റബർ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പ്രതിസന്ധിയിൽ വലഞ്ഞ് ചെറുകിട റബർ കർഷകർ
റബർ വില താഴോട്ടു പതിക്കുന്നതിനിടെ പ്രതിസന്ധിയിൽ വലഞ്ഞ് നട്ടംതിരിയുകയാണ് ചെറുകിട റബർ കർഷകർ.
റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങളൊന്നും തന്നെ ഫലം കാണാത്ത സാഹചര്യത്തിൽ റബർ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചനകൾ.
കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും കാരണം നിർത്തിവെച്ച ടാപ്പിങ് ഇനിയും കാര്യമായി തുടങ്ങാത്തത് റബർ ഉൽപാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ, വിപണിയിൽ വില ഉയരാത്തതിനാൽ സംസ്ഥാനത്തെ 80 മുതൽ 90 ശതമാനം വരെ വരുന്ന ചെറുകിട റബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വരവും ചെലവും പൊരുത്തപ്പെടാത്ത ഈ സ്ഥിതി തുടർന്നാൽ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത് ഈ വിഭാഗത്തിന് അസാധ്യമാകും.
Also Read: മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകാവശ്യങ്ങള്‍ അംഗീകരിച്ചു; കിസാന്‍സഭ സമരം പിന്‍വലിച്ചു
കൂനിമേൽക്കുരുവെന്ന പോലെ കേന്ദ്രം റബർ ഇറക്കുമതിക്കുള്ള അനുമതി നൽകിയതും ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ വിസമ്മതിക്കുന്നതും റബർ മേഖലയെ കൂടുതൽ ദുർബലമാക്കുന്നു. ടയർലോബിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് കർഷകരും സംഘടനകളും ആരോപിക്കുന്നത്. വിപണിയിൽ റബർ വരവ് കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ 125.50 രൂപവരെയെത്തിയ ആർ.എസ്.എസ് നാലിന് വ്യാപാരി വില 122 രൂപയാണ്. അഞ്ചാം ഗ്രേഡിന് 120 രൂപയും. വിലയിലെ ഈ ചാഞ്ചാട്ടം കർഷകരെ വലക്കുകയാണ്. വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും വ്യാപാരികളും റബർ പിടിച്ചുവെക്കുന്നുണ്ടെങ്കിലും വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നവയല്ല. ഏപ്രിൽ അവസാനത്തോടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ ഉറപ്പും ജലരേഖയാകുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ റബർ കർഷകർ.