പശുക്കള്‍ക്ക് അജ്ഞാതരോഗം? അജ്ഞാത രോഗകാരിയുടെ ചുരുളഴിക്കുമ്പോള്‍
“പശുക്കള്‍ക്ക് അജ്ഞാതരോഗം, ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍”
ഏകദേശം ഒരു മാസം മുമ്പ് മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ വന്ന വാര്‍ത്തയാണിത്.
ക്ഷീരവികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കര്‍ഷകര്‍ കര്‍ണാടകയില്‍ പോയി വാങ്ങിച്ച ലക്ഷണമൊത്ത പശുക്കളാണ് നാട്ടിലെത്തിയതോടെ രോഗബാധയേറ്റ് ചത്തൊടുങ്ങിയത്. നാട്ടിലെത്തിയതിന്റെ ഒരാഴ്ചക്കകം പശുക്കള്‍ ശക്തമായ പനി, ശ്വാസതടസ്സം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതായും മരണത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ അവയുടെ മൂത്രവും, ചാണകവും ചോരനിറത്തില്‍ വ്യത്യാസപ്പെട്ടതായും, കര്‍ഷകരെ ഉദ്ധരിച്ച് വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി, രോഗലക്ഷണങ്ങള്‍ക്കൊപ്പം രക്തസാമ്പിളുകള്‍ അടക്കം പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുകയും, മതിയായ ചികിത്സ ഉറപ്പുവരുത്തുകയുമുണ്ടായി. കര്‍ഷകര്‍ പറഞ്ഞതായി വാര്‍ത്തയില്‍ വന്ന രോഗലക്ഷണങ്ങളും സാഹചര്യങ്ങളുമെല്ലാം തന്നെ അജ്ഞാതനായ ആ രോഗകാരിയിലേക്ക് കൃത്യമായ വെളിച്ചം വീശുന്നുണ്ട്. കേരളത്തിലെ പശുക്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായി കണ്ടുവരുന്ന തൈലേറിയോസിസ് എന്ന സാംക്രമിക രോഗമായിരുന്നു ഇവിടെ വില്ലന്‍. നീണ്ടുനില്‍ക്കുന്ന പനിയും, തളര്‍ച്ചയും, രോഗാവസാനത്തിലുണ്ടാവുന്ന ചോരകലര്‍ന്ന മൂത്രവുമെല്ലാം തൈലേറിയ രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളാണ്. രോഗബാധയേറ്റാല്‍ വലിയ ഉല്പാദന, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാവുന്ന തൈലേറിയ രോഗം, പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ (Emerging disease) പ്രധാനമാണ്.
Also Read: എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം
എന്താണ് തൈലേറിയ രോഗം?
പ്രോട്ടസോവ വിഭാഗത്തിലെ തൈലേറിയ എന്നയിനം ഏകകോശപരാദ ജീവികള്‍ കാരണമായുണ്ടാവുന്ന അസുഖമാണ് തൈലേറിയ രോഗം അഥവാ തൈലേറിയോസിസ്. പശുക്കളെയും, ആടുകളെയും, ചെമ്മരിയാടുകളെയുമെല്ലാം രോഗം ബാധിക്കും. രക്തകോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുന്ന രോഗാണുവിനെ മൃഗങ്ങളിലേക്ക് പടര്‍ത്തുന്നത് പട്ടുണ്ണി, വട്ടന്‍ എന്നൊക്കെ അറിയപ്പെടുന്ന രക്തമൂറ്റി കുടിക്കുന്ന ബാഹ്യ പരാദങ്ങളാണ്. തൈലേറിയ പ്രോട്ടോസോവ കുടുംബത്തില്‍ രോഗകാരികളായ നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും തൈലേറിയ ആനുലേറ്റ എന്നയിനം കാരണമായുണ്ടാവുന്ന ട്രോപ്പിക്കല്‍ തൈലേറിയോസിസ് രോഗമാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. ഹയലോമ എന്നറിയപ്പെടുന്ന പട്ടുണ്ണികളാണ് ട്രോപ്പിക്കല്‍ തൈലേറിയോസിസ് പടര്‍ത്തുന്നത്.
തൈലേറിയ രോഗവ്യാപനം എന്തുകൊണ്ട്?
രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തതും എന്നാല്‍ രോഗവാഹകരുമായ (Career) പശുക്കളുടെ വര്‍ധന, കാലാവസ്ഥാ വ്യതിയാനം, രോഗം പരത്തുന്ന പട്ടുണ്ണികളുടെ വര്‍ധന, ഉല്പ്പാദനശേഷിയുയര്ന്ന സങ്കരയിനം പശുക്കള്‍ക്ക് രോഗപ്രതിരോധശേഷി കുറവായത്, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാണ് രോഗസാധ്യത വര്‍ധിക്കാന്‍ ഇടയാക്കിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും വാങ്ങി കേരളത്തിലെത്തിക്കുന്ന കറവപശുക്കളില്‍ രോഗം കൂടുതലായി കാണപ്പെടുന്നു. ദീര്‍ഘയാത്രയും പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവുമെല്ലാം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷിയെ തളര്ത്താനിടവരുത്തും. പശുക്കളുടെ ശരീരത്തില്‍ അവയുടെ പ്രതിരോധശേഷി കാരണം നിഷ്ക്രിയരായി കഴിയുന്ന തൈലേറിയ രോഗാണുക്കള്‍ ഈയവസരത്തില്‍ പെരുകുന്നതാണ് രോഗത്തിലേക്ക് നയിക്കുന്നത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തൈലേറിയ രോഗനിരക്ക് പൊതുവെ ഉയര്‍ന്നതാണ്. സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനാല്‍ വേനലിലും, മഴക്കാലത്തിന്റെ ആരംഭത്തിലും ഗര്‍ഭകാലത്തുമെല്ലാം രോഗസാധ്യത കൂടുതലാണ്.
എങ്കിലും നമ്മുടെ തനത് നാടന്‍ പശുക്കള്‍ തൈലേറിയ രോഗാണുവിനെതിരെ അസാമാന്യമായ പ്രതിരോധശേഷി പുലര്‍ത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രോഗാണുബാധയേറ്റിട്ടുണ്ടെങ്കിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പോലും പുറമെ കാണിക്കാറില്ല. എന്നാല്‍ സങ്കരയിനം പശുക്കളെ രോഗാണു അതീവ ഗുരുതരമായി ബാധിക്കുന്നു.
രോഗം പകരുന്നതെങ്ങനെ?
പട്ടുണ്ണികള്‍ രോഗബാധയേറ്റതോ, രോഗവാഹകരോ ആയ പശുക്കളുടെ രക്തമൂറ്റുമ്പോള്‍ തൈലേറിയ രോഗാണുവിന്റെ ബീജകോശങ്ങള്‍ പട്ടുണ്ണികളുടെ ദഹനവ്യൂഹത്തില്‍ എത്തിച്ചേരുന്നു. അവിടെ വച്ച് ബീജകോശങ്ങള്‍ പ്രത്യുല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ശേഷം രോഗം പടര്‍ത്താന്‍ തീവ്രശേഷിയുള്ള സൂക്ഷ്മകോശങ്ങള് അഥവാ സ്പോറോസോയിറ്റുകള്‍ ആയി പരിണമിക്കുന്ന രോഗാണു പട്ടുണ്ണികളുടെ ഉമിനീര് ഗ്രന്ഥിയില്‍ വാസമുറപ്പിക്കും. പട്ടുണ്ണികള്‍ രോഗബാധയില്ലാത്ത പശുക്കളുടെ രക്തമൂറ്റുമ്പോള്‍, പട്ടുണ്ണികളുടെ ഉമിനീര് വഴി രോഗാണുക്കള്‍ പശുക്കളുടെ രക്തത്തിലെത്തി ചേരും.
Also Read: പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം
പശുക്കളുടെ രക്തകോശങ്ങളിലൊന്നായ ശ്വേതരക്താണുക്കളില്പ്പെട്ട ലിംഫോസൈറ്റുകളെയാണ് രോഗാണു ആദ്യമായി ആക്രമിക്കുക. ലിംഫോസൈറ്റുകള്ക്കുള്ളില് വച്ചും അവയുടെ ഉറവിടമായ ലസികാ ഗ്രന്ഥികളില്‍ (Lymph node) വെച്ചും വലിയ കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്ന രോഗാണുവിന്റെ സൂക്ഷ്മകോശങ്ങള്, തുടര്‍ന്നു വിഘടിച്ച് പെരുകുകയും ചെയ്യും. സ്വയം വിഘടിച്ച് പെരുകുന്നതിനൊപ്പം ലിംഫോസൈറ്റുകളുടെ വിഘടനത്തിനും പെരുകലിനും രോഗാണു വഴിയൊരുക്കും. ഇങ്ങനെ പുതുതായി ഉണ്ടാവുന്ന ഓരോ ലിംഫോസൈറ്റ് കോശത്തെയും ആക്രമിക്കുന്ന പ്രോട്ടോസോവല്‍ രോഗാണു സമാന നശീകരണരീതി ആവര്‍ത്തിക്കുന്നതിനൊപ്പം ലിംഫ പര്യയന വ്യവസ്ഥ വഴി ശരീരത്തിലെ ലസികാഗ്രന്ഥികളെയാകെ ബാധിക്കുകയും ചെയ്യും. ശ്വേതരക്താണുക്കളായ ലിംഫോസൈറ്റുകളെ മാത്രമല്ല, രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ അരുണരക്താണുക്കളെ കൂടി ആക്രമിക്കും.
രണ്ടാം ഘട്ടത്തില്‍ അഥവാ രോഗബാധയേറ്റ 14 മുതല്‍ 16 ദിവസത്തിനുള്ളില്‍ ശ്വേതരക്തകോശങ്ങളെ തകര്‍ത്ത് പുറത്തു വരുന്ന തൈലേറിയയുടെ സൂക്ഷ്മാണുക്കള്‍ അരുണരക്താണുക്കളെ ആക്രമിച്ച് നശിപ്പിക്കുന്നു. രണ്ടുതരം രക്തകോശങ്ങളെയും നശിപ്പിക്കാനുള്ള രോഗാണുവിന്റെ ശേഷി തൈലേറിയ രോഗത്തെ ഗുരുതരമാക്കി തീര്‍ക്കുന്നു. ഈ ഘട്ടത്തില്‍ പശുവിന്റെ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളിലേക്ക് രോഗാണു തിരിച്ച് പകരുകയും ജീവിതചക്രം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?
രോഗബാധയേറ്റ് രണ്ടു മൂന്നു ആഴ്ചകള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. 8 മുതല്‍ 16 ദിവസത്തിനുള്ളില്‍ ഉപരിതല ലസികാഗ്രന്ഥികളില്‍ (Supertical Lymph node) ശക്തമായ വീക്കം ശ്രദ്ധയില്‍പ്പെടും. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ 106 ഡിഗ്രിക്ക് മുകളിലുള്ള ശക്തമായ പനി, തീറ്റയോടുള്ള വിരക്തി, മെലിച്ചില്‍, കറവ പശുക്കളുടെ പാല് ഉല്‍പ്പാദനം ഗണ്യമായ കുറയല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, പ്രയാസത്തോടു കൂടിയ ശ്വസനം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ശ്വാസകോശ അറകള്‍ക്ക് ചുറ്റും നീര്‍ക്കെട്ട് ഉണ്ടാവുന്നതാണ് ശ്വസനതടസ്സത്തിന് കാരണം. കണ്ണിലെയും മറ്റു ശ്ലേഷ്മസ്തരങ്ങളില്‍ രക്തവാര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണാം. തുടര്‍ന്ന് പശു മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. കൃത്യമായ സമയത്ത് ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം രോഗം ഗുരുതരമായിത്തീരും. രോഗത്തിന്റെ അവസാനഘട്ടത്തില്‍ രക്തം കലര്‍ന്ന ചാണകത്തോട് കൂടിയ വയറിളക്കവും, കട്ടന്‍ കാപ്പിയുടെ നിറത്തിലുള്ള മൂത്രവും, വിളര്‍ച്ചയുമെല്ലാം കാണാം. രോഗാണു രക്തത്തിലെ ചുവന്ന കോശങ്ങളെ കൂടി ആക്രമിച്ച് നശിപ്പിക്കുന്നതിനാലാണ് ഈ ലക്ഷണങ്ങള്‍ കാണിക്കുന്നത്. പിന്നീട് പശു തളര്‍ന്ന് കിടപ്പിലാവുകയും, മഞ്ഞപ്പിത്തവും, ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ മരണവും സംഭവിക്കും.
Also Read: മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന പേവിഷബാധ
ചികിത്സയും പ്രതിരോധവും
അനപ്ലാസ്മോസിസ്, ബബിസിയോസിസ്, ട്രിപ്പാനോസോമിയാസിസ്, എലിപ്പനി തുടങ്ങിയ രോഗങ്ങളില്‍ നിന്നെല്ലാം തൈലേറിയോസിസിനെ പ്രത്യേകം വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. തൈലേറിയ രോഗത്തോട് ഏറെ സാമ്യമുള്ള മറ്റൊരു പ്രോട്ടസോവല്‍ രോഗമായ ബബിസിയ രോഗത്തില്‍ ചുവന്ന രക്താംശമുള്ള മൂത്രം പ്രാഥമിക ലക്ഷണമായി തന്നെ കാണാന്‍ കഴിയും. രോഗം കൃത്യമായി തിരിച്ചറിയുന്നതിനായി ലക്ഷണങ്ങള്‍ക്കൊപ്പം രക്തപരിശോധനയും വേണ്ടിവരും. ഇതിനുള്ള സംവിധാനങ്ങള്‍ എല്ലാ മൃഗാശുപത്രികളിലും സജ്ജമാണ്.
ബൂപാര്വാക്വോണ്, ടെട്രാസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഒപ്പം വിപണിയില്‍ ലഭ്യമായ കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി എന്നിവയെല്ലാം അടങ്ങിയ ധാതുലവണ മിശ്രിതവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമായി ഡോക്ടറുടെ സഹായം തേടണം. രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ തൈലേറിയയ്ക്ക് എതിരെ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പുലര്‍ത്താറുണ്ട്.
തൈലേറിയക്കെതിരായ പ്രതിരോധ വാക്സിനുകള്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെടുകയോ, ഇതുവരെ ഉപയോഗിച്ച് തുടങ്ങുകയോ ചെയ്തിട്ടില്ല. നിലവില്‍ തൈലേറിയ രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി സൈപ്പര്‍മെത്രിന്‍, ഡെല്‍റ്റാമെത്രിന്‍, ഫ്ളുമെത്രിന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍ പശുക്കളുടെ ശരീരത്തിന് പുറത്തും, തൊഴുത്തിലും, പരിസരത്തും പ്രയോഗിക്കണം. പശുക്കളുടെ മേനിയില്‍ തളിക്കാവുന്നതും മുതുകില്‍ നീളത്തില്‍ വരക്കാവുന്നതുമായ തരത്തിലുള്ള വിവിധ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. പട്ടുണ്ണി നിയന്ത്രണത്തിനായി തൊലിക്കടിയില്‍ കുത്തിവെക്കാവുന്നതും, ഗുളിക രൂപത്തില്‍ നല്‍കാവുന്നതുമായ മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. കീടനിയന്ത്രണത്തിനായി കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ച് മേനിയില്‍ തടവുന്നതടക്കമുള്ള ജൈവമാര്ഗ്ഗങ്ങളും പ്രയോഗിക്കാം. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കില്ലെങ്കിലും, തൈലേറിയയുടെ നിശബ്ദ രോഗവാഹകരായ പശുക്കളെ കണ്ടെത്തുന്നതിനായി ഡയറി ഫാമുകളില്‍ ഇടക്കിടയും, പുതുതായി പശുക്കളെ കൊണ്ടുവരുമ്പോഴും രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണമാര്ഗമാണ്.
Also Read: പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍; ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്