അരുമപശുക്കളെ വേനലിൽ വാടാതെ കാക്കാം

കഠിനമായ ഒരു  വേനൽ കൂടി എത്തിക്കഴിഞ്ഞു. കേരളത്തിൽ പലയിടങ്ങളിലും അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി വാർത്തകൾ ഉണ്ട്. കഠിനമായ ചൂടും, വരൾച്ചയുമായി ഈ വര്‍ഷം വേനൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അന്തരീക്ഷ താപനിലയിലെ വർധനവ് മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും നിർജലീകരണം, സൂര്യാഘാതം എന്നിങ്ങനെ നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കും. അതോടൊപ്പം പശുക്കളിൽ ഉഷ്ണസമ്മർദം മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകൾ പാലുൽപ്പാദനം, സ്വാഭാവിക പ്രതിരോധ ശേഷി എന്നിവ കുറയുന്നതിനും പ്രതുൽപ്പാദനവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾക്കും കാരണമാവും. മാത്രവുമല്ല രക്തത്തിലെ പ്രോട്ടോസോവൽ അണുബാധ പോലെയുള്ള രോഗങ്ങൾ ബാധിക്കാൻ ഏറെ സാധ്യതയുള്ള കാലം കൂടിയാണ് വേനൽ.

ഉഷ്ണസമ്മര്‍ദ്ദം (Heat Stress) കന്നുകാലികളില്‍

വിയർപ്പിലൂടെയും മറ്റും ശരിയായ ശരീരതാപനില നിലനിർത്താനുള്ള പശുക്കളുടെ ശേഷിയെ ഉയർന്ന അന്തരീക്ഷ താപനിലയും, കൂടിയ അന്തരീക്ഷ ആർദ്രതയും തകരാറിലാക്കുന്നു. ശരീരത്തിൽ നിന്നുള്ള താപം പുറംതള്ളാൻ പ്രയാസം നേരിടുന്നതിനൊപ്പം പാൽ ഉത്പാദനം,  ദഹനപ്രക്രിയ വഴിയുണ്ടാവുന്ന താപം എന്നിവ കൂടിയാവുന്നതോടെ ശരീരതാപനില താങ്ങാനാവാതെ പശുക്കൾ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

ഇത്തവണ അന്തരീക്ഷതാപനില ശരാശരിയിൽ നിന്ന് 4 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ സാധാരണ  ശരാശരി താപനില 27 മുതൽ 29 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അന്തരീക്ഷതാപനില 26 – 28 ഡിഗ്രി സെൽഷ്യസിൽ കൂടുന്നത് സങ്കരയിനം പശുക്കളിലും, 33 ഡിഗ്രിക്ക് മുകളിലായാൽ നാടൻ പശുക്കളിലും, 38 ഡിഗ്രി സെൽഷ്യസില്‍ ഉയർന്നാൽ എരുമകളിലും ഉഷ്ണസമ്മർദ്ദത്തിന് കാരണമാവും.

ഫോട്ടോസ്: മിഥുന്‍ തൃശ്ശൂര്‍

ഉമിനീര് വായിൽ പുറത്തേക്ക് ഒഴുകൽ, മൂക്കിൽ നിന്ന് നീരൊലിപ്പ്, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, കിതപ്പ്,വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, വിറയൽ, തറയിൽ കിടക്കാനുള്ള വിമുഖത, തീറ്റയോടുള്ള മടുപ്പ്, പാൽ ഉത്പാദനം 30 ശതമാനം വരെ പെട്ടെന്ന് കുറയൽ, മദി ലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, ചെന പിടിക്കാനുള്ള ബുദ്ധിമുട്ട്  എന്നിവയെല്ലാം ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷങ്ങളാണ്.

Loading…


നിര്‍ജ്ജലീകരണം തടയാനും പാൽ ഉല്പാദനനഷ്ടം ഒഴിവാക്കാനും പശുക്കൾക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാകണം. സാധാരണനിലയിൽ 55 – 60 ലിറ്റർ വെള്ളമാണ് പശുക്കൾക്ക്  ദിനേനെ ആവശ്യമുള്ളത്, എന്നാൽ വേനലിൽ ഇത് ഇരട്ടിയാവും. തൊഴുത്തിലെ മേൽക്കൂരയ്ക്ക് മുകളിൽ ചണചാക്കോ, തെങ്ങോലമടഞ്ഞോ  വിരിക്കുന്നതും, മേൽക്കൂര കോൺക്രീറ്റാണെങ്കില്‍ മുകളിൽ ഓടുപാകുന്നതും, തൊഴുത്തിന്റെ വശങ്ങളിൽ ചണചാക്ക് നനച്ച് തൂക്കിയിടുന്നതും, മടഞ്ഞ ഓലകൊണ്ട് തൊഴുത്തിന്റെ വശങ്ങൾ മറക്കുന്നതും തൊഴുത്തിലെ ചൂട് കുറയ്ക്കും.

മേൽക്കൂര വെള്ളപൂശുന്നതും വൈക്കോൽവിരിക്കുന്നതും നല്ലതാണ്. തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വായുസഞ്ചാരം സുഗമമാക്കാൻ ഫാനുകളും ഘടിപ്പിക്കാം. ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്താൻ ഒരു പശുവിന് മൂന്നടി  നീളവും ഒരടി വീതിയും എന്ന അളവിൽ വെന്റിലേഷൻ സൗകര്യം ഏർപെടുത്തണമെന്നാണ് കണക്ക്.

അരമണിക്കൂർ  ഇടവേളകളിൽ അഞ്ചുമിനിറ്റ് വരെ തുടർച്ചയായി സ്പ്രിങ്ക്ലർ ഉപയോഗിച്ച പശുക്കളെ നനക്കുന്നത് ഫലപ്രദമാണ്. മിസ്റ്ററുകളും ഇതിനായി ഉപയോഗിക്കാം.

പശുക്കള്‍ക്ക് സൂര്യതാപം ഏല്‍ക്കുമോ?

തുറന്ന പുൽമേടുകളിൽ മേയാൻ വിട്ടാൽ കഠിനമായ ചൂടിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യതയേറെയാണ്. നിരവധി കന്നുകാലികൾ മുൻവർഷം സംസ്ഥാനത്ത് സൂര്യാതപം ഏറ്റ് മരണപ്പെട്ടിട്ടുണ്ടെന്ന് മൃഗസംരക്ഷവകുപ്പിന്റെ കണക്കുകൾ പറയുന്നു. മേയാൻ വിട്ട് വളർത്തുന്ന പശുക്കൾ ആണെങ്കിൽ അത് അതിരാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കാം രാവിലെ 11 നും 3 നും ഇടയിലുള്ള സമയങ്ങളിൽ പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടുന്നത് തീർച്ചയായും ഒഴിവാക്കണം. ഈ സമയങ്ങളിൽ തണലിടങ്ങളിൽ അവയെ പാർപ്പിക്കണം.

കിതപ്പ്, തളർന്നു വീഴൽ, അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങൾ, വായിൽ നിന്ന് നുരയും പാതയും വരൽ, പൊള്ളേലേറ്റ പാട്  തുടങ്ങി സൂര്യതപത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം, ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്തവെള്ളത്തിൽ കുളിപ്പിക്കുകയും, കുടിവെള്ളം നൽകുകയും വേണം.

വേനലിലെ തീറ്റക്രമീകരണവും പാലുത്പാദനവും

ഉഷ്‌ണകാലത് പൊതുവെ തീറ്റയെടുക്കൽ കുറയുന്നതിനാൽ കുറഞ്ഞ അളവിൽ കൂടുതൽ ഊർജം അടങ്ങിയ തീറ്റയാണ് നൽകേണ്ടത്. നാരിന്റെ അളവ് കുറഞ്ഞ എളുപ്പം ദഹിക്കുന്ന ഖരാഹാരങ്ങൾ വേണം തീറ്റയിൽ ഉൾപെടുത്തേണ്ടത്. പച്ചപ്പുല്ല് ലഭ്യമാണെങ്കിൽ കൂടുതൽ പുല്ല് തീറ്റയിൽ ഉൾപ്പെടുത്തി സാന്ദ്രീതാഹാരത്തിന്റെ അളവ് കുറക്കണം.

കൂടുതൽ ഊർജ്ജലഭ്യതയും പോഷണവും ഉറപ്പുവരുത്തുന്നതിനായി പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീൻ പിണ്ണാക്ക് തുടങ്ങി കൂടുതൽ കൊഴുപ്പും, മാംസ്യവും അടങ്ങിയ വസ്തുക്കൾ തീറ്റയിൽ ഉൾപ്പെടുത്തണം. ബൈപ്പാസ് പ്രോട്ടീൻ, വിപണിയിൽ ലഭ്യമായ  മറ്റ് എനർജി സപ്ലിമെന്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ എ, സി അടക്കമുള്ള പോഷകങ്ങൾ അടങ്ങിയ വിറ്റാമിൻധാതുമിശ്രിതങ്ങൾ എന്നിവയും തീറ്റയിൽ കൂടുതലായി ഉൾപ്പെടുത്തണം.

തീറ്റക്രമത്തിൽ പെട്ടെന്ന് മാറ്റം വരുത്തുന്നത് ഒഴിവാക്കണം. ഉയർന്ന ദഹനശേഷിയുള്ള തീറ്റനല്‍കുന്നതും പച്ചപ്പുല്ലിന്റെ അളവ് കുറയുന്നതും മൂലം ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ  കാര്‍ബനേറ്റ്, അപ്പക്കാരം, മഗ്നീഷ്യം ഓക്‌സൈഡ് എന്നിവയുടെ മിശ്രിതം 3:1 എന്ന അനുപാതത്തിൽ ഒരു കിലോ ഗ്രാം കാലിത്തീറ്റക്ക് 15 ഗ്രാം വരെ തീറ്റയിൽ ചേർത്ത് നൽകാം.  ഇത് പരമാവധി 50 മുതൽ 60 ഗ്രാം വരെയാവാം.

പശുക്കൾക്ക് തീറ്റനൽകുന്നത് പകൽ ചൂടുകുറവുള്ള സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം ഇത് പശുക്കൾ കൂടുതൽ തീറ്റയെടുക്കുന്നതിനും ദഹനപ്രക്രിയ വഴിയുണ്ടാവുന്ന താപം എളുപ്പത്തിൽ പുറംതള്ളാനും സഹായിക്കും. ഒരു സമയം മൊത്തം തീറ്റ നൽകുന്നതിന് പകരം  പലതവണകളായി വിഭജിച്ച് നൽകുന്നത് നല്ലതാണ് ഒരു ലിറ്റർ പാലിനായി ഒന്നര ലിറ്റർ ജലം വേണമെന്നാണ് കണക്ക് പാലുൽപ്പാദനത്തിനാവശ്യമായ ആവശ്യമായ ജലം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.

വേനലും പ്രത്യുത്പാദനവും

ഉയർന്ന താപനില കാരണം ഹോർമോൺ പ്രവർത്തനങ്ങൾ തകരാറിലാവുന്നത് കാരണം പശുക്കളുടെ പ്രത്യുത്പാദന പ്രവർത്തനങ്ങൾ താളം തെറ്റും. മദി കാണിക്കാതിരിക്കുന്നതിനൊപ്പം ചെന പിടിക്കാതിരിക്കുകയും ചെയ്യാം. പശു മദി ചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദ്ദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങൾ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഫോട്ടോസ്: മിഥുന്‍ തൃശ്ശൂര്‍

ശരീര സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചും ഉയർന്ന പോഷകസാന്ദ്രതായുള്ള സമീകൃതാഹാരങ്ങൾ ഉറപ്പുവരുത്തിയും, വിര മരുന്നുകൾ  അടക്കമുള്ളവ കൃത്യമായി നൽകിയും ഫാമിലെ പശുക്കളുടെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട റിക്കാർഡുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ  സാഹചര്യങ്ങൾ ഒഴിവാക്കാം. കൃത്രിമ ബീജസങ്കലനം തണലുള്ള ഇടങ്ങളിൽ വെച്ച് നടത്തുകയും ശേഷം അവയെ തണലത്ത് തന്നെ നിർത്തുകയും വേണം.

Loading…

വേനല്‍ക്കാലത്തെ കാലി രോഗങ്ങള്‍: കരുതലും പ്രതിരോധവും

പട്ടുണ്ണികൾ, വട്ടൻ തുടങ്ങിയ രോഗാണുവാഹകരായ കീടങ്ങൾ പെറ്റുപെരുക്കന്നതിന് അനിയോജ്യമായ കാലാവസ്ഥ കൂടിയാണ് വേനൽ. അനുകൂലകാലാവസ്ഥയിൽ സക്രിയമാവുന്ന  ഈ ബാഹ്യപരാദങ്ങൾ പശുക്കളിൽ വിവിധ രോഗങ്ങൾ പടർത്തുന്നു. തൈലേറിയോസിസ്, ബബീസിയോസിസ് അനാപ്ലാസ്മോസിസ് തുടങ്ങിയ പരാദകീടങ്ങൾ പരത്തുന്ന  പ്രോട്ടോസോവൽ രക്താണുബാധ എന്നീ രോഗങ്ങൾ കേരളത്തിൽ വേനൽക്കാലത്ത് സാധാരണയാണ്. കന്നുകാലികളിലെ രക്തകോശങ്ങളെ ആക്രമിക്കുന്ന രോഗാണുക്കള്‍ കോശങ്ങളുടെ നാശത്തിനുതന്നെ കാരണമാവുന്നു. വിളർച്ച, ശക്തമായ പനി മൂത്രത്തിന്റെ നിറം രക്തവർണ്ണമാവൽ, മഞ്ഞപ്പിത്തം, വയറിളക്കം ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ ലക്ഷണങ്ങൾ കാണാം, കന്നികിടക്കാൾ മുതൽ വലിയ പശുക്കളെ വരെ രോഗം ബാധിക്കാം ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടണം രക്തം പരിശോധിച്ച് രോഗം കൃത്യമായി കണ്ടെത്താനുള്ള സൗകര്യങ്ങൾ മൃഗാശുപത്രികളിൽ ലഭ്യമാണ്.

ബാഹ്യപരാദങ്ങൾ ഉണ്ടെങ്കിൽ  ആഴ്ചയിൽ രണ്ടുതവണയെങ്കിലും പരാദ നിയന്ത്രണ ലേപനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം കീടങ്ങളെ അകറ്റുന്നതിനുള്ള മറ്റു പരമ്പരാഗത മാർഗങ്ങളും പ്രയോഗിക്കാം. വെള്ളത്തിൽ കലക്കി പശുക്കളെ കുളിപ്പിക്കാവുന്നതും മുതുകിൽ ചോക്ക് പോലെ വരക്കാവുന്നതുമായ കീടനിയന്ത്രണ ലേപനങ്ങൾ വിപണിയിൽ ലഭ്യമാണ്.

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]