വായുസഞ്ചാരം സുഗമമാക്കാൻ ഫാനുകളും ഘടിപ്പിക്കാം. ഡീപ്പ് ലിറ്റർ രീതിയിലാണ് വളർത്തുന്നെതെങ്കിൽ പഴയ ലിറ്റർ മാറ്റാനും, രണ്ട് ഇഞ്ച് കനത്തിൽ പുതിയ ലിറ്റർ വിരിക്കാനും ശ്രദ്ധിക്കണം. ഇടക്കിടയ്ക്ക് ലിറ്റർ ഇളക്കി കൊടുക്കുകയും വേണം.
ഉയർന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ, കുറഞ്ഞ അളവിൽ കൂടുതൽ പോഷകമൂല്യം അടങ്ങിയ തീറ്റകളായിരിക്കണം നൽകേണ്ടത്. തീറ്റ ചെറുതായി നനച്ച് നൽകുന്നതും നല്ലതാണ്. പൊട്ടാസ്യം, കാൽസ്യം, ഫോസ്‌ഫറസ്, വിറ്റാമിൻ (എ, സി, ഡി) അടക്കമുള്ള പോഷകങ്ങൾ, വിറ്റാമിൻ ധാതുലവണ മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ കൂടുതലായി ഉൾപ്പെടുത്തണം. തീറ്റനൽകുന്നത് പകൽ ചൂടുകുറവുള്ള സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. ഇത് കൂടുതൽ തീറ്റയെടുക്കുന്നതിനും ദഹനപ്രക്രിയ വഴിയുണ്ടാവുന്ന താപം എളുപ്പത്തിൽ പുറംതള്ളാനും സഹായിക്കും. ഒരു സമയം മൊത്തം തീറ്റ നൽകുന്നതിന് പകരം പലതവണകളായി വിഭജിച്ച് നൽകണം. സോഡിയം സാലിസിലേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ബൈകാര്‍ബണേറ്റ് പോലുള്ള ശരീരതാപം കുറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ചേർത്ത് നൽകാം. സോഡിയം ബൈകാര്‍ബണേറ്റ് (അപ്പക്കാരം), 0.1 % എന്ന നിരക്കിൽ തീറ്റയിൽചേർത്തു നൽകുന്നത് മുട്ടയുടെ പുറംതോടിൻറെ ഗുണവും മെച്ചപ്പെടുത്തും.
കോഴി വസന്ത, കോഴി വസൂരിയടക്കമുള്ള രോഗങ്ങളുടെ ലക്ഷങ്ങൾ കണ്ട് തുടങ്ങിയാൽ ഉടൻ ചികിത്സ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പടർന്നു പിടിക്കാൻ ഇടയുണ്ട്. കോഴിവസന്തയടക്കുമുള്ള രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമായതിനാൽ, മുൻകൂട്ടി കുത്തിവെപ്പുകൾ എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാൻ കർഷകർ ശ്രദ്ധിക്കണം.
(സംശയ നിവാരണത്തിനും കൂടുതല്‍ അറിവിനുമായി ബന്ധപ്പെടാവുന്നതാണ്.)
Photo Courtesy: Jay Thrissur