പച്ചക്കറി കൃഷി: ഗ്രോബാഗ് കൃഷി രീതിയും കീടനിയന്ത്രണവും
ഗ്രോബാഗിൽ തൈകൾ നട്ട് ടെറസിൽ കൃഷിചെയ്യുന്ന രീതി ശരിക്കും അറിയാത്തവരായി കുറേ പേരുണ്ടാകും. അവര്‍ക്കായി കീടപ്രതിരോധം ഉള്‍പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് ചെറിയൊരു വിവരണം.
ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് നിറയ്ക്കുക എന്നതാണ് ആദ്യ നടപടി.
ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ?
നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകവും ചാരവും യാതൊരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ് ചെയ്യുന്നതും നല്ലതാണ്. സാധാരണ ചകിരി ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് വളരാന്‍ അനുയോജ്യമായ പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടുവച്ചശേഷം എടുക്കാം. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ് ചെയ്താല്‍ നല്ലതാണ്.
ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ് ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി (പുട്ടിന് പീര പോലെ ചേര്‍ക്കാം), ഗ്രോ ബാഗിലെ ബാക്കിവരുന്ന ഭാഗം മണ്ണിട്ട് നിറക്കുക.
Also Read: നിങ്ങൾക്കും വേണ്ടേ സ്വന്തമായി ഒരു അടുക്കളത്തോട്ടം? ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി
ചെടികള്‍ നടാന്‍ ഗ്രോ ബാഗ് റെഡി ആയി. ചാണകം അധികം ലഭ്യമല്ലെങ്കില്‍ അടിയില്‍ മണ്ണ്, ചകിരി ചോറ് മിക്സ് നിറച്ച ശേഷം മുകള്‍ ഭാഗത്ത് മാത്രം അല്‍പ്പം ഇട്ടു ചാണകപ്പൊടി ഇട്ട് കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത് ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്.
ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരുകയും അവയുടെ വേരുകള്‍ ബാഗ് മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നതും ചാണകപ്പൊടി മിക്സ് ചെയ്യുന്നതും വളരെ ഉചിതമാണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ചാണകപ്പൊടിയുടെ അഭാവത്തില്‍ മണ്ണിര കമ്പോസ്റ്റ്, പോട്ടിംഗ് മിക്സ് എന്നിവ ഉപയോഗിക്കാം. ഇവയുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അടുത്തുള്ള കൃഷി ഭവനോ കൃഷി വിജ്ഞാന കേന്ദ്രമോ സന്ദര്‍ശിക്കാം.
ടെറസ്സിലാണെങ്കില്‍ പോലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറി സസ്യങ്ങളെ ബാധിക്കും. പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരാനിടയുണ്ട്. പാവല്‍, പടവലം എന്നിവയെ കായീച്ചകളും, പയറുവര്‍ഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും (ഇലപ്പേന്‍) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകള്‍ പലതരം കാണാം. ലാര്‍വ്വകള്‍ ഓരോ തരവും ഒരേ ഇനത്തില്‍പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന മിക്കവാറും ഷട്പദ ലാര്‍വ്വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകല്‍നേരങ്ങളില്‍ നോക്കിയാല്‍ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.
Also Read: ഹിന്ദിക്കാരുടെ ഭിന്ദി, നമുക്ക് വെണ്ടയ്ക്ക; സ്വാദിഷ്ടവും പോഷക സമൃദ്ധവും
പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.
പുകയിലക്കഷായം
50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12 ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
മണ്ണെണ്ണ കുഴമ്പ്
ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക. പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടാലും കായിച്ചകള്‍ അവ കുടിക്കാന്‍ വരും.
കഞ്ഞിവെള്ളം
പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള അരക്ക്(ഇലപ്പേന്‍) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തില്‍തന്നെ ഒഴിവാക്കണം.
കടലാസ് പൊതിയല്‍
ടെറസ്സിലാവുമ്പോള്‍ ഏറ്റവും നല്ല കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതിയാവും. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതും മറ്റൊരുതരം കീടനിയന്ത്രണമാണ്.
(കടപ്പാട്: ഫേസ്ബുക്ക്. ചിത്രങ്ങള്‍: മഹേഷ്, മാത്യൂസ്)
Also Read: ആദായത്തിന്റെ ജലസ്രോതസ്സുകൾ; സമ്മിശ്ര മത്സ്യകൃഷിയും സംയോജിത കൃഷിരീതിയും