“A1 മിൽക്കും A2 മിൽക്കും പിന്നെ അൽപ്പം പാൽ മാഹാത്മ്യവും,” ഹർഷ വി എസ് എഴുതുന്നു
അടുത്തിടെ പാൽ ഉപഭോക്താക്കൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുള്ള രണ്ട് പേരുകളാണ് A1 മിൽക്കും A2 മിൽക്കും. A2 മിൽക്ക് ആരോഗ്യത്തിനു മികച്ചതാണെന്നും A1 അങ്ങനെയല്ലെന്നുമുള്ള പ്രചാരണങ്ങളും പല കോണിൽ നിന്നും ഉയരുന്നു. A2 പാലു തരുന്ന നാടൻ പശുവിന്റെ “പാൽ മാഹാത്മ്യം” കാരണം ഉയർന്ന വിലയും ലഭിക്കുന്നുണ്ട്.
A1 പാലാണോ A2 പാലാണോ കൂടുതൽ മികച്ചത് എന്ന് എന്ന് ആധികാരികമായി തെളിയിക്കുന്ന ഗവേഷണഫലങ്ങൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ എന്താണ് A1, A2 മിൽക്ക് എന്ന് പരിശോധിക്കുകയാണിവിടെ.
പുരാതന കാലം മുതൽ മനുഷ്യൻ ഉപയോഗിച്ചു പോന്ന ഭക്ഷണപദാർത്ഥമാണ് പാൽ. പാൽ മികച്ച പോഷകാഹാരം എന്നാണ് നമ്മൾ പഠിച്ചതും. ICMR (Indian Council of Medical Research) ഒരു ദിവസം 250gm പാലെങ്കിലും ഒരാൾ കുടിക്കണമെന്നു ശുപാർശ ചെയ്തിട്ടുമുണ്ട്. പാലില്‍ ശരാശരി 87 ശതമാനം വെള്ളവും, ശേഷിക്കുന്നത്, ലാക്ടോസും, പ്രോട്ടീനും, കൊഴുപ്പും, ധാതു ലവണങ്ങളുമാണ്. 12.5% മുതൽ 13% വരെയുള്ള ഖരപദാർത്ഥങ്ങളിൽ, 3.5% മാണ് പ്രോട്ടീൻ.
പ്രോട്ടീന്‍ ഘടകത്തില്‍ 80 ശതമാനം കേസിനും, 20 ശതമാനം വേ പ്രോട്ടീനുമാണ് (Whey protein). പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസിനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസിനുകള്‍ പ്രധാനമായി A2 ബീറ്റാ കേസിന്‍, A1 ബീറ്റാ കേസിന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. അമിനോ ആസിഡ് ചങ്ങലയിലെ 207 അമിനോ ആസിഡ് കണ്ണികളുള്ളതിൽ, 67 മത്തെ സ്ഥാനത്ത് A2 മിൽക്കിൽ പ്രോലിനും A1 മിൽക്കിൽ ഹിസ്റ്റിഡിനുമാണ് കാണപ്പെടുന്നത് എന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.
A1 ബീറ്റ കേസിൻ ഉള്ള പാൽ കുടിച്ചാൽ, ചെറുകുടലിൽ ദഹന സമയത്ത് ഒരു പെപ്റ്റഡ് ഉണ്ടാകുന്നു. ബീറ്റ കാസൊമോർഫിൻ-7 (BCM-7) എന്നാണ് ഇതിന്റെ പേര്. BCM-7, ശരീരത്തിന്റെ പ്രതിരോധശേഷിക്കെതിരെ പ്രവർത്തിച്ച് ടൈപ്പ്-1 പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയ്ക്കു കാരണമായേക്കാം എന്നൊരു വാദം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വാദത്തിന് വിശ്വാസയോഗ്യമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
2009 ല്‍ ന്യൂസിലാന്റിലെ കെയ്ത്ത് വുഡ്ഫോര്‍ഡിന്റെ “ഡെവിള്‍ ഇന്‍ ദി മില്‍ക്” (Devil in the Milk) എന്ന പുസ്തകമാണ് A1, A2 മിൽക്കിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചത്. വായിക്കുന്നവരിൽ ഭീതി പടർത്തുന്ന വിധം, A1 പാലിനെ “ഡെവിൽ” ആക്കിയിട്ടുമുണ്ട് ഈ പുസ്തകത്തിൽ വുഡ്ഫോര്‍ഡ്. ഒരു കാലത്ത് എല്ലാ പശുക്കളുടെയും പാൽ A2 ആയിരുന്നുവെന്നും, യൂറോപ്യൻ പശുക്കൾക്ക് ജനിതകമാറ്റം വന്നതിനാൽ A1 പാലായി അത് പിന്നീട് മാറിപ്പോയതായും പുസ്തകത്തിൽ പറയുന്നു.
സ്വാഭാവികമായും പുസ്‌തകത്തിന്റെ പ്രയോജനം ലഭിച്ചത് A2 മിൽക്ക് നിർമിച്ച് വിപണിയിലെത്തിക്കുന്ന കമ്പനികൾക്കായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ന്യൂസിലൻഡിൽ തുടക്കമിട്ട A1, A2 തർക്കം മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അസോസിയേഷൻ നടത്തിയ പഠനങ്ങളിൽ, A1 മിൽക്ക് അസുഖങ്ങൾക്ക് കാരണമാകുന്നു എന്നു തെളിയിക്കുന്ന വസ്തുതകളൊന്നും ലഭിച്ചില്ല. ഡോ എൻ കെ ശർമയുടെ ‘Milk, a silent killer’ എന്ന പുസ്‌തകവും ചർച്ച ചെയ്യുന്നത് മേൽപ്പറഞ്ഞ ആരോപണമാണ്.
എന്നാൽ, എല്ലാ വിദേശയിനം പശുക്കളുടെ പാലും A1 വിഭാഗത്തിൽ പെടുന്നില്ല. ലോകത്താകമാനമുള്ള കന്നുകാലികളെ ചൂടുള്ള കാലാവസ്ഥയോട് ഇണങ്ങി വളരുന്ന bos indicus (Zebu), തണുപ്പുള്ള കാലാവസ്ഥയോട് ഇണങ്ങി വളരുന്ന bos taurus എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഇതിലൊന്നും ഉൾപെടാത്ത ഇനങ്ങളുമുണ്ട്. ഇതിൽ ആദ്യ വിഭാഗത്തിലാണ് ഇന്ത്യയിലെ കന്നുകാലികൾ പെടുന്നത്. നമ്മുടെ കന്നുകാലികളിൽ സഹിവാൾ, റെഡ് സിന്ധി, ഗിർ, കങ്കായം, അമൃത് മഹാൽ, ഹള്ളികർ, ഓങ്കോൾ, തർപാർകർ, കങ്കരാജ്, കൃഷ്ണവല്ലി, വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയവയാണ് പ്രമുകർ.
രണ്ടാം വിഭാഗത്തിലാകട്ടെ ജേഴ്‌സി, ഹോൾസ്റ്റിൻ ഫ്രീഷ്യൻ, ബ്രൗൺ സ്വിസ്, ബ്രിട്ടീഷ് വൈറ്റ്, ബർലിന, അയർഷെയർ തുടങ്ങിയവയും ഉൾപ്പെടുന്നു. ഇന്ത്യ പാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്, രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന എരുമപ്പാലിന്റെ അളവുകൂടി പരിഗണിച്ചാണ്. എരുമ പാലിനെ A2 ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാടൻ ഗുണങ്ങളുള്ള പശുക്കളും, എരുമകളും തന്നെയാണ് എണ്ണത്തിൽ കൂടുതൽ. A2 മിൽക്കിന്റെ വിപണി A1 നെ അപേക്ഷിച്ച് വലുതാണ്. ഇന്ത്യയിൽ അമൂൽ A2 മിൽക്ക് വിപണിയിലിറക്കുന്നുണ്ട്. കൂടാതെ ഓൺലൈൻ വിപണിയിലും ഇതു ധാരാളം ലഭിക്കുന്നുണ്ട്.
നാടൻ പശുവിന്റെ പാൽ A2 മിൽക്ക് എന്ന ഗണത്തിൽ വരുന്നു എന്ന പ്രചാരണമാണ് ഇത്തരം പശുക്കളോട് നമുക്ക് സ്നേഹം കൂടാനുള്ള ഒരു കാരണം. നാടൻ പശു ആയാലും വിദേശികളായ ജേഴ്‌സി, HF എന്നിവ ആയാലും പാൽ പരിശോധനയിലൂടെ മാത്രമേ A1, A2 മിൽക്ക് കൃത്യമായി വേർതിരിച്ചറിയാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലാബിൽ A1, A2 മിൽക്ക് പരിശോധിച്ചറിയുവാനുള്ള സൗകര്യമുണ്ട്.
കാലി വളർത്തലിൽ, “നാടൻ” എന്നതിനേക്കാൾ ഇനി പ്രസക്തമാവുക നാച്ചുറൽ ഫാമിംഗ് രീതികൾ തന്നെയാകും എന്നാണ് സൂചന. പശു നാടനോ സങ്കരയിനമോ ആവട്ടെ, മുഴുവൻ സമയവും തൊഴുത്തിൽ തന്നെ കെട്ടിയിടാതെ വളർത്തുന്നത്, പശുക്കൾക്കും ഏറെ ആശ്വാസകരമാണ്. കാരണം, പുല്ലു തിന്ന് മേഞ്ഞു നടന്നു വളരുന്ന കാലികൾക്കാണ് (Grass fed Cattle) ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. “Grass fed” പാൽ, ബട്ടർ, യോഗർട്ട്, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വമ്പിച്ച നിരതന്നെ വിപണിയിൽ കാണാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളായ വിദേശികൾ “Stress-free, Grass fed” കന്നുകാലികൾക്കും ഉൽപ്പന്നങ്ങൾക്കും പിന്നാലെയാണെന്നാണ് വിപണി നൽകുന്ന സൂചനകൾ.
ക്ഷീര മേഖലയിലെ സംരഭ സാധ്യതയായി “Stress-free, Grass fed” കന്നുകാലികൾ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു. ഈ രീതിയിലുള്ള കാലി വളർത്തൽ രീതി ചിലയിടത്തെങ്കിലും തുടങ്ങിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളെ പേടിക്കുന്നവരുടെ നാട്ടിൽ ഇനിയും ഇതിനു സാധ്യതകൾ കൂടുകയേ ഉളളൂ! കൂടാതെ ഫാം ടൂറിസം, സമ്മിശ്ര കൃഷിരീതി എന്നിവയുമായി ചേർത്തിണക്കി നിരവധി സാധ്യതകളാണ് “Stress-free, Grass fed” കന്നുകാലികൾ കർഷകർക്കു മുന്നിൽ തുറന്നിടുന്നത്.
ഇന്ത്യൻ പശ്ചാത്തലത്തിൽ National Bureau of Animal Genetic Resources (NBAGR), National Dairy Research Institute (NDRI), Indian Veterinary Research Institute (IVRI) തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ കൂടുതൽ ആധികാരികമായ പഠനഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ A1, A2 വിഷയത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ. പാൽ ഏതായാലും, ഗുണമേന്മയുള്ളത് വാങ്ങി കുടിക്കുകയെന്നതാണ് പ്രധാനം. അതിനാൽ കൂടുതൽ ഗവേഷണഫലങ്ങൾക്കായി കാത്തിരിക്കാം.