[അഭിമുഖം] മണ്ണിനെ അറിഞ്ഞ് വിത്തെറിഞ്ഞ്, വിപണിയെ അറിഞ്ഞ് വില്‍പന നടത്തുന്ന വയനാടന്‍ കര്‍ഷകന്‍
“വിഷമില്ലാത്ത പച്ചക്കറി മാളുകളിലേക്കല്ല സാധാരണ മനുഷ്യരിലേക്ക്…” എന്ന് പറഞ്ഞുകൊണ്ട് മണ്ണിനെ അറിഞ്ഞു കൃഷി ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യന്‍. അയൂബ് തോട്ടോളി, വയനാട് ജില്ലയിലെ തരുവണ ആറുവാള്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇതിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അയൂബ് കൃഷി എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. അത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ അദ്ദേഹത്തിന് കൈമുതലായി ഉണ്ടായിരുന്നത് പൂര്‍വികമായി കൈമാറി ലഭിച്ച കുറച്ചു ഭൂമി മാത്രമാണ്. തീരുമാനം ആത്മഹത്യാപരമാകുമോ എന്ന ആശങ്ക പലഘട്ടങ്ങളിലും അനുഭവിച്ചതായി അയൂബ് ഞങ്ങളോട് പറഞ്ഞു. തുടക്കത്തില്‍ ധാരാളം വിഷമതകള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും ഈ അനുഭവങ്ങളില്‍ നിന്ന് നേടിയ പരിചയസമ്പത്തും കൃഷിയേയും മണ്ണിനെയും കൃഷി രീതികളെക്കുറിച്ചും നടത്തിയ അഗാധമായ വായനയും പഠനവും ഈ സംരഭം പ്രയാസമന്യേ നടപ്പിലാക്കാന്‍ സഹായകമായി. നൂതന മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ചു സ്വന്തമായി നടത്തുന്ന പരീക്ഷണങ്ങളിലൂടെയുമാണ് അയൂബ് തന്റെ കാര്‍ഷിക വിജയം നേടിയെടുത്തത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിലേക്ക് ഗവര്‍ണ്ണറുടെ മുഖ്യക്ഷണം സ്വീകരിച്ചതുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം തന്നെ ഈ ജൈവകര്‍ഷകനെ തേടിയെത്തി.
ഒരു സ്ഥിരവരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ കൃഷിയുടെ സാധ്യത എന്താണ് ?
എല്ലാദിവസവും ഏതെങ്കിലും ഒരു പച്ചക്കറി എനിക്ക് വില്‍ക്കാനുണ്ടാകും. വിപണിയെ അറിഞ്ഞു കൃഷി ചെയ്യുക എന്ന ഒരു രീതിയാണ് ഞാന്‍ പിന്തുടരുന്നത്. ഓരോ സീസണിലും വിപണിക്ക് ആവശ്യമായ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുവാനും അതിലൂടെ കൃത്യമായ ഒരു വരുമാനം കണ്ടെത്താനും എനിക്ക് കഴിയുന്നുണ്ട്. തിരഞ്ഞെടുക്കുന്ന വിത്തില്‍ പോലും നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഓഗസ്റ്റില്‍ തെരഞ്ഞെടുക്കേണ്ട വിത്തല്ല ഡിസംബറിലെ പച്ചക്കറി കൃഷിക്ക് എടുക്കേണ്ടത്. ഓഗസ്റ്റില്‍ വിപണിയില്‍ പച്ചക്കറി കുറവായിരിക്കും ആ സാഹചര്യത്തില്‍ വലിയ മത്തന്‍ (അമ്പിളി മത്തന്‍), വെള്ളരി, ചേന എന്നിവ ഉണ്ടാക്കിയാല്‍ പോലും വിറ്റുപോകും എന്നാല്‍ അത് ഡിസംബെരില്‍ വിറ്റുപോകാന്‍ പ്രയാസമാണ്. ഇത്തരത്തില്‍ ഒരു വിത്ത് ഞാന്‍ വിതക്കാനായി എടുക്കുമ്പോഴും ഏതു വിളവെടുപ്പിനു സമയമാകുമ്പോള്‍ എന്താണ് വിപണിയുടെ അവസ്ഥ എന്ന് മനസിലാക്കും ഇത്തരത്തില്‍ ഒരു കൃഷിയുടെ കലണ്ടര്‍ പ്രകാരം കൃഷിചെയ്യാണ് ഞാന്‍ ശ്രമിക്കുക. അതിനാല്‍ കൃഷിയില്‍നിന്ന് ഒരു സ്ഥിരമായ വരുമാനം കണ്ടെത്താന്‍എനിക്ക് കഴിയുന്നു.
കാലാവസ്ഥ ജല ലഭ്യതക്കുറവ് എന്നിവയെ എങ്ങനെ മറികടക്കാന്‍ കഴിയും ?
ഒരു വര്‍ഷത്തില്‍ പലതവണയായി ലഭിക്കേണ്ട മഴ 60 ദിവസം കൊണ്ട് പെയ്യ്തു തീരുന്ന തരത്തിലുള്ള അസന്തുലിതമായ ഒരു കാലാവസ്ഥയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്. ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ നമുക്ക് വരള്‍ച്ചയും വെള്ളപ്പൊക്കവും അനുഭവിക്കേണ്ടിവരുന്നു. ഈ അമിതമായി ലഭിക്കുന്ന മഴയുടെ ഒരു ദുരന്തമെന്നു പറയുന്നത്, തൊണ്ണൂറ് വര്‍ഷമെടുത്തു മേല്‍മണ്ണില്‍ രൂപപ്പെടുന്ന വളക്കൂറുള്ള മണ്ണ് ഈ മഴയില്‍ കുത്തിയൊഴുകി കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നു എന്നതാണ്. ഈ പ്രദേശങ്ങളില്‍ പാടശേഖരങ്ങളില്‍ ആഫ്രിക്കന്‍ പായല്‍ നിറയ്ക്കാന്‍ പാകത്തില്‍ അടിഞ്ഞു കൂടുന്ന ഒരു സാഹചര്യമാണ് ഉള്ളത്. പലപ്പോഴും നേരിട്ടല്ലാത്ത ഒരു ഫലമാണ് ഈ കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകുന്നത്. മരങ്ങളും പ്രകൃതിയും സംരക്ഷിക്കാം മടികാണിക്കുന്ന മലയാളിയുടെ ഒരു പ്രവണതയും വിദൂരത്തിലല്ലാത്ത ഒരു ഫലം നമ്മുടെ കാലാവസ്ഥയിലും പ്രകൃതിയിലും ഉണ്ടാക്കും.
ഞാന്‍ വിളകള്‍ക്ക് പ്രധാനമായും തുള്ളിനന (Drip Irrigation) യാണ് നടത്തുന്നത്. അഞ്ചു മിനുട്ടില്‍ 600 മില്ലി ജലം എന്ന കണക്കില്‍ ഓരോ ചെടിയിലേക്കും വെള്ളം എത്തിക്കാന്‍ ഇതിനാല്‍ കഴിയും. ജലത്തിന്റെ ദുര്‍വ്യയം കുറക്കാന്‍ സാധിക്കുമെന്നത് എന്റെ അനുഭവമാണ്. കൃഷിയിടത്തില്‍ പലയിടത്തായി മൂന്നു മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട് ഇതിനാല്‍ വര്‍ഷം മുഴുവന്‍ കൃഷിക്ക് ആവശ്യമായ ജലം എനിക്ക് ലഭിക്കാറുണ്ട്.
ഏതൊക്കെ തരം വിളകള്‍ തങ്ങള്‍ കൃഷിയിടത്തില്‍ പരീക്ഷിച്ചിട്ടുണ്ട് ? അവയെല്ലാം വയനാടന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായവയാണോ?
എല്ലാ കാലാവസ്ഥയിലും ഉതകുന്ന തരത്തിലുള്ള വിളകള്‍ ഞാന്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ട്. കക്കിരി, പയര്‍, പാവല്‍, മത്തന്‍, വെള്ളരി, പടവലം, ചീര, ക്യാബേജ്, മുളക്, ലെറ്റൂസ് (Lettuce), തുടങ്ങി ഭക്ഷണാവശ്യത്തിനു ഉപയോഗിക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും ഞാന്‍ കൃഷിയിടത്തില്‍ വിളയിക്കുന്നുണ്ട്. പച്ചക്കറികള്‍ക്ക് പുറമേ ഫലവൃക്ഷങ്ങളും കുരുമുളക് പോലെയുള്ള നാണ്യവിളകളും “സഫ” എന്ന് പേരിട്ടു വിളിക്കുന്ന 6 ഏക്കര്‍ തോട്ടത്തില്‍ ഞാന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഫലവൃക്ഷങ്ങളില്‍ സീതപ്പഴം, പേര(പഞ്ചാബ് സഫേദ്, തായ്‌വാന്‍ ദ്വാര്‍ഫ്, ലളിത് തുടങ്ങിയ വിവിധ ഇനങ്ങള്‍), റംബുട്ടാന്‍, പ്ലം, വാഴ, മാവ്, മാതളം എന്നിവയും കൃഷിയിടത്തില്‍ പലയിടത്തായി നട്ട് വളര്‍ത്തുന്നുണ്ട്. ഇതില്‍ പലതും വിദേശ ഇനങ്ങളാണ്. ഇപ്പോള്‍ ഒരേക്കറില്‍ 666 മാവില്‍ തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 തരത്തിലുള്ള 350 മുളകളും തോട്ടത്തില്‍ പുതിയതായി പിടിപ്പിച്ചിട്ടുണ്ട്.
ജൈവ കൃഷി രീതി പിന്തുടരുന്ന സാഹചര്യത്തില്‍എങ്ങനെയാണു വിളകക്കാവശ്യമായ കീടനിയന്ത്രണം, വളം എന്നിവ തിരഞ്ഞെടുക്കുന്നത്?
വേപ്പിന്‍കഷായം, മണ്ണിര, ജീവാമൃതം, കമ്പോസ്റ്റ്, ചാണകവും, പിണ്ണാക്കും, പശുവിന്റെ മൂത്രം പുളിപ്പിച്ചതും ചേര്‍ത്ത് നിര്‍മ്മിക്കുന്ന മിശ്രിതവും ആണ് വിളകള്‍ക്ക് വളമായി നല്‍കുന്നത്. പഴ ഈച്ചകളെ നശിപ്പിക്കാനായി ഫിറോമോണ്‍ കെണികള്‍ വിളകള്‍ക്കിടയില്‍സ്ഥാപിക്കാറുണ്ട്. മറ്റു ജൈവ രീതിയിലുള്ള കീടനാശിനികളും ഉപയോഗിക്കാറുണ്ട്. ആവശ്യാനുസരണമുള്ള നനയും കൃത്യമായ വളപ്രയോഗവും നല്‍കിയാണ് വിളകളെ സംരക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഞാന്‍വിഷമടിക്കാതെ ഉത്പാദിപ്പിക്കുന്നത് ആത്മാഭിമാനത്തോടെ വില്‍പ്പണിക്ക് എത്തിക്കാന്‍ എനിക്ക് കഴിയാറുണ്ട്.
കുരുമുളക് കൃഷിയിലെ വിയറ്റ്‌നാം മാതൃക എന്താണ് ?
ഒരുകാലത്തു വളരെ ഖ്യാതി കേട്ടിരുന്ന വയനാടന്‍ കുരുമുളകിന്റെ കൂട്ടത്തോടെയുള്ള കൃഷി നാശമാണ് എന്നെ ഇതുവരെ തുടര്‍ന്ന് കൊണ്ടിരുന്ന കൃഷി രീതിയില്‍നിന്ന് മാറി ചിന്തിക്കാന്‍പ്രേരിപ്പിച്ചത്. മരത്തില്‍ചുറ്റി വളര്‍ത്തുന്നതിന് പകരം കൃഷിയിടത്തില്‍സ്ഥാപിച്ചിരിക്കുന്ന സിമന്റ് നിര്‍മ്മിത തൂണുകളില്‍ കുരുമുളക് ചെടികളെ വളര്‍ത്തിയെടുക്കുന്നതാന് ഈ രീതി. ഇതിനായി തൂണുകളില്‍ ഗ്രീന്‍ നെറ്റുകള്‍ ചുറ്റിപ്പിടിപ്പിച്ചു ഇതിലേക്ക് കുരുമുളക് വള്ളികള്‍ പടര്‍ത്തിയെടുക്കും മുകളറ്റം വരെ വളര്‍ന്ന ചെടികല്‍പിന്നീട് താഴേക്ക് തൂങ്ങി വളരുന്ന തരത്തില്‍ലംബമായി വൃത്താകൃതിയിലുള്ള വലിയ ഇരുമ്പു കമ്പികള്‍ സ്ഥാപിക്കും.
സമ്മിശ്ര കൃഷി രീതി എത്തരത്തില്‍ വിജയകരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു?
സമ്മിശ്ര കൃഷി രീതി എന്ന ഉദ്ദേശത്തില്‍ ഞാന്‍ പരീക്ഷിച്ചത് കൃഷിയോടപ്പം കുറച്ചു പശുക്കളെ വളര്‍ത്തുക എന്നതാണ്. അതും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാടന്‍ പശു ഇനങ്ങള്‍, അവയില്‍ കാസര്‍ഗോഡ് കുള്ളന്‍, വെച്ചൂര്‍ തുടങ്ങിയ പശുക്കളെയാണ് ഞാന്‍ വളര്‍ത്തുന്നത്. പാലിന് വേണ്ടിയല്ല വളര്‍ത്താറുള്ളത് അവയുടെ ചാണകം, മൂത്രം എന്നിവ ഞാന്‍ കൃഷിക്ക് വളമായി ഉപയോഗിക്കുന്നുണ്ട്. പാല്‍ പശുക്കുട്ടിയെ തന്നെ കുടിക്കാന്‍ അനുവദിക്കും. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം നാടന്‍ ഇനങ്ങളെ സംരക്ഷിക്കുക എന്ന ഒരു ലക്ഷ്യത്തോടും കൂടിയാണ് പശുവളര്‍ത്തല്‍ ചെറിയ തോതില്‍ ചെയുന്നത്. കൂടാതെ കൃഷിയുടെ ജലാവശ്യത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കുളങ്ങളില്‍ കട്‌ല, രോഹു ഇനത്തില്‍പെട്ട മത്സ്യളെ ചില സീസണുകളില്‍ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും സമ്മിശ്ര കൃഷി രീഅവലംബിക്കുന്നു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.
ഫാം സ്‌കൂള്‍ എന്ന ആശയത്തിന് പിന്നിലെ ഉദ്ദേശ ലക്ഷ്യം?
ജൈവ കൃഷിയെക്കുറിച്ച് കൂടുതലറിയാനും പഠിക്കാനുമായി നിരവധിപേര്‍ എന്നെ സമീപിക്കാറുണ്ട്. അത്തരം ആളുകള്‍ കൃഷി പരിശീലിച്ച് ബോധ്യപ്പെടാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ‘സഫ’ എന്ന ഫാം സ്കൂള്‍ കൊണ്ടുദ്ദേശിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സംഘടനകളും നടത്തുന്ന പരിശീലന കളരികള്‍ക്കുകൂടി ഫാം സ്കൂള്‍ വേദിയൊരുക്കം.
നോട്ടുനിരോധനത്തിന് (Demonetisation) ശേഷം ഉണ്ടായ വിപണി തകര്‍ച്ച തങ്ങളെ എങ്ങനെ ബാധിച്ചു?
നോട്ടുനിരോധം ബുദ്ധിമുട്ടിച്ചില്ലെന്ന് അവകാശപ്പെടുന്നില്ലെങ്കിലും കാര്യമായി പ്രതിസന്ധി നേരിടാന്‍ ഇടവന്നില്ല. കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഇനങ്ങള്‍ നേരിട്ട് വന്ന് ആളുകള്‍ വാങ്ങിയിരുന്നു. കൂടാതെ, റെഡ് ലേഡി പപ്പായ വിളവെടുത്ത് അത് അങ്ങാടിയില്‍ നേരിട്ട് കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ആ സമയത്ത് ചെയ്തിരുന്നത്. വലിയൊരു മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ വിപണനം ഒരു പക്ഷേ ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.
പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു കൃഷിചെയ്യുന്നതില്‍ ഉത്പതിഷ്ണുവാണ് അയൂബ്. ആര്‍ത്തലച്ചു വളരുന്ന കുരുമുളക് വള്ളികളെ അത്യുത്സാഹത്തോടു കൂടിയാണ് അദ്ദേഹം കാട്ടിത്തന്നത്. ഇതു തന്നെയായിരിക്കും ഈ കര്‍ഷകന്റെ വിജയവും. കാലത്തിന്റെ മാറ്റം അനുസരിച്ചു കൃഷി ചെയ്യാനുള്ള അറിവും മനസ്സും കൃഷിലെ നൂതനവിദ്യകള്‍ കൃത്യമായി ഉപയോഗപ്പെടുത്തലും കൃഷിയിടത്തില്‍ കാണാം.