കുളമ്പുരോഗം: ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും
ക്ഷീര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുളമ്പ് രോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്. ഇക്കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളില്‍ കുളമ്പ് രോഗം കണ്ടെത്തിയതായ വാര്‍ത്ത ക്ഷീര ഭാഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. എങ്കിലും രോഗം സംശയിക്കുന്ന മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ കുളമ്പ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം വൈറസിന്റെ വിവിധ ജനിതക ഉപവിഭാഗങ്ങള്‍ അഥവാ സിറോ ടൈപ്പുകളാണ് കുളമ്പ് രോഗത്തിന് കാരണമാവുന്നത്. പശുക്കളെ കൂടാതെ എരുമ, പന്നി, ആട് തുടങ്ങിയ ഇരട്ടകുളമ്പുള്ള വളര്‍ത്തുമൃഗങ്ങളെയെല്ലാം രോഗം ബാധിക്കും. മാന്‍, കാട്ടു പന്നി തുടങ്ങിയ വന്യമൃഗങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. എന്തിനേറെ ആനകളില്‍ വരെ രോഗം പടര്‍ത്താന്‍ കുളമ്പുരോഗ വൈറസിന് ശേഷിയുണ്ട്. 2003 ല്‍ സംസ്ഥാനത്ത് വ്യാപകമായി പടര്‍ന്ന് പിടിച്ച കുളമ്പ് രോഗത്തെ തുടര്‍ന്ന് 33,000 പശുക്കള്‍ക്ക് രോഗബാധയേല്‍ക്കുകയും, 2000 ഓളം പശുക്കള്‍ മരണപ്പെടുകയും ചെയ്തിരുന്നു. അന്ന് പശുക്കളില്‍ നിന്ന് വൈറസ് നാട്ടാനകളിലേക്ക് പകര്‍ന്നതിനെ തുടര്‍ന്ന്, ആനകളും രോഗബാധിതരായി തീര്‍ന്നു.
Also Read: പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍ – ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്
തുടര്‍ന്ന് 2004 മുതല്‍ കുളമ്പ് രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ രോഗരക്ഷാ പദ്ധതിക്ക് കീഴില്‍ കൃത്യമായ ഇടവേളകളില്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗത്തെ പൂര്‍ണ്ണമായി തടയാന്‍ നമുക്ക് സാധിച്ചില്ല. പ്രതിരോധ കുത്തിവെപ്പ്, ചികിത്സാ രേഖകളോ, ആരോഗ്യ സാക്ഷ്യപത്രമോ ഇല്ലതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും രോഗവാഹകരും, ബാധിതരുമായ കന്നുകാലികളുടെ കടത്ത്, പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ ചില കര്‍ഷകരെങ്കിലും പുലര്‍ത്തുന്ന വിമുഖത, വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുളമ്പ് രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്നത്. ജനിതകമായി ആര്‍. എന്‍. എ. വിഭാഗത്തില്‍പെട്ട വൈറസ് ആയതിനാല്‍ നിരന്തരവും, വേഗതയിലുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരം മാറ്റങ്ങള്‍ പ്രതിരോധ വാക്‌സിനുകളെ പോലും അതിജീവിക്കാനുള്ള ശേഷി വൈറസില്‍ വളര്‍ത്തും. മാത്രവുമല്ല പ്രതികൂല കാലാവസ്ഥയോടും, സാധാരണ ഉപയോഗിക്കുന്ന അണുനാശിനികളോടും വൈറസിന് ശക്തമായ പ്രതിരോധ ശേഷിയും ഉണ്ട്.
കുളമ്പ് രോഗം പകരുന്ന വഴികളും, ലക്ഷണങ്ങളും
രോഗം ബാധിച്ചതോ, രോഗം ഭേദമായതിന് ശേഷം രോഗാണു വാഹകരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാലികളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയും, എന്തിനേറെ രോഗം ബാധിച്ചവയുടെ നിശ്വാസവായുവിലൂടെ പോലും രോഗാണുവായ വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. അവയുടെ പാലും, തോലും, ഇറച്ചിയുമെല്ലാം രോഗാണുവിന്റെ സ്രോതസ്സുകളാണ്. ഈ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലവും, അവയുടെ വിസര്‍ജ്യങ്ങളും മറ്റും തീറ്റ സാധനങ്ങള്‍, കുടിവെള്ളം എന്നിവയില്‍ കലരുന്നതിലൂടെയും, തീറ്റപാത്രങ്ങള്‍, പാല്‍പാത്രങ്ങള്‍, എന്നിവയിലൂടെയെല്ലാം നേരിട്ടല്ലാതെയും രോഗം പകരാം. ഫാമുകളില്‍ വന്നു പോവുന്ന വാഹനങ്ങള്‍, തൊഴിലാളികള്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷ, മറ്റു വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയ വഴികളിലൂടെയെല്ലാം വൈറസ് വ്യാപിക്കും.
Also Read: ബ്രൂസെല്ലോസിസ് രോഗത്തെ അറിയാം, പ്രതിരോധിക്കാം
രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വരെ വായുവിലൂടെ പടരാന്‍ വൈറസിന് ശേഷിയുണ്ട്. പശുക്കളില്‍നിന്ന് ആടുകളിലേക്കും, പന്നികളിലേക്കും തിരിച്ചും രോഗം പകരാം. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസിന് ധാരാളമായി പെരുകാനുള്ള കഴിവുണ്ട്. ഈ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് ഈ കാരണത്താല്‍ പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസ വായുവിലൂടെ ധാരാളമായി രോഗാണുക്കള്‍ പുറന്തള്ളപ്പെടും. തത്ഫലമായി പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രോഗം ബാധിച്ചാല്‍ പ്രദേശത്തെ രോഗനിയന്ത്രണം പ്രയാസകരമായി തീരാറുണ്ട്. കുളമ്പ് രോഗം കണ്ടെത്തിയാല്‍ സമീപ പ്രദേശങ്ങളില്‍ പന്നിഫാമുകള്‍ ഉള്ള പക്ഷം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വൈറസ് ബാധയേറ്റ് 2 മുതല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ശക്തമായ പനിയും ((104-106 എ), വിറയലും, നടക്കാന്‍ പോലും പശു പ്രയാസപ്പെടുന്ന തരത്തിലുള്ള ശരീരവേദനയും, വിശപ്പില്ലായ്മയും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. കറവ പശുക്കളില്‍ പാലുല്‍പ്പാദനം ഗണ്യമായി കുറയും. തുടര്‍ന്ന് 2-3 ദിവസത്തിനകം വായിലും, നാവിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ പ്രത്യക്ഷപ്പെടും. വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങുന്നതും, വായ ‘ചപ്, ചപ്’ ശബ്ദത്തോടെ നിന്തരമായി ചേര്‍ത്തടക്കുന്നതും, ശ്വാസമെടുക്കാനുള്ള പ്രയാസവും ശ്രദ്ധയില്‍പ്പെടും. മൂക്കിന്റെ ശ്ലേഷ്മസ്തരങ്ങളിലും, അകിടിലും, കുളമ്പുകള്‍ക്കിടയിലും, മുകളിലുമെല്ലാം ചുവന്ന തിണപ്പുകള്‍ രൂപപ്പെടും.
Also Read: A1 മിൽക്കും A2 മിൽക്കും പിന്നെ അൽപ്പം പാൽ മാഹാത്മ്യവും; ഹർഷ വി എസ് എഴുതുന്നു
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വായിലും കുളമ്പിലുമെല്ലാം ഇങ്ങനെ വ്രണങ്ങള്‍ രൂപപ്പെടും. പ്രായപൂര്‍ത്തിയായ പശുക്കളില്‍ കുളമ്പ് രോഗം ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. എങ്കിലും പാലുല്‍പാദനക്ഷമത ഗണ്യമായി കുറയാനും, അകിട് വീക്കമടക്കമുള്ള തുടര്‍രോഗങ്ങള്‍ വരാനും രോഗം കാരണമാവും. കുളമ്പുകള്‍ ഇളകി മാറാനും, ഗര്‍ഭം അലസുന്നതിനും, പിന്നീട് പിന്നീട് ഗര്‍ഭധാരണശേഷി കുറയുന്നതിനും, ശരീരത്തിന്റെ താപനിയന്ത്രണശേഷി നഷ്ടപ്പെടാനും രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുരലടപ്പന്‍, ന്യൂമോണിയ തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ രോഗകാലയളവില്‍ പിടിപെടാതെ ശ്രദ്ധിക്കണം. രോഗാണു ഹൃദയഭിത്തിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ആറു മാസത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഏറെ ഉയര്‍ന്നതാണ്.
കുളമ്പ് രോഗം കണ്ടാല്‍ എന്ത് ചെയ്യണം
- മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെടുകയോ രോഗബാധ സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം
- രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവ്, അവിടെ നിന്ന് പശുക്കളെ വാങ്ങല്‍ എന്നിവയെല്ലാം ഒഴിവാക്കണം. രോഗബാധയുള്ള ഇടങ്ങളില്‍ നിന്നുള്ള പുല്ലും, വൈക്കോലുമെല്ലാം ഒഴിവാക്കണം. കാരണം തണുപ്പും നനവാര്‍ന്നതുമായ സാഹചര്യങ്ങളില്‍ രോഗാണുമലിനമായ തീറ്റ സാധനങ്ങളില്‍ ഒരുമാസത്തോളം നശിക്കാതെ നിലനില്‍ക്കാന്‍ വൈറസിന് സാധിക്കും
- രോഗബാധയേറ്റ പശുക്കളുമായി സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിചരണം നല്‍കണം. അവയെ മേയ്ക്കാനായി വിടുകയുമരുത്. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കിടാവ് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗകാലയളവില്‍ ഫാമുകളില്‍ സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കണം
- കന്നുകാലി പ്രദര്‍ശനം, കാലി ചന്തകള്‍, ക്ഷീര മേളകള്‍ എന്നിവയെല്ലാം രോഗകാലയളവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം
Also Read: കറവപ്പശുക്കളുടെ മഴക്കാല പരിചരണം – ക്ഷീരകര്‍ഷകരറിയാന്‍
കുളമ്പുരോഗത്തിന് ചികിത്സയുണ്ടോ? പരിചരണക്രമം എങ്ങനെ?
കുളമ്പ് രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. കുളമ്പ് രോഗം പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും, പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍ അടങ്ങിയ പാര്‍ശ്വാണുബാധകള്‍ മരണത്തിന് കാരണമായേക്കാം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, പാര്‍ശ്വാണുബാധകള്‍ തടയാനും, ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം. ശാസ്ത്രീയ പരിചരണവും വിദഗ്ദ ചികിത്സയും ഉറപ്പ് വരുത്തിയാല്‍ രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാവും.
- പശുവിന്റെ വായ് അകവും പുറവുമെല്ലാം ദിവസവും പല തവണയായി പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് 0.1 % ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 2-5 % പൊവിഡോണ്‍ അയഡിന്‍ ലായനിയും ഇതിനായി ഉപയോഗിക്കാം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ തേനിലോ ഗ്ലിസറിനിലോ (ബൊറാക്‌സ് ഓയിന്‍മെന്റ്) ചാലിച്ച് പുരട്ടണം
- കാര്‍ബോളിക് ആസിഡും ലൂഗോള്‍സ് അയഡിന്‍ ലായനിയും ചേര്‍ന്ന മിശ്രിതം രോഗാരംഭത്തില്‍ പശുക്കളില്‍ കുത്തിവെക്കുന്നത് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്. ഇത് കൃത്യമായ അനുപാതത്തില്‍ തയ്യാറാക്കി പശുക്കളുടെ പേശിയില്‍ ആവശ്യമായ അളവില്‍ കുത്തിവെക്കാന്‍ ഡോക്ടറുടെ സഹായം തേടാം
- കൈകാലുകള്‍ 5 % തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ്) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളില്‍ അയഡിന്‍ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പ്രയോഗിക്കണം. വ്രണങ്ങളില്‍ ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. നിരന്തരമായി പശു കൈകാലുകള്‍ കുടയുന്നത് പുഴുബാധയുടെ ലക്ഷണമാണ്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഗാമാ ബെന്‍സിന്‍ ഹെക്‌സാക്ലോറൈഡ് (ബി.എച്ച്.സി) പോലുള്ള ഘടകങ്ങള്‍ അടങ്ങിയ ഓയിന്‍മെന്റുകളോ, ഐവര്‍മെക്ടിന്‍ കുത്തിവെപ്പോ നല്‍കാം. ആത്തചക്കയുടെ ഇലയരച്ച് മുറിവുകളില്‍ പുരട്ടുന്നത് മുറിവുണക്കുന്നതിന് ഫലപ്രദമാണ്
- കുളമ്പുകളിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനായി നേര്‍പ്പിച്ചു അക്രി ഫ്‌ലാവിന്‍ ലായനിയും ഉപയോഗപ്പെടുത്താം
- തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റ തൊട്ടിയും, മറ്റുപകരണങ്ങളും 4% അലക്കുകാര ലായനി (സോഡിയം കാര്‍ബണേറ്റ്) ലായനിയോ, 2% ഫോര്‍മാലിന്‍ ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിചരിച്ച കര്‍ഷകരുടെ കൈകാലുകളും, വസ്ത്രങ്ങളും, പാദരക്ഷയുമെല്ലാം ഇതേ പ്രകാരം ശുചിയാക്കണം
- തറകള്‍ കഴുകി വൃത്തിയാക്കിയ ശേഷം ലൈം പൗഡര്‍ തറയില്‍ വിതറുകയും ചെയ്യാം
കുളമ്പുരോഗത്തെ പ്രതിരോധിക്കാന്‍
കുളമ്പുരോഗം തടയാനുള്ള ഫലപ്രദമായ മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് തന്നെയാണ്. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാക്കാം. ഒരു മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കാം. ആറുമാസത്തെ കൃത്യമായ ഇടവേളകളില്‍ കുളമ്പുരോഗത്തിനെതിരെ മൃഗ സംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ്, തങ്ങളുടെ പശുക്കള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. പൂര്‍ണ്ണ ആരോഗ്യമുള്ള പശുക്കള്‍ക്കു മാത്രമേ കുത്തിവെപ്പ് നല്‍കാന്‍ പാടുള്ളൂ. കുത്തിവെപ്പിനു മുമ്പായി വിരമരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം.
പാല്‍ കുറയാന്‍ ഇടയുണ്ട് എന്ന് കരുതി ചില കര്‍ഷകര്‍ കുത്തിവെപ്പിന് വിമുഖത കാണിക്കാറുണ്ട്. ചിലപ്പോള്‍ കുത്തിവെപ്പിന്റെ അടുത്ത രണ്ട് ദിവസം പാല്‍ അല്‍പ്പം കുറയുമെങ്കിലും പിന്നീട് പഴയ ഉത്പാദനക്ഷമത വീണ്ടെടുക്കും. കുളമ്പ് രോഗത്തിന്റെ തീവ്രതയും രോഗം തടയുന്നതില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള പ്രാധാന്യവും കര്‍ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏഴുമാസമോ അതിനു മുകളിലോ ചെനയുള്ള പശുക്കളെ സാധാരണഗതിയില്‍ കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എങ്കിലും പ്രസവശേഷം ഒരു മാസം കഴിഞ്ഞ് അവയ്ക്കും പ്രതിരോധകുത്തിവെപ്പ് മറക്കാതെ നല്‍കണം.
രോഗബാധയില്‍ നിന്ന് രക്ഷപ്പെടുന്ന പശുക്കളില്‍ 15-50 % വരെ ആറുമാസത്തോളം രോഗവാഹകരായിരിക്കാനും വൈറസിനെ പുറന്തള്ളാനുമിടയുണ്ട്. ആറുമാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ, പ്രതിരോധ കുത്തിവെപ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രം പശുക്കളെ വാങ്ങാന്‍ ശ്രദ്ധിക്കണം.
Also Read: വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും