ഓഗസ്റ്റ് മാസമെത്തിയാൽ കൂർക്ക കൃഷിയ്ക്ക് സമയമായി; വിളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഗസ്റ്റ് മാസമെത്തിയാൽ കൂർക്ക കൃഷിയ്ക്ക് സമയമായി; വിളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ജൈവ കൃഷിയ്ക്ക് ഏറെ അനുയോജ്യവും ഒപ്പം പോഷക സമൃദ്ധവുമായ കൂർക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും നന്നായി വളരുന്ന കിഴങ്ങുവർഗക്കാരനാണ്. കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് അനിയോജ്യമാണ് പോഷകങ്ങളുടെ കാര്യത്തിലും രുചിയിലും കേമനായ കൂർക്ക.

വെള്ളം കെട്ടികിടക്കാത്ത വയലുകളിലും പറമ്പുകളിലും അടുക്കളതോട്ടത്തിലും കൂർക്ക കൃഷി ചെയ്യാം. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളരുമെന്നതും കീടങ്ങളുടെ ആക്രമണവും വളരെ കുറവാണെന്നതുമാണ് മെച്ചം. മഴയും വെയിലും മാറി മാറിവരുന്ന കാലാവസ്ഥയുള്ള ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ്. നട്ട് മൂന്നു നാലു മാസങ്ങള്‍ കൊണ്ട് വിളവെടുക്കുകയും ചെയ്യാം.

കൂര്‍ക്ക തലപ്പുകളും ചെറിയ കൂര്‍ക്ക കിഴങ്ങുകളും നടാനായി ഉപയോഗിക്കാം. ശ്രീധര, നിധി, സുഫല തുടങ്ങിയ നാടന്‍ ഇനങ്ങൾക്കാണ് കർഷകർക്കിടയിൽ പ്രിയം. മണലിലോ ഉമിയിലോ സൂക്ഷിച്ചുവെച്ച കൂര്‍ക്ക വിത്തുകള്‍ പുതുമഴ പെയ്യുന്നതോടെ നട്ടു മുളപ്പിക്കാം. മഴ കുറഞ്ഞു തുടങ്ങുമ്പോള്‍ ഇതില്‍നിന്നും തലപ്പുകള്‍ മുറിച്ചു നടാന്‍ പാകമാകും. മണ്ണു നന്നായി കൊത്തിയിളക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് അല്‍പ്പം ഉയര്‍ത്തി ചെറു തടങ്ങളാക്കുക.



ബലമുള്ള കൂര്‍ക്ക വള്ളികള്‍ തെരഞ്ഞെടുത്ത് മുറിച്ചുനടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ വേണം നടാൻ. ഒരു മാസം കൊണ്ട് തന്നെ വള്ളികള്‍ നന്നായി വീശി തുടങ്ങും. ജൈവ വളങ്ങള്‍ ഇട്ട് മണ്ണ് വിതറി കൊടുക്കേണ്ട സമയമാണിത്. പച്ചിലവളവും ചാണകവും ഉണങ്ങിയ ആട്ടിന്‍ കാഷ്ടമും വളമായി ചേര്‍ത്തു കൊടുക്കാം.

നിമാവിര ഉണ്ടാക്കുന്ന മന്തുരോഗമാണ് കൂർക്കയുടെ പ്രധാന ശത്രു. ഉമിയും കശുമാവിലയും മണ്ണില്‍ ചേര്‍ക്കുക വഴി നിമാവിരയുടെ ശല്യം ഒഴിവാക്കാം. ചാക്ക്, ഗ്രോ ബാഗ് എന്നിവയിൽ നടീല്‍ മിശ്രിതം ഉണ്ടാക്കിയും കൂര്‍ക്ക കൃഷി ചെയ്യാം. 20 ശതമാനം അന്നജം അടങ്ങിയിരിക്കുന്ന കൂർക്കയിൽ കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി എന്നിവയും ധാരാളമായുണ്ട്.

Also Read: വേനൽമഴയിൽ തളർന്ന കുരുമുളകിന് ഇടവപ്പാതിയിലും രക്ഷയില്ല; വിപണിയിലും കഷ്ടകാലം തുടരുന്നു

Image: pixabay.com