കോവിഡ് നിരീക്ഷണ കാലത്ത് കൃഷിയൊരുക്കി ആരോഗ്യ പ്രവർത്തകൻ മാതൃകയാകുന്നു!
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിട്ട ജോലികൾക്കിടയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരനായ എടപ്പാൾ, അയിലക്കാട്, കണ്ടംകുളത്ത് വളപ്പിൽ പ്രകാശന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്. മണ്ണിന്റെ മണമറിഞ്ഞ് പച്ചപ്പിന്റെ കാർഷിക വഴികളിലൂടെ ഗമിക്കുന്ന പ്രകാശന്റെ കർഷകമനസ്സിന് രോഗസംശയത്താൽ പൂര്‍ണ്ണസമയം വീട്ടിൽ തളച്ചിടപ്പെടാന്‍ കഴിയുമായിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പുറത്ത് പോകാതെ, വീടിനോട് ചേർന്നുള്ള, സുഹൃത്തിന്റെ കാട് പിടിച്ച് കിടന്നിരുന്ന 20 സെന്റ് തരിശ് സ്ഥലം പാട്ടത്തിനെടുത്ത് പ്രകാശന്‍ മരച്ചീനി കൃഷിയാരംഭിച്ചു.
അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി നെല്ലും നേന്ത്രവാഴയും പച്ചക്കറികളുമൊക്കെ വിജയകരമായി കൃഷിചെയ്ത് ശീലമുള്ള പ്രകാശന് കാർഷിക പ്രവർത്തനങ്ങളോടും പച്ചപ്പിനോടും സ്വാഭാവിക ഇഴയടുപ്പമുണ്ട്. മണ്ണിൽ നന്നായദ്ധ്വാനിച്ച് ശാസ്ത്രിയ കൃഷിരീതികൾ പാലിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ മനസ്സൊരുക്കം കാഴ്ചക്കാർക്ക് വിസ്മയം പകരുന്ന ഒന്നാണ്. രോഗിയായി നിരിക്ഷണത്തിലിക്കുന്നതിന്റെ മാനസിക സമർദ്ദം കുറക്കാനും അതോടൊപ്പം കോവിഡ് പ്രതിസന്ധിയിലൂടെ രൂപപ്പെട്ടേക്കാവുന്ന ഭക്ഷ്യപ്രതിസന്ധിയെ പ്രതിരോധിക്കുവാനും തന്റെ കാർഷിക പ്രവർത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രകാശൻ പറയുന്നു. ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫീല്‍ഡ് സ്റ്റാഫാണ് പ്രകാശന്‍.
കൃഷിക്കാവശ്യമായ മരച്ചീനിതണ്ടുകൾ “സുഭിക്ഷ കേരളം” പദ്ധതിയിലുൾപ്പെടുത്തി എടപ്പാൾ കൃഷിഭവൻ സൗജന്യമായി നല്കി. കൂടാതെ, കാർഷിക ഉദ്യോഗസ്ഥരുടെ നിരന്തര കൃഷിയിട സന്ദർശനവും ഉപദേശ നിർദ്ദേശങ്ങളും ചേര്‍ന്ന ഉറച്ച പിന്തുണയാണ് പ്രകാശന് ലഭിക്കുന്നത്.
Also Read: കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്