കാർഷിക പ്രതിസന്ധിയുടെ ജീവിക്കുന്ന സ്മാരകമായി ആന്ധ്രയിലെ കദിരി; ആത്മഹത്യയ്ക്കും മനുഷ്യക്കടത്ത് മാഫിയക്കും ഇടയിൽപ്പെട്ട് കർഷക കുടുംബങ്ങൾ
ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലുള്ള കദിരിയെന്ന ചെറുപട്ടണം വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ആദ്യത്തേത് പതിനെട്ടു വർഷമായി കദിരിയേയും പരിസരപ്രദേശങ്ങളിലും വറചട്ടിയാക്കി മാറ്റിയ 18 വർഷത്തെ വരൾച്ചയാണ്. രണ്ടാമത്തേത് കദിരിയിലെ കൃഷിയിടങ്ങൾപ്പോലെ വരണ്ടുണങ്ങിപ്പോയ ഇവിടത്തെ കർഷകരുടെ ജീവിതങ്ങളും.
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഈ മേഖകയിലെ മനുഷ്യരുടെ പ്രധാന ജീവിതമാർഗം. അതിനാൽ കാർഷിക മേഖലയുടെ തകർച്ച കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കദിരി നിവാസികളേയും ദുരിതത്തിലേക്ക് തള്ളിവിട്ടു. ജീവിതമാർഗമായി മറ്റു വഴികളൊന്നും കണ്ടെത്താനാകാത്തതും മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്നതും ഇവരെ ഗുരുതരമായി പ്രതിസന്ധിയിലെത്തിച്ചു.
പട്ടിണിയും ദാരിദ്രവും കടക്കെണിയും സർക്കാരുകളുടെ അനാവസ്ഥയും ഒത്തുചേർന്നതോടെ 2016 ൽ 800 കർഷകരാണ് ഈ മേഖലയിൽമാത്രം ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയ കർഷകരുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും മനുഷ്യക്കടത്തിന്റെ ഇരകളാകുകയായിരുന്നു അടുത്ത ദുരന്തം.
റൂറർ ആൻഡ് എൻവയോണ്മെന്റ് ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒ നടത്തിയ പഠനമനുസരിച്ച് അനന്തപുരം, കടപ്പ, ചിറ്റൂർ മേഖലയിൽ മനുഷ്യക്കടത്ത് പ്രശ്നം അതിരൂക്ഷമാണ്. പ്രതിസന്ധിയിലായ കർഷക കുടുംബങ്ങളിൽ നിന്ന് സ്ത്രീകളേയും കുട്ടികളേയും റാഞ്ചാൻ മനുഷ്യക്കടത്തു മാഫിയയുടെ ഏജന്റുമാർ ഈ പ്രദേശങ്ങളിൽ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഘടനയുടെ കണക്കുകൾ അനുസരിച്ച് 2005 നും 2011 നും ഇടയിൽ 1240 മനുഷ്യക്കടത്തു കേസുകളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. സംഘടനയുടെ ഇടപെടൽ മൂലം രക്ഷപ്പെട്ടവരോ സ്വയം രക്ഷപ്പെട്ടവരോ ആണ് ഇതിൽ ഭൂരിപക്ഷവും. മനുഷ്യക്കടത്തു മാഫിയ കടത്തുന്ന കുട്ടികളിൽ നല്ലൊരു ശതമാനവും എത്തിപ്പെടുന്നത് ലൈംഗിക തൊഴിലിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: വിഷം തളിക്കാതെ വർഷം മുഴുവൻ ഏലം കൃഷി ചെയ്യാം