വിഷം തളിക്കാതെ വർഷം മുഴുവൻ ഏലം കൃഷി ചെയ്യാം

വിഷം തളിക്കാതെ വർഷം മുഴുവൻ ഏലം കൃഷി ചെയ്യാം. മിത്രജീവാണുക്കളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും സഹായത്തോടെയാണ് ഏലം കൃഷി ജൈവവും ആദായകരവുമാക്കുന്നത്. സുഗന്ധദ്രവ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനികള്‍ അടങ്ങിയതെന്ന് പരിശോധകർ വിധിയെഴുതിയ ഏലത്തെ വിഷമുക്തമാക്കാനും ഈ കൃതി രീതി ഉപകരിക്കും.

കീടനാശിനി, കുമിൾനാശിനി, ആന്റിബയോട്ടിക്കുകൾ എന്നിവയാണ് സാധാരണയായി ഏലം കർഷകർ ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇവയെ ഒഴിവാക്കി പകരം മെച്ചപ്പെട്ട വിളവ് നേടുന്നതിനും കുമിളുകളെ നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്ന മിത്രബാക്ടീരിയകൾ അടങ്ങിയ ജൈവമിശ്രിതം പ്രയോഗിക്കാം.

അമിനോ അമ്ലങ്ങളും സൂക്ഷ്മപോഷകങ്ങളും മതിയായ അനുപാതത്തിൽ ചേർത്താണ് ജൈവമിശ്രിതങ്ങൾ തയ്യാറാക്കേണ്ടത്.
മരുന്നുതളി, വളമിടൽ, കളനശീകരണം എന്നിങ്ങനെ ഉൽപാദനച്ചെലവ് കൂട്ടുന്ന ഘടകങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഈ രീതിയിൽ കഴിയുമെന്ന് അനുഭവസ്ഥർ പറയുന്നു. രോഗകാരികളായ കീടങ്ങളെ നിയന്ത്രിക്കുന്ന ഉപകാരികളായ സൂക്ഷ്മജീവികളുടെ കൃഷിയിടത്തിൽ വേണ്ടത്രയുണ്ടെന്ന് ഉറപ്പാക്കണം.

വേണ്ടത്ര വെള്ളവും ആവശ്യമായ എല്ലാ പോഷകങ്ങളും കൃത്യമായ അനുപാതത്തിൽ എത്തിച്ചുകൊടുത്താൽ പൂവിടലും കായ്പിടിത്തവും മുടങ്ങില്ല. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന കൂടുതൽ വലുപ്പവും മിനുസമേറിയ പുറംതോടുമുള്ള കായ്കളും ഈ രീതി ഉറപ്പാക്കുന്നു.

ഹൈറേഞ്ച് മേഖലയില്‍ മാത്രമേ ഏലം നന്നായി വളരൂ എന്ന വിശ്വാസവും തിരുത്തിയെഴുതാവുന്നതാണ്. ചൂടുകുറഞ്ഞ കാലാവസ്ഥയില്‍ മരത്തണലുകളിലാണ് സാധാരണയായി ഏലം കൃഷി ചെയ്തുവരുന്നത്. ഏലക്കായയ്ക്ക് അനുയോജ്യമായ കൃത്രിമ സാഹചര്യം വീടുകളില്‍ സൃഷ്ടിക്കാവുന്നതാണ്. എങ്കിലും സാധാരണ സാഹചര്യങ്ങളെ അപേക്ഷിച്ച് വിളവ് കുറവായിരിക്കും കൃത്രിമ സാഹചര്യങ്ങളില്‍ എന്നുമാത്രം.

തടമെടുക്കാന്‍ കൃഷിയിടത്തിലെ തണുപ്പുള്ള തണലുള്ള സ്ഥലം തിരഞ്ഞെടുക്കണം. കിളച്ചൊരുക്കിയ സ്ഥലത്ത്‌ ചതുരശ്ര മീറ്ററിന് അഞ്ച് കിലോഗ്രാം തോതില്‍ ജൈവവളം ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം നിരപ്പാക്കി തടമെടുക്കുക. തൈകള്‍ ഒരു മീറ്റര്‍ അകലത്തിലാണ് നടേണ്ടത്. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്ലെറ്റുകളിലും മലയോര നഴ്സറികളിലും സാധാരണയായി നല്ലയിനം തൈകള്‍ ലഭിക്കാറുണ്ട്. ഓരോ ആറുമാസവും കൂടുമ്പോഴാണ് വീണ്ടും ജൈവവളം ചേര്‍ത്തു കൊടുക്കേണ്ടത്.

നനവ് എപ്പോഴും നിലനിര്‍ത്തുകയെന്നതാണ് ഏലം കൃഷിയുടെ പ്രധാന വെല്ലുവിളി. ചെടിയുടെ കീഴെ മാത്രമല്ല ഇലകള്‍ക്കു മുകളിലും വെള്ളം വീഴുന്ന തരത്തിലാണ് സ്പ്രേ ചെയ്ത് നനയേ്ക്കണ്ടത്. എന്നാല്‍, ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മൂന്നുവര്‍ഷമാണ് ഏലത്തിന് കായകള്‍ ഉണ്ടാവാന്‍ ആവശ്യം.

Also Read: കർഷക സമരം അഞ്ചാം ദിവസത്തിലേക്ക്; ഉത്തരേന്ത്യയിൽ പച്ചക്കറിയ്ക്ക് തീവില; പാൽ, പാൽ ഉൽപ്പന്നങ്ങൾക്കും കടുത്ത ക്ഷാമം

Image: pixabay.com