ഓണക്കാലത്ത് സംസ്ഥാനത്തെ പച്ചക്കറി സമൃദ്ധമാക്കാൻ കൃഷി വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഊർജ്ജിതമാക്കുന്നു
ഓണക്കാലത്ത് സംസ്ഥാനത്തെ പച്ചക്കറി സമൃദ്ധമാക്കാൻ കൃഷി വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഊർജ്ജിതമാക്കുന്നു. ഓണത്തിനു വിഷരഹിത പച്ചക്കറി വീടുകളിൽതന്നെ വിളയിക്കാൻ ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി അവതരിപ്പിച്ചത്. ഇതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തി വിത്തുകൾ, തൈകൾ, തൈകൾ നട്ടുപിടിപ്പിച്ച ഗ്രോബാഗുകൾ എന്നിവ വിതരണം ചെയ്യുന്നു.
45 ലക്ഷം പച്ചക്കറി വിത്തുപാക്കറ്റുകളും ഒരു കോടി പച്ചക്കറിത്തൈകളും കൃഷിഭവനുകളിലൂടെ ലഭ്യമാക്കുമെന്നും കൃഷി വകുപ്പ് അറിയിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് 20–25 കുട്ടികൾ ഉൾപ്പെടുന്ന കാർഷിക ക്ലബുകൾ വഴി കൃഷി ചെയ്യുന്നതിന് 4000 രൂപ നൽകും. കുറഞ്ഞത് പത്തു സെന്റ് സ്ഥലം വേണം. നിശ്ചിത സ്ഥലം ഇല്ലാത്ത സ്കൂളുകൾക്ക് ഗ്രോബാഗിലോ ലഭ്യമായ സ്ഥലത്തോ പദ്ധതി മാനദണ്ഡങ്ങൾക്ക് അനുസൃതമായി കൃഷി ചെയ്യാം.
സ്കൂളുകളിലെ നേച്ചർ ക്ലബ്, ഇക്കോ ക്ലബ്, ഗ്രീൻ കേഡറ്റ് കോർപ്സ് എന്നിവയ്ക്കുള്ള പരിശീലനം, കൃഷിയിട സന്ദർശനം, ഡോക്കുമെന്റേഷൻ എന്നിവയ്ക്ക് 1000 രൂപയും സഹായമായി നൽകും. ജലക്ഷാമം നേരിടുന്ന 50 സ്കൂളുകൾക്ക് ജലസേചന സൗകര്യമൊരുക്കാൻ 10,000 രൂപ വീതവും സർക്കാർ നൽകും.
കുറഞ്ഞത് 50 സെന്റ് തരിശുഭൂമിയുള്ള സ്വകാര്യ, പൊതു സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും എൻജിഒകൾക്കും പദ്ധതി അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി ചെയ്യാനും സഹായം ലഭിക്കും. സ്ഥാപനങ്ങൾക്കു സ്വന്തമായി സ്ഥലമില്ലെങ്കിൽ ലഭ്യമായ സ്ഥലത്തു കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി ചെയ്യാൻ 15 കർഷകരെങ്കിലും അംഗങ്ങളായ ക്ലസ്റ്ററുകൾക്ക് 75,000 രൂപ സഹായം ലഭിക്കും.
ഏഴു ഹെക്ടർവരെ കൃഷി ചെയ്യുന്ന കർഷക ക്ലസ്റ്ററുകൾക്ക് 1.05 ലക്ഷം രൂപ സഹായം നൽകും. യുവകർഷക ക്ലസ്റ്ററുകൾക്കും വിദ്യാർഥി ക്ലസ്റ്ററുകൾക്കും മുൻഗണനയുണ്ട്. എ ഗ്രേഡ് /സൂപ്പർ ഗ്രേഡ് / മാർക്കറ്റ് ക്ലസ്റ്ററുകൾക്ക് ഒരു ക്ലസ്റ്ററിന് 1.50 ലക്ഷം രൂപ വീതം ആവശ്യാധിഷ്ഠിതമായി നൽകും. ജലസേചന സൗകര്യം ഒരുക്കാനും സസ്യസംരക്ഷണ ഉപാധികൾക്കും പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
Also Read: ഇനി ചട്ടിയും മണ്ണുമൊന്നും വേണ്ട; അലങ്കാര ചെടി പ്രേമികൾക്കായി എയർ പ്ലാന്റ്സ് വരുന്നു
Image: pixabay.com