Thursday, April 3, 2025
നെല്‍കൃഷിമണ്ണിര സ്പെഷ്യല്‍

വിത്തുത്പാദനകേന്ദ്രങ്ങളുടേയും ഗവേഷകരുടേയും മാത്രം ഉത്തരവാദിത്തമാണോ നെല്‍കൃഷി സംരക്ഷണം?

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക എന്ന ചുമതല നിര്‍വ്വഹിക്കുന്ന സ്ഥാപനമാണ് സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിത്ത് വികസന അതോറിറ്റി. വിത്തുകളുടെ ഉത്പാദനം, സംഭരണം, സംസ്കരണം, സൂക്ഷിപ്പ്, വിതരണം എന്നീ ഉത്തരവാദിത്തങ്ങളും സീഡ് അതോറിറ്റിക്കുണ്ട്. നെല്‍കൃഷിക്ക് മുഖ്യമായും ഊന്നല്‍ നല്‍കുന്ന സീഡ് അതോറിറ്റിയുടെ ലക്ഷ്യം സാധ്യമാക്കുന്നത് സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, കൃഷി ഭവനുകള്‍, പഞ്ചായത്തു തലത്തില്‍ റജിസ്റ്റര്‍ ചെയ്ത പാടശേഖരക്കമ്മറ്റികള്‍ എന്നിവയുടെ സഹായത്തോടെയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി 4,000 ത്തോളം ഹെക്ടര്‍ സ്ഥലത്താണ് ഈ വിത്തുത്പാദന പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്കാവശ്യമായ പച്ചക്കറി വിത്തുകള്‍, തെങ്ങിന്‍ തൈകള്‍, കുരുമുളക് എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിയും സജീവമായി നടക്കുന്നു.

സംസ്ഥാനത്തെ ചെറുകിടകര്‍ഷകരും കര്‍ഷകതൊഴിലാളികളുമുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ആശ്രയിക്കുകയും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത നെല്‍കൃഷിയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്ന ഇത്തരം ഇടപെടലുകള്‍ പ്രശംസാവഹമാണ്. കേരളത്തിന്റെ ജൈവപരവും സാമ്പത്തികപരവുമായ പുരോഗതിയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന നെല്‍കൃഷി സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയുടെ 40 ശതമാനം ഭാഗത്തും ചെയ്യുന്ന കൃഷികൂടിയാണെന്ന മറ്റൊരു വസ്തുത കൂടി നിലനില്‍ക്കുന്നു.

“കഥ ഇതുവരെ… ഇനി കാര്യത്തിലേക്ക്…”

കാര്‍ഷികരംഗത്തിന്റെ മുന്നേറ്റത്തിനും കര്‍ഷകരുടെ ക്ഷേമവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചവരുട പ്രവര്‍ത്തനം കെടുകാര്യസ്ഥതയില്‍ ചെന്നെത്തിയാല്‍?

കൃഷിവകുപ്പില്‍ കോടികളുടെ അഴിമതി നടന്നത് കണ്ടെത്തി സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത് ഈ യാഥാര്‍ത്ഥ്യങ്ങളാണ്. കേരള അഗ്രോ സീഡ്സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ഗുണമേന്‍മയില്ലാത്ത 10,429 ടണ്‍ നെല്‍വിത്തുകള്‍ 68.84 കോടി മുതല്‍ മുടക്കി ശരിയായ ലേല നടപടികള്‍ പോലും പിന്തുടരാതെ വാങ്ങിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത നടപടി പ്രത്യേക വിജിലന്‍സ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കൃഷിവകുപ്പിലെ 20 ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ അഴിമതിക്ക് ചുക്കാന്‍ പിടിച്ചത് കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരും ദമ്പതികളുമായ അശോക് കുമാര്‍ തെക്കന്‍, പി കെ ബീന എന്നിവരാണെന്നാണ് കണ്ടെത്തല്‍. 13.65 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍, എന്നാല്‍ ഈ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേടു മൂലം ഗുണമേന്മയില്ലാത്ത വിത്തുകള്‍ സ്വീകരിച്ച കര്‍ഷര്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള കണക്കുകളൊന്നും ഇതുവരെയായി പുറത്ത് വിട്ടിട്ടില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടപടിയെടുത്ത് അവര്‍ക്കെതരിെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചാണ് സര്‍ക്കാര്‍ ഈ വിഷയത്തെ നേരിട്ടത്. എന്നാല്‍ വിത്ത് വികസന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുകയും അതില്‍ സത്യസന്ധമായി പങ്കുകൊള്ളുകയും ചെയ്ത കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ നേരിട്ട തിരിച്ചടിയുടെ വ്യാപിതിയാണ് ഇതിലേറ്റവും വലുത്. ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ അത്യുത്പാദനശേഷിയുണ്ടെന്ന വ്യാജേന സര്‍ക്കാര്‍ മുതല്‍ മുടക്കില്‍ വാങ്ങിയ ഉദ്യോഗസ്ഥരുടെ ക്രമക്കേട് ഉണ്ടാക്കിയ പ്രതിസന്ധി പലമടങ്ങ് വ്യാപ്തിയുളളതാണ്. ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ വിതരണം ചെയ്ത് സംസ്ഥാനത്തെ നെല്‍കര്‍ഷകരെ ഇരകളാക്കിയതിനോടൊപ്പം വിത്ത് വികസന അതോറിറ്റി സംസ്ഥാനത്തെ വിവിധ സീഡ് ഫാമുകളില്‍ സംഭരിച്ച വിത്ത് കാര്യക്ഷമമായി കര്‍ഷര്‍ക്ക് വിതരണം ചെയ്യാനാകാത്ത സാഹചര്യം സൃഷ്ടിച്ചു. അത്തരത്തില്‍ ഉപയോഗശൂന്യകാന്‍ സാധ്യതയുള്ള വിത്തുകളെ ചുളുവിലക്ക് കൈക്കലാക്കി തിരിച്ച് സര്‍ക്കാരിനു തന്നെ അധികം വിലക്ക് വില്‍ക്കുന്ന അഴിമതിക്കുകൂടി കളമൊരുക്കി.

സംസ്ഥാനത്തെ നെല്‍കൃഷി എങ്ങോട്ട്?

വിലയിടിവ്, ഉത്പാദന ചെലവിലുണ്ടായ വര്‍ദ്ധന, മണ്ണിന്റെ ഘടനയിലുണ്ടായ വ്യതിയാനം, തൊഴില്‍ മേഖലയിലെ അസംഘടിത, യന്ത്രങ്ങളുടേയും വിത്തുകളുടേയും ലഭ്യതക്കുറവ്, മറ്റ് വാണിജ്യ വിളകളുടെ കടന്നുവരവ്, കാലാവസ്ഥാ വ്യതിയാനം, കൃഷിനാശം, ഭൂമാഫിയകളുടെ കൈയ്യടക്കല്‍, നഗരവത്കരണം തുടങ്ങി നെല്‍കൃഷിയെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധികള്‍ അനുദിനം വളരുകയാണ്. നിലവിലെ വെല്ലുവിളികളെ മറികടക്കാനായാല്‍ മാത്രം നിലനില്‍ക്കുന്ന കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളും എന്ന വാഗ്ദാനത്തോടെയാണ് കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫും തെരഞ്ഞെടുപ്പുകളെ നേരിടാറ്. എന്നാല്‍, സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത്  സ്വകാര്യസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍മാര്‍ വരെ ഉള്‍പ്പെട്ടുകൊണ്ട് നടക്കുന്ന വമ്പന്‍ ക്രമക്കേടുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന വീഴ്ചയെ ചെറുതാക്കി കാണാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളുടെ ഊര്‍ജ്ജം കുറച്ചുകാണുന്നില്ല, അതേസമയം, പരവതാനി വിരിച്ചും പന്തലുകെട്ടിയും യന്ത്രക്കലപ്പ ചലിപ്പിച്ചും തരിശുഭൂമിയില്‍ കൃഷിയിറക്കിയും കൃഷിവികസനത്തിന്റെ പേരില്‍ നടക്കുന്ന പൊതുജനസമ്പര്‍ക്ക പരിപാടികളെ മാത്രം മാധ്യമങ്ങളിലൂടെയു മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും പെരുപ്പിച്ചുകാട്ടിയതൊകൊണ്ടും സംസ്ഥാനത്തെ കാര്‍ഷികമേഖലക്കൊരു ഗുണവും വരാനില്ല. കൂനിന്മേല്‍കുരു എന്നപോലെ, ഫെഡറല്‍ സംവിധാനത്തിന് മുകളില്‍ കാലമര്‍ത്തി യൂണിയന്‍ ഭരണകൂടത്തിന്റെ തുഗ്ലക്കിയന്‍ ഭരണ പരിഷ്കാരങ്ങളും വിത്തുകളുടെ ഉത്പാദന-വിപണനാവകാശം കൈയ്യടക്കിയ ബഹുരാഷ്ട്ര കുത്തക കമ്പനികളും തൊട്ടപ്പുറത്തുണ്ടെന്നുമുള്ള തിരിച്ചറിവും അനിവാര്യമാണ്.

വിത്തുത്പാദനകേന്ദ്രങ്ങള്‍ നേരിടുന്ന മുഖ്യമായ വെല്ലുവിളികള്‍

വിത്തുത്പാദനകേന്ദ്രങ്ങള്‍ നേരിടുന്ന മുഖ്യമായ ചില വെല്ലുവിളികളുണ്ട്. അതിലൊന്നാണ് തൊഴിലാളുടെ ക്ഷാമം, മറ്റൊന്ന് അടിയന്തര നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും. “കേരളത്തിലെ വിത്തുത്പാദന കേന്ദ്രങ്ങളില്‍ നിയമിക്കപ്പെട്ട തൊഴിലാളികള്‍ പലരും വിരമിക്കല്‍ പ്രായത്തിന്റെ വക്കിലാണ്. ഇത് കണക്കിലെടുത്ത് എംപ്ലോയ്മെന്റ് എക്സചേഞ്ചുകള്‍ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നടത്തിയ നിയമനങ്ങളെല്ലാം പലതരത്തിലുള്ള നൂലാമാലകളാല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ – അതായത് പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, തൂത, മുണ്ടൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കു പോലും വിത്ത് ഉത്പാദിച്ച് നല്‍കുന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ അഭാവം ജില്ലയുടെ നെല്ലുത്പാദനത്തെ കാര്യമായി ബാധിക്കാന്‍ സാഹചര്യമൊരുക്കും,” പാലക്കാട് ജില്ലയിലെ കോങ്ങാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിത്തുത്പാദനകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ശങ്കരനാരായണന്‍ ‘മണ്ണിര’ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സീഡ് ഫാമുകളും മറ്റ് വിത്തുത്പാദന സംഘങ്ങളും ഗവേഷകരും കൃഷി ഓഫീസുകളും കര്‍ഷകരുമായി നടത്തിവരുന്ന നിരന്തര സമ്പര്‍ക്കത്തിന്റെ ഗുണഫലങ്ങള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഉത്പാദനത്തിന്റെ അളവെടുക്കുകയും വില നിശ്ചയിക്കുകയും ചെയ്യുക മാത്രമല്ല അവകൊണ്ടുദ്ദേശിക്കുന്നത്. മറിച്ച്, രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തേയും കര്‍ഷക കലാപങ്ങളേയും ഒഴിവാക്കാനും പ്രതിരോധിക്കാനും ഈ പരസ്പരാംഗീകരത്തോടെയുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് കഴിയുന്നു എന്നതാണ് വസ്തുത, നിലവില്‍ ക്ഷതമേറ്റുകൊണ്ടിരിക്കുന്നതും ഈ പരസ്പരം തിരിച്ചറിഞ്ഞുള്ള മുന്നോട്ടുപോക്കിനാണ്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ ശങ്കരനാരായണനുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ.

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.