ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ജൈവകൃഷിക്ക് (Organic farming) അടുത്തകാലങ്ങളില്‍ നേടാനായ പൊതുസ്വീകാര്യതയും ഭരണതലത്തില്‍ നിന്നുള്ള പിന്തുണയും യഥാര്‍ത്ഥത്തില്‍ വഴിതുറക്കുന്നത് നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ്. ശാസ്ത്രീയമായ കൃഷിരീതികള്‍ (Scientific farming), മേഖലയിലെ യന്ത്രവത്കരണം, രാസവളങ്ങളുടേയും കീടനാശിനികളുടേയും പ്രയോഗം, കൃഷിഭൂമിയുടെ പരമാവധി ഉപയോഗം എന്നിവ ഹരിതവിവ്ലവത്തിന് ശേഷം ധാരാളമായി പ്രോത്സാഹിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ കാര്‍ഷികോത്പാദനത്തില്‍ ഈ മാറ്റം കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചതായി തെളിവുകളുണ്ട്. കൂട്ടത്തില്‍, ഈ പരിവര്‍ത്തനത്തിലൂടെ നേടാനായി എന്ന് കണക്കാക്കുന്ന അധികോത്പാദനം, ഭക്ഷ്യക്ഷാമ പരിഹാരം എന്നിവ ഒരുവശത്ത് നില്‍ക്കുമ്പോള്‍ മറുവശത്ത് രാജ്യത്തിന്റെ കൃഷിവൈവിധ്യങ്ങള്‍ക്കേറ്റ പരിക്ക്, പാരിസ്ഥിതികാഘാതം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മറുവശത്തുമായി ചര്‍ച്ചകള്‍ പുരോഗമിക്കപ്പെട്ടു. ശാസ്ത്രീയകൃഷിരീതി കേരളത്തിലും പരക്കെ സ്വീകരിക്കപ്പെട്ടു, സര്‍ക്കാരും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും ഇക്കാലമത്രയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ജൈവകൃഷിയേയും ശാസ്ത്രീയകൃഷിയേയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന മിക്ക സംവാദങ്ങളും വ്യക്തി കേന്ദ്രീകൃതമായ അഭിപ്രായ പ്രകടനങ്ങളും ഒറ്റപ്പെട്ട സാഹചര്യങ്ങളും വളരെക്കുറച്ച് തെളിവുകളും ചൂണ്ടിക്കാട്ടിയാണ് മുന്നേറുന്നത്. ഈവക വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ക്രിയാത്മകമായി എത്രത്തോളം ആശയങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്? തെറ്റിധാരണകള്‍ പരത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങള്‍ ബാക്കിയാണ്.
കാര്‍ഷികമേഖലേയും കൃഷിരീതികളേയും കുറച്ച് വ്യക്തമായ ധാരണകള്‍ പങ്കുവെയ്ക്കുന്ന രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫേസ്ബുക്കില്‍ നടത്തിയ ചര്‍ച്ച വളരെ ശ്രദ്ധേയമാണ്. “ജൈവകൃഷി അന്ധവിശ്വാസികളുടെ അറിവിലേക്കായി ചില കാര്യങ്ങൾ” എന്ന തലവാചകത്തോടെ അസോസിയേറ്റ് പ്രസ് പ്രൊഡക്ഷന്‍ ഹെഡ്ഡായ സായ് കിരണ്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. ജൈവകൃഷി വിദഗ്ദനും കേരള ജൈവകര്‍ഷക സമിതി, ജോയിന്റ് സെക്രട്ടറിയുമായ ഇല്ല്യാസ് കൃഷി ശാസ്ത്രജ്ഞനായ ദേബെല്‍ ദേബിന്റെ സമീപനത്തെ പരാമര്‍ശിച്ചും ഇന്ത്യയിലെ സാര്‍വ്വജനികമായ ശാസ്ത്രകൃഷികൊണ്ട് സാമൂഹികമായി സൃഷ്ടിക്കപ്പെട്ട പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് സായ് കിരണിന് മറുപടി നല്‍കുന്നത്. “ശാസ്ത്രീയകൃഷിവാദക്കാരും ജൈവകൃഷിവാദക്കാരും യുദ്ധത്തിലാണല്ലോ. വിപ്ലവകരമാവാൻ പോവുന്ന ശാസ്ത്രത്തിന്റെ പുതിയ പരീക്ഷണത്തെ കുറിച്ച് ഈ ലക്കത്തെ “സയന്റിഫിക് അമേരിക്കൻ” മാസിക കയ്യിൽ കിട്ടിയപ്പോൾ മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ ജൈവ അന്ധവിശ്വാസികളുടെ അറിവിലേക്കായി ചില വസ്തുതകൾ പങ്കുവെക്കുന്നു.” എന്ന ആമുഖത്തോടെയാണ് സായ് കിരണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ലേഖനത്തിലെ സസ്യങ്ങളുടെ അതിജീവന സ്വഭാവവും കീടങ്ങളെ തുരത്താന്‍ സസ്യങ്ങള്‍ തന്നെ സ്വീകരിക്കുന്ന നടപടികളും അതിന് ശാസ്ത്രം പരീക്ഷണങ്ങള്‍ കൊണ്ട് നല്‍കുന്ന പിന്തുണയുമാണ് ചൂണ്ടിക്കാട്ടുന്നത്.
Also Read: പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ
സായ് കിരണിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗം:
സസ്യങ്ങൾ നയിക്കുന്ന യുദ്ധം: 350 ദശലക്ഷം വർഷങ്ങളായി സസ്യങ്ങളും കീടങ്ങളും ഒരുമിച്ച് ജീവിച്ചുവരുന്നു. പരിണാമത്തിൽ അടുത്തബന്ധമുള്ള ജീവിവർഗ്ഗങ്ങളുടെ പരസ്പരസ്വാധീനം മൂലം (Co-evolution) സസ്യങ്ങൾക്കും കീടങ്ങൾക്കും അതിജീവന രീതികളുണ്ടാവുകയും, സാധ്യതകളുള്ളവ അതിജീവിക്കുകയും ചെയ്തു. ഈ അതിജീവനമത്സരത്തിൽ സസ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ വികസിച്ചു തുടങ്ങിയവ സ്വഭാവികമായും അതിജീവിച്ചു. ലളിതമായി പറഞ്ഞാൽ മൃഗങ്ങളെ പോലെ ശത്രുക്കളെ തിരിച്ചറിയാനുള്ള ശേഷിയും അവയെ തുരത്താനുള്ള പ്രതിരോധ ശേഷിയും സസ്യങ്ങൾക്കുണ്ട്. ശത്രുകീടങ്ങളെ തിരിച്ചാക്രമിക്കാൻ സസ്യങ്ങൾ വിഷം കലർന്നവയും അല്ലാത്തവയുമായ കീടനാശിനികൾ സ്വയം നിർമ്മിക്കുന്നുണ്ട്. സസ്യങ്ങളുടെ മറ്റൊരു യുദ്ധതന്ത്രമാണ് ചില മൂലകങ്ങൾ പുറപ്പെടുവിച്ച് (blend of volatiles) കീടങ്ങളുടെ ശത്രുക്കളെ ആകർഷിച്ചു വരുത്തി കീടങ്ങളെ വകവരുത്തിപ്പിക്കാനുള്ള അടവുനയം. പുഷ്പ്പിക്കുമ്പോൾ പുറപ്പെടുവിക്കുന്ന തേനും ഇതേ കർത്തവ്യം ചെയ്തുവരുന്നു. ആകർഷിക്കപ്പെട്ട് സസ്യങ്ങളിൽ കൂടുക്കൂട്ടുന്ന സസ്യമിത്രങ്ങളായ ജീവിവർഗ്ഗങ്ങളും ശത്രുക്കളെ തുരത്താൻ സഹായിക്കുന്നു. പറഞ്ഞു വന്നത് സസ്യലോകത്തെ നിലനിൽപ്പ് യുദ്ധത്തെപ്പറ്റിയാണ്.
ജൈവ വിഷങ്ങൾ: സസ്യങ്ങൾ സ്വയം ഉൽപ്പാദിപ്പിക്കുന്ന കീടനാശിനികളിൽ വിഷമുണ്ട്, ടെർപ്പിനോയ്ഡുകളുണ്ട്, കളറുകളുണ്ട്, ഫെനോളുണ്ട്, ക്വീനോണുണ്ട്. അങ്ങനെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാവുന്ന വസ്തുവഹകൾ ഇഷ്ടംപോലെ അടങ്ങിയിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ 99% കീടനാശിനികളും സസ്യങ്ങൾ സ്വയം ഉൽപ്പാദിപ്പിക്കുന്നതാണ്. കാബേജ് ചെടി നാൽപ്പത്തി ഒമ്പതോളം കീടനാശിനികൾ സ്വയം ഉണ്ടാക്കുന്നുണ്ട്. ശരാശരി 1.5 ഗ്രാം ജൈവ വിഷം നമ്മൾ ഒരുദിവസം അകത്താക്കുന്നുണ്ട്. മനുഷ്യനിർമ്മിത കീടനാശിനിയുടെ പതിനായിരം മടങ്ങോളം അധികമാണിത്.നിങ്ങൾ ഭക്ഷണം പാകം ചെയ്താണോ കഴിക്കാറുള്ളത്? പാകം ചെയ്യുമ്പോൾ ക്യാൻസറുണ്ടാക്കുന്ന വിഷം ഉണ്ടാക്കപ്പെടുന്നുണ്ട്. കോഫി ഇഷ്ടമാണോ? അതിലുള്ളത് തിളയ്ക്കുന്ന റോഡെന്റ് കാർസിനോജനാണ്. മാങ്ങ, ആപ്പിൾ, പഴം, മുന്തിരി, തേൻ, കാപ്പി, ഓറഞ്ച്, കുരുമുളക്, കൈതച്ചക്ക, ഉരുളക്കിഴങ്ങ്, തക്കാളി, കടുക്, കാബേജ്, ബ്രോക്കോളി ഇവയിലെല്ലാം മുകളിൽ പറഞ്ഞ കാരണങ്ങളാൽ പ്രകൃത്യാ സൃഷ്ടിക്കപ്പെടുന്ന റോഡന്റ് കാർസിനോജനുകൾ അടങ്ങിയിട്ടുണ്ട്. ചെടികളിൽ നിന്നുള്ള ജൈവകീടനാശിനി മൃഗങ്ങളിലുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ട്. മൃഗങ്ങളിൽ ക്യാൻസറുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലിനജലത്തിൽ നിന്ന് സസ്യങ്ങൾ വലിച്ചെടുക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന ഘനലോഹങ്ങൾ വേറെയുമുണ്ട്. “കെമിക്കൽ.. കെമിക്കൽ..” എന്ന് മുറവിളികൂട്ടി പാവം ജനതയെ ഭയപ്പെടുത്തി ലാഭം കൊയ്യുന്ന ജൈവകൃഷി അന്ധവിശ്വാസികളും അവർക്ക് കുടപിടിച്ചു കൊടുക്കുന്ന സർക്കാരും ഇതിനെ എങ്ങനെ കാണുന്നു? സസ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ അതിജീവിച്ച ശത്രുവർഗ്ഗത്തെ പ്രതിരോധിക്കാൻ നിങ്ങളെന്ത് ചെയ്യും?
കീടനാശിനി: കീടനാശിനി എന്നാൽ രാസപദാർത്ഥങ്ങളാണ്. അത് പ്രകൃതിയിൽ തന്നെയുള്ളവയുണ്ട്, മനുഷ്യ നിർമ്മിതമായവയുണ്ട്. ഇവയെല്ലാം ഏതെങ്കിലും ജീവനെ ഇല്ലാതാക്കാനുള്ളതാണ്. സസ്യങ്ങൾ കീടങ്ങളെ നശിപ്പിക്കാനാണ് ഇവ സ്വയം ഉണ്ടാക്കുന്നത്. നമ്മളും അതിന് വേണ്ടി തന്നെയാണ് ഉണ്ടാക്കുന്നത്. മനുഷ്യനിർമ്മിത കീടനാശിനികളേക്കാൾ ഹാനികരമായവ പ്രകൃതി സൃഷ്ടിക്കുന്ന കീടനാശിനികളിലുണ്ട്. മനുഷ്യനിർമ്മിത കീടനാശിനികൾക്ക് നിശ്ചിത അളവുണ്ട്, മാനദണ്ഡങ്ങളുണ്ട്, വിഘടിക്കുന്ന ഘട്ടങ്ങളുടെ പരിശോധനകൾ കടക്കേണ്ടതുണ്ട്. എന്നാൽ സസ്യനിർമ്മിത ജൈവ കീടനാശിനിക്ക് ഇതൊന്നും ബാധകമല്ല. കീടനാശിനിയുടെ ഒരംശം പോലും ശരീരത്തിലേക്ക് കയറാതിരിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ – പട്ടിണി കിടക്കുക.! അല്ലാതെ ജൈവം തിന്നാൽ കീടനാശിനികളിൽ നിന്ന് രക്ഷപ്പെടാമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
പുതിയ കണ്ടെത്തലുകൾ: ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ ഭക്ഷ്യോൽപ്പാദനം 70% വർദ്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ എല്ലാരും പട്ടിണികിടന്ന് ചാവുമെന്ന് UN-FAO യുടെ മുന്നറിയിപ്പുണ്ട്. അതീവശക്തിയുള്ള കീടങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് അതിഭീമമായ ലോകജനസംഖ്യയെ തൃപ്തിപ്പെടുത്താനുള്ള കാർഷികോൽപ്പാദനം നടത്താൻ ജൈവകൃഷികൊണ്ട് ഒരിക്കലും സാധിക്കില്ല. അല്ലെങ്കിൽ ജനസംഖ്യ അതിഭീമമായി കുറയ്ക്കാതെ മറ്റു പരിഹാരവുമില്ല. പരമാവധി പെറ്റുകൂട്ടി സ്വന്തം മതം വിപുലീകരിച്ച് ഭൂമി കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ സമൂഹത്തിൽ ജനസംഖ്യാനിയന്ത്രണം പ്രായോഗികമല്ലെന്നത് മറ്റൊരു ദുരന്തം. പട്ടിണിയോ ഭക്ഷ്യക്ഷാമമോ എന്ത് ദുരന്തമുണ്ടായാലും ഇവരുടെയൊക്കെ മണ്ണുണ്ണി ദൈവങ്ങൾ ഇറങ്ങിവന്ന് സഹായിക്കുകയുമില്ല. തിന്നാനും കുടിക്കാനും ജീവിക്കാനും ശാസ്ത്രം തന്നെ കനിയണമല്ലോ.!മനുഷ്യനിർമ്മിത കീടനാശിനികൾ അനുശാസിച്ച അളവിൽ പ്രയോഗിക്കാതെ വലിയ രീതിയിലുള്ള കാർഷികോൽപ്പാദനം അസാദ്ധ്യമാണ്. ഈ അസാധ്യതയെ സാധ്യമാക്കാനുള്ള പ്രയത്നമാണ് പുതിയ പരീക്ഷണത്തിലൂടെ ചെയ്യുന്നത്. കഴിവുറ്റ മൈക്രോബുകളെ വിത്തുകളോട് ചേർത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം ഇപ്പോൾ നടക്കുകയാണ്. യു. എസ്സിലെ കൃഷിഭൂമിയിൽ നിന്ന് കോടിക്കണക്കിന് മൈക്രോബുകളെ എടുത്ത് ലാബിൽ വളർത്തിയ ശേഷം മികച്ചവയെ തെരഞ്ഞെടുത്ത് അവയിലെ അസുഖങ്ങളുണ്ടാക്കുന്ന ജീനുകളെ ജനിതക പരിഷ്ക്കരണത്തിലൂടെ ഇല്ലാതാക്കിയ ശേഷം മികച്ച വിത്തുകളിലേക്ക് കോട്ട് ചെയ്യുന്നു. ശേഷം പരീക്ഷണാടിസ്ഥാനത്തിൽ കൃഷിഭൂമിയിൽ നടുന്നു. തുടർന്ന് ഈ വിത്തുകളിലൂടെ മുളപൊട്ടി വളരുന്ന സസ്യത്തിന്റെ പ്രതിരോധസംവിധാനത്തിൽ ഇവ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഈ പരീക്ഷണത്തിലെ ഒന്നാം ഘട്ടത്തിൽ മികച്ച വിളകൾ വിജയകരമായി നേടിത്തരികയും ചെയ്തു. ഫൈറ്റോബിയോം ട്രെയിറ്റുകളുള്ളവയിലൂടെ സസ്യങ്ങളുടെ ആരോഗ്യം കൃത്രിമമായി വർദ്ധിപ്പിക്കാനുള്ള പരീക്ഷണമാണ് അടുത്തഘട്ടം. മറ്റൊന്ന് പ്രതിരോധം കൂടുതൽ വർദ്ധിപ്പാനുള്ള പരീക്ഷണമാണ്. മൈക്രോബുകളെ ഉപയോഗിച്ച് ശത്രുകീടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം പെൻസിൽവാനിയ സർവ്വകലാശാലയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് യു.എസ്സിൽ വളരുന്ന പകുതിയിലധികം ചോളങ്ങളിലും കീടങ്ങളെ കൊല്ലുന്ന ബാക്ടീരിയയുടെ ജീനാണുള്ളത്. ചോളച്ചെടിയെ ആക്രമിക്കുന്ന വണ്ടുകളെ തുരത്താൻ ഈ ജീൻ ചോളച്ചെടിയിൽ പ്രവർത്തിക്കുന്നു. സസ്യങ്ങൾക്കൊപ്പം ജീവിച്ച് സസ്യങ്ങൾക്ക് അത്യാവശ്യം വേണ്ടുന്ന പോഷകമായ ഫോസ്ഫേറ്റ് സാന്ദ്രീകരിക്കുന്ന ബാക്ടീരിയയുടെ ജീനിനെയും ഇവിടെ കണ്ടെത്തി. അടുത്ത ഹരിത വിപ്ലവത്തിന്റെ വസന്തം വിരിയുക ഈ പരീക്ഷണങ്ങളിലൂടെയായിരിക്കുമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു. നമ്മളിവിടെ ജൈവകൃഷിയെന്ന തെറ്റായ വഴിയിൽ വന്നുനിൽക്കുന്നു. കൂനിന്മേൽ കുരു പോലെ ഈ വിഡ്ഢിത്തത്തിന് സർക്കാർ കൂട്ടുനിൽക്കുന്നു.!
ശത്രുകീടങ്ങളെ തുരത്താനുള്ള ശേഷി സസ്യങ്ങളെ പ്രാപ്തരാക്കുന്ന പരീക്ഷണങ്ങളുടെ സാധ്യത പരാമര്‍ശിച്ചാണ് സായ് കിരണ്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
ജൈവകീടനാശിനികളുടെ പ്രയോഗത്തെ പോലും വിമര്‍ശനവിധേയമാക്കുന്ന ഇല്ല്യാസിന്റെ മറുപടി ലേഖനത്തില്‍ കീടനാശിനികളുടെ ഉപയോഗം കീടങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെടികളുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന വിഷയത്തില്‍ ഊന്നിയാണ് കടന്നുപോകുന്നത്. കൂടാതെ, ജൈവകൃഷി പട്ടിണിക്ക് സാഹചര്യം സൃഷ്ടിക്കും എന്ന നിലവിലെ ശാസ്ത്രീയകൃഷിവാദികളുടെ പ്രചാരണത്തെ സാമൂഹിക തലത്തില്‍ നിന്ന് വിമര്‍ശനവിധേയമാക്കാനും ഇല്ല്യാസ് ശ്രമിക്കുന്നുണ്ട്.
Also Read: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സീറോ ബജറ്റ് ജൈവകൃഷി സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്
ഇല്ല്യാസിന്റെ ലേഖനത്തിലെ പ്രസക്തഭാഗം
സസ്യങ്ങൾ ജൈവവിഷം ഉൽപാദിപ്പിക്കുമെന്നുള്ള കാര്യം പുതിയ അറിവൊന്നുമല്ല. ഈ വിഷത്തിനെ പ്രതിരോധിക്കാനുള്ള സംവിധാനം ജീവികളിലും ഉണ്ടാകുന്നു. ഇത് കാലങ്ങളോളം എടുത്ത് പരിണാമ പ്രക്രിയയിലൂടെ സാവധാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അതല്ലെങ്കിൽ ഒരൊറ്റ ജീവി വർഗ്ഗവും ഭൂമുഖത്തുണ്ടാവില്ലല്ലോ. ഇത് പഠിക്കാൻ അമേരിക്കൻ മാസികയൊന്നും വായിക്കണമെന്നൊന്നുമില്ല. ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ. ദെബൽ ദേബിനെ കേട്ടാലും മതി! അദ്ദേഹം ഒറീസയിലെ തന്റെ കൃഷിയിടത്തിൽ യാതൊരുവിധ ജൈവ കീടനാശികൾ പോലും പ്രയോഗിക്കാറില്ല. ഇതിന് കാരണമായി അദ്ദേഹം പറയുന്നതും ഞാൻ ജൈവകീടനിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കുമ്പോൾ ചെടികളുടെ സ്വാഭാവികമായ ജൈവവിഷം പുറപ്പെടുവിച്ച് കീടങ്ങളെ പ്രധിരോധിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നു തന്നെയാണ്. അപ്പോൾ ജൈവകീടനാശിനിയെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള മനുഷ്യ നിർമിത രാസകീടനാശിനികൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് സസ്യങ്ങളിൽ സ്വാഭാവികമായും ഉണ്ടാകേണ്ട പ്രതിരോധ സംവിധാനങ്ങൾ കുറയുകയും എന്നാൽ കീടങ്ങളിൽ മനുഷ്യ നിർമിത കീടനാശിനികളെ പ്രതിരോധിക്കാനുള്ള സംവിധാനം കൂടുതൽ ശക്തമായി രൂപപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ സൂപ്പർ പെസ്റ്റുകളും സൂപ്പർ വീഡ്സുകളും രൂപം കൊള്ളുന്നത്. ഇത് തെളിയിക്കപ്പെട്ടതും കൂടിയാണല്ലോ. അപ്പോൾ കീടനാശിനികൾ ഡോസ് കൂട്ടി അടിക്കേണ്ടി വരുന്നു. ഒപ്പം തന്നെ, കീടങ്ങൾ ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനം ശരീരത്തിനകത്ത് ഉൽപാദിപ്പിക്കും. ഇവിടെ സംഭവിക്കുന്നത് കൂടുതൽ പ്രധിരോധ ശേഷിയുള്ള കീടങ്ങൾ രൂപം കൊള്ളുകയും ഒട്ടും പ്രതിരോധ ശേഷിയില്ലാത്ത സസ്യങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ്. കീടനാശിനികളില്ലാതെ കൃഷി അസാധ്യമാക്കിതീർക്കുന്നു. ഇവിടെ വരാവുന്ന സ്വാഭാവികമായ ഒരു ചോദ്യം ജൈവകീടനാശിനികൾ ഉപയോഗിക്കുമ്പോഴും ഇത് സംഭവിക്കൂലെ എന്നായിരിക്കും. തീർച്ചയായും ഒരു പരിധിവരെ സംഭവിക്കുന്നുണ്ട്. ഒരു ജൈവ കർഷകൻ ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവും രാസകർഷകൻ ഉപയോഗിക്കുന്ന കീടനാശിനിയുടെ വീര്യത്തിലും അളവിലും വളരെയധികം വ്യത്യാസമുണ്ട്. താരതമ്യേന കീടരോഗാക്രമണം കുറഞ്ഞതും ഓരോ പ്രദേശത്തിന് യോജിച്ചതുമായ നാടൻ വിത്തുകൾ ഉപയോഗിക്കാൻ ഞങ്ങൾ (ജൈവകൃഷി വിദഗ്ദര്‍) പറയുന്നത്. ഞങ്ങൾ ഇവിടെ കൃഷി ചെയ്യുന്ന ഒരുതരത്തിലുള്ള കീടനാശിനിയും പ്രയോഗിക്കാത്ത 28 നാടൻ നെൽവിത്തുകളിൽ 4 എണ്ണത്തിന് കാര്യമായ കീടാക്രമണം സംഭവിക്കുകയുണ്ടായി. എന്നാൽ രണ്ടടി അകലത്തിൽ മാത്രമുള്ള മറ്റു 24 എണ്ണത്തിനെ ഇത് ഒട്ടും ബാധിച്ചിട്ടില്ല. ചെയ്യാൻ പറ്റുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇവിടുത്തെ കീടങ്ങളോട് പ്രതിരോധിക്കാൻ ശേഷിയില്ലാത്ത വിത്ത് അടുത്ത തവണ ചെയ്യാതിരിക്കുക. രണ്ട് ഇതേ വിത്തുകൾ വീണ്ടും വീണ്ടും കൃഷി ചെയ്ത് അതിന്റെ ഈ പ്രദേശത്തുള്ള കീടങ്ങളോടുള്ള പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തിയെടുക്കുക. അങ്ങിനെയാണ് ഇത്രയധികം വിത്തുകൾ കർഷകർ വികസിപ്പിച്ചെടുത്തത് തന്നെ. സങ്കരയിനം വിത്തുകൾ കർഷകന്റെ മുകളിൽ അടിച്ചേൽപിച്ചതു വഴി അതിൽ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടു. ഹരിത വിപ്ലവത്തിന്റെ ഭാഗമായി അവതരിച്ച “മിറാക്ൾ സീഡ്” എന്നു വിശേഷിപ്പിച്ച IR8 എന്ന സങ്കരയിനം വിത്ത് ഇന്ന് ഏതെങ്കിലും ഒരു കർഷകൻ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ടോ? പട്ടിണി മാറ്റിയെന്ന് അവകാശപ്പെടുന്ന വിത്തിനെന്തുപറ്റി. “ബാക്ടീരിയൽ ബ്ലൈറ്റ്” എന്ന രോഗം കാരണം എത്ര കീടനാശിനി അടിച്ചിട്ടും മാറാത്തതുകൊണ്ട് നിവൃത്തിയില്ലാതെ കർഷകർ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്. പട്ടിണി മാറ്റുമെന്ന് പറയുന്ന വിത്തുകൾ ഇങ്ങനെപോയാൽ ഭാവിയിൽ പട്ടിണി വരുത്തുകയാണ് ചെയ്യുക.സസ്യങ്ങൾ മണ്ണിലെയും ജലത്തിലെയും ഹെവിമെറ്റൽസ് വലിച്ചെടുക്കുമെന്ന് പറഞ്ഞത് ശരിയാണ്. പ്രകൃതിയിൽ അത്തരത്തിൽ മണ്ണിലെ വിഷങ്ങൾ കൂടുതൽ വലിച്ചെടുക്കുന്ന സസ്യങ്ങൾ ഒരുപാടുണ്ട്. പക്ഷേ അവയുടെ ഫലങ്ങളൊന്നും നമ്മൾ അങ്ങിനെ ഭക്ഷിക്കാറില്ല. ‘ചേര്’ അതിനൊരു ഉദാഹരണമാണ്. എന്നാൽ രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ അതിനോടൊപ്പം കൃഷിയിടത്തിലേക്കു വരുന്ന ലെഡ്, കാഡ്മിയം പോലെയുള്ള ഹെവി മെറ്റൽസ് വിളകൾ വലിച്ചെടുക്കും. ഇത് സ്വാഭാവികമായും മണ്ണിലുള്ളതിലും എത്രയോ മടങ്ങ് കൂടുതലാണ്. ഫാക്ടറികളിലൂടെ പുറം തള്ളുന്ന മാലിന്യത്തിലൂടെയും ഇത് കൃഷിയിടങ്ങളിലെത്താൻ സാധ്യതയുണ്ട്. പിന്നെ ഇന്നത്തെ രീതിയിൽ മുന്നോട്ട് പോയിട്ടില്ലെങ്കിൽ ജൈവകൃഷിയിയിലേക്ക് തിരിച്ചു പോയാൽ ലോകത്ത് പട്ടിണി വരും ക്ഷാമം വരുമെന്നുമൊക്കെ ഇടയ്ക്കിടക്ക് മതവിശ്വാസികൾ പറയുംപോലെ, ഇങ്ങനെ ചെയ്തില്ലെങ്കിൽ നരകത്തിൽ പൊകും ഇങ്ങനെ ചെയ്താൽ സ്വർഗ്ഗത്തിൽ പോകുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്നുണ്ടല്ലോ. സൈലന്റ് വാലി പദ്ധതി വന്നില്ലെങ്കിൽ കേരളം ഇരുട്ടിലായിപ്പോകും എന്നൊരു കാലത്ത് പ്രചരിപ്പിച്ചത് പോലെയാണിത്. ഒരു കാര്യം പറയട്ടെ പട്ടിണിയും ഉൽപാദനവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇന്ന് ലോകജനതയ്ക്ക് ആവശ്യമുള്ളതിലധികം ഉൽപാദിപ്പിക്കുന്നുണ്ട്, എന്നിട്ടും ലോകത്ത് പട്ടിണിക്ക് കുറവൊന്നുമില്ലല്ലോ.ഇന്ത്യയിൽ ഇന്ന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇരട്ടിയിലധികം ഉൽപാദിപ്പിക്കുന്നുണ്ട്. (ഹരിത വിപ്ലവമൊന്നുമല്ല ഈ ഉൽപാദനം കൂടാനുള്ള കാരണമെന്ന് ആദ്യമേ പറയട്ടെ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നെല്ല്, ഗോതമ്പ് കൃഷിയിടങ്ങളുടെ വിസ്തീർണം കൂടി. ജലസേചന സംവിധാനങ്ങളും വർദ്ധിച്ചു. കണക്കുകളെടുത്തു നോക്കിയാൽ കാണാം. എന്നാൽ മറ്റു ധാന്യങ്ങളുടെ അളവ് കുറഞ്ഞിട്ടുമുണ്ട്.) അതായത് ഇന്ന് ഇന്ത്യയിൽ 252 ദശലക്ഷം ടൺ ഭക്ഷ്യ ധാന്യങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. അതിന്റെ പകുതിയേ നമുക്കാവശ്യമുള്ളൂ. എന്നിട്ടും ഇന്ത്യയിൽ 23 ശതമാനം ജനങ്ങൾ പട്ടിണിയിലാണ്. നമ്മുടെ സംഭരണ വിതരണ സംവിധാനത്തിലെ അപാകതയാണ് ഈ പട്ടിണിക്ക് കാരണം. നല്ലൊരു ശതമാനം ഭക്ഷ്യ ധാന്യങ്ങളും FCI ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്.ഇനി കേരളത്തിലേക്ക് വരാം, രാസകൃഷി കാരണം നമ്മുടെ ഭക്ഷ്യോൽപാദനം വർദ്ധിച്ചോ? കർഷകർ രക്ഷപെട്ടോ, കർഷകരുടെ വരുമാനം കൂടിയോ? ഹരിത വിപ്ലവത്തിന്റെ കാലത്ത് 9 ലക്ഷം ഹെക്ടർ വയലുണ്ടായിരുന്ന കേരളത്തിൽ ഇന്ന് രണ്ട് ലക്ഷം ഹെക്ടർ വയലുപോലുമില്ല. രാസകൃഷി വരുമാനം കൂട്ടുമെങ്കിൽ എന്തേ കർഷകർ നെൽകൃഷി ഉപേക്ഷിച്ചത്? നമ്മൾ അതിനെകുറിച്ച് ബേജാറാകുന്നതെന്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷണം കിട്ടുന്നുണ്ടല്ലോ. എത്ര കാലം കിട്ടുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. മലയാളികൾ കുറച്ചു കാലം മുമ്പ് തുടങ്ങിയ പരിപാടി അവരും ആരംഭിച്ചിട്ടുണ്ട്. നാടുവിട്ടു പുറത്ത് ജോലിക്കു പോകുക. എന്തു കൊണ്ടാണ് ഒരു ജനതയ്ക്ക് നാടു വിടേണ്ടി വരുന്നത്. സ്വന്തം നാട്ടിൽ നിന്ന് വരുമാനം ലഭിക്കാത്തതു കൊണ്ട്. ഒരു ഇന്ത്യൻ കർഷകന്റെ ശരാശരി വരുമാനം എത്രയാണെന്ന് നിങ്ങൾക്കറിയോ. കഴിഞ്ഞ 20 വർഷം കൊണ്ട് എത്ര കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഈ രാസകൃഷി വിളവ് വർദ്ധിച്ചെങ്കിൽ ഉൽപാദനം കൂട്ടിയെങ്കിൽ എന്തു കൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുന്നു? എന്തു കൊണ്ട് കർഷകന്റെ വരുമാനം വർദ്ധിച്ചില്ല. ഹരിതവിപ്ലവം അതിന്റെ പൂർണതയിൽ നടപ്പിൽ വരുത്തിയെന്ന് പറയുന്ന പഞ്ചാബിൽ കഴിഞ്ഞ വർഷം എത്ര പേർ ആത്മഹത്യ ചെയ്തെന്നറിയുമോ?കീടനാശിനികൾ അമിതമായി കർഷകർ ഉപയോഗിക്കുന്നത് കൊണ്ടാണ് പ്രശ്നമെന്നു പറഞ്ഞ് കർഷകരെ കുറ്റപ്പെടുത്തുന്ന വരേണ്യ ശാസ്ത്രീയ ബോധം ഉണ്ടല്ലോ. അത് രവിചന്ദ്രനേ ചേരൂ. താങ്കൾക്ക് ചേരില്ല. ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന കഴിഞ്ഞ തലമുറയിലെ കർഷകരും അക്ഷരാഭ്യാസം കുറവുള്ളവരാണെന്ന സത്യം മനസ്സിലാക്കണം. ഭൂതകണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ കീടനാശിനികൾ ഉപയോഗിക്കേണ്ട രീതി എഴുതിയാൽ ആർക്കാണ് വായിക്കാൻ പറ്റുക. ഇതറിയാൻ പാടില്ലാത്തവരാണോ നിങ്ങളുടെ ശാസ്ത്ര സമൂഹം. ഇങ്ങനെ അപകടം പിടിച്ച സാധനമാണെങ്കിൽ എന്തിന് പാവം കർഷകന്റെ മേൽ അടിച്ചേൽപിച്ചത്. സ്വാഭാവികമായും അത് അവൻ സൗകര്യം പോലെ ഉപയോഗിക്കും. കീടങ്ങൾ ചാകാത്തതു കൊണ്ടാണല്ലോ കൂടുതൽ ഡോസു കൂട്ടി അടിക്കേണ്ടി വരുന്നത്. അല്ലാതെ കാശു കൊടുത്തു കീടനാശിനി വാങ്ങാൻ പൂതിയുണ്ടായിട്ടല്ല. എന്നിട്ട് കുറ്റം കർഷകനും. കർഷകർ ആത്മഹത്യ ചെയ്യുകയോ കൃഷി ഉപേക്ഷിക്കുയോ ചെയ്യുന്ന കാലത്ത് അവർക്ക് പ്രതീക്ഷ നൽകുന്ന ഒരേർപ്പാടു കൂടിയാണ് ജൈവകൃഷി. അത് മനസ്സിലാകണമെങ്കിൽ ഈ ആത്മഹത്യ ചെയ്ത കർഷകരിൽ എത്ര ജൈവകർഷകരുണ്ടെന്ന് പരിശോധിച്ചാൽ മതി. ഈ ജൈവകൃഷി പ്രചരണം കൊണ്ട് മാത്രമാണ് പലമേഖലയിൽ ജോലി ചെയ്യുന്നവരും ചെറുപ്പക്കാരുമെല്ലാം ഇപ്പോൾ കൃഷിയിലേക്ക് തിരിയുന്നത്. കർഷകന്റെ ഉൽപന്നങ്ങൾക്ക് അതിന്റെ മൂല്യ വില ലഭിക്കാൻ തുടങ്ങിയത് തന്നെ ജൈവകർഷകരുടെ ഇടപെടൽ മൂലമാണ്. കൃഷി ഒരഭിമാനമള്ള ജോലിയാണെന്നുള്ള ബോധം വളരാൻ തുടങ്ങിയതും ജൈവ കർഷകരുടെ ഇടപെടൽ മൂലമാണ്.
ഇല്ല്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്കും പട്ടിണിക്കും ശാസ്ത്രമല്ല എന്ന കാരണം സായ് കിരണ്‍ പിന്നീട് വിശദികരിച്ചു.
കാർഷികോൽപ്പാദനം വർദ്ധിച്ചത് ആധുനിക ശാസ്ത്രീയ കൃഷി രീതികളുടെ സഹായത്തൊടെ തന്നെയാണ്. അതിൽ സംശയമൊന്നും വേണ്ട. ഉൽപ്പാദനം കൂടിയിട്ടും പട്ടിണി കിടക്കുന്നത് ശാസ്ത്രത്തിന്റെ തകരാറല്ല, അത് രാഷ്ട്രീയമായ കാര്യമാണ്. രാഷ്ട്രീയം, എക്കണോമി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കർഷക ആത്മഹത്യ പോലുള്ള സാമൂഹ്യപ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത്, അല്ലാതെ ശാസ്ത്രവുമായി അതിന് ബന്ധമൊന്നുമില്ല. കുറേപേർ കൃഷിയിലേക്ക് വന്നു എന്നതുകൊണ്ടും മട്ടുപ്പാവിൽ കൃഷി ചെയ്യുന്നു എന്നതുമൊന്നും ശാസ്ത്രനിരാകരണത്തിനുള്ള കാരണമല്ല. കൂടുതൽ വില ചോദിക്കുന്നതിനെയല്ല എതിർക്കുന്നത്, ചൂഷണത്തെയാണ്. അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്. 20 രൂപക്ക് അരി കിട്ടേണ്ട നേട്ടങ്ങളുള്ളപ്പോൾ 200 രൂപക്ക് വാങ്ങി അത്രയും തുക നഷ്ടപ്പെടുത്തേണ്ട അവസ്ഥ ജനങ്ങൾക്കില്ല അഥവാ തെറ്റിദ്ധാരണാപ്രചാരണങ്ങളിലൂടെ കച്ചവടം സൃഷ്ടിച്ചെടുത്ത് കൊഴുപ്പിക്കേണ്ടതില്ല. അർബനൈസേഷനും കാലാവസ്ഥാവ്യതിയാനങ്ങളും മൂലം ആഗോളകൃഷിഭൂമി ചുരുങ്ങികൊണ്ടിരിക്കുന്നും കൂടാതെ ജനസംഖ്യയും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തെ തൃപ്തിപ്പെടുത്താൻ ജൈവകൃഷിയുൽപ്പാദനം കൊണ്ട് സാധ്യമല്ല. അരി ഇറക്കുമതി ചെയ്യുന്ന ജൈവസംസ്ഥാനമായ സിക്കിം ചെറിയൊരു ഉദാഹരണം മാത്രം.
അതേസമയം ഇന്ത്യന്‍ പുസ്തകങ്ങളോടും ശാസ്ത്രജ്ഞരോടുമുള്ള സായ് കിരണിന്റെ സമീപനത്തോടുള്ള വിമര്‍ശനമാണ് പിന്നീടുള്ള മറുപടിയില്‍ ഇല്ല്യാസ് കുറിക്കുന്നത്.
Also Read: [പുസ്തകം] കാര്‍ട്ടറുടെ കഴുകന്‍: കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും
ഇരുവരുടേയും ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകള്‍. (സായ് കിരണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല).
https://www.facebook.com/photo.php?fbid=2009361332422820&set=a.1352741788084781.1073741830.100000469187116&type=3&theater
Szai Kiran നു മറുപടി.സസ്യങ്ങൾ ജൈവവിഷം ഉൽപാദിപ്പിക്കുമെന്നുള്ളകാര്യം പുതിയ അറിവൊന്നുമല്ല സായീ.ഈ വിഷത്തിനെ…
Posted by Illias KP on Wednesday, 30 August 2017
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|