വംശനാശത്തിലേക്ക് കാലൂന്നി അപൂർവ പക്ഷിയായ ബംഗാൾ ഫ്ലോറിക്കൻ; ഇനി പ്രതീക്ഷ നെൽ, ഗോതമ്പ് പാടങ്ങളിൽ
വംശനാശത്തിലേക്ക് കാലൂന്നിയ അപൂർവ പക്ഷിയായ ബംഗാൾ ഫ്ലോറിക്കനുകൾ നെൽ, ഗോതമ്പ് പാടങ്ങളെ അഭയം പ്രാപിക്കുന്നതായി ഗവേഷകർ. പക്ഷികളിലെ ഈ അപൂർവ ഇനത്തിന്റെ സ്വഭാവിക വാസസ്ഥാനമായ പുൽമേടുകൾ ഇല്ലാതായതാണ് കൃഷി ചെയ്യുന്ന പാടശേഖരങ്ങളെ ആശ്രയിക്കാൻ ഇവയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ഇന്ത്യയിൽ കടുവെയേക്കാൾ വംശനാശ ഭീഷണി നേരിടുന്ന അപൂർവം ജീവികളിൽ ഒന്നാണ് ബംഗാൾ ഫ്ലോറിക്കൻ. ലോകത്താകെ ഏതാണ്ട് 1000 ത്തിൽ താഴെ ഫ്ലോറിക്കനുകൾ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് കണക്ക്. ഹിമാലയത്തിന്റെ താഴ്വരയിൽ നേപ്പാളിനും ഉത്തർപ്രദേശിനു ഇടക്കുള്ള മേഖലയിലാണ് ഇവയെ ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്നത്.
എന്നാൽ മഴക്കാലം തുടങ്ങുന്നതോടെ ഇവ ഭക്ഷണത്തിനായി ആശ്രയിക്കുന്ന പുൽമേടുകൾ വെള്ളത്തിനടിയിലാകുന്നു. ഈ സമയത്തുള്ള ഇവയുടെ നീക്കങ്ങളും പെരുമാറ്റവും പഠിച്ച ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകനായ രോഹിത് ഝയും സംഘവും കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തീരെ പഠിക്കപ്പെട്ടിട്ടില്ലാത്ത ഈ പക്ഷികളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതായിരുന്നു.
2013 നും 2016 നും ഇടയിൽ ഫ്ലോറിക്കനുകളെ കണ്ടെത്തുന്നതിനായി അവർ 934 ഫീൽഡ് സർവ്വേകൾ നടത്തി, ചെറിയ ഉപഗ്രഹ ടാഗുകൾ ഘടിപ്പിച്ച പതിനൊന്ന് പക്ഷികളുടെ ചലനം സൂക്ഷമായി പഠിച്ചു. മഴക്കാലത്ത് പുൽമേടുകൾ വിട്ടിറങ്ങുന്ന ഈ പക്ഷികൾ നദികളുടെ ദിശ പിന്തുടർന്ന് കൃഷി സ്ഥലങ്ങളിലേക്ക് കുടിയേറുന്നതായി ഈ പഠനങ്ങൾ കാണിക്കുന്നു.
ഉയരം കൂടിയതും കുറഞ്ഞതുമായ പുല്ലുകൾ ഇടവിട്ട് കാണപ്പെടുന്ന പുൽമേടുകാണ് ഫ്ലോറിക്കനുകൾക്ക് പ്രിയം. സസ്യഭുക്കുകളിൽ പ്രമുഖരായ കണ്ടാമൃഗവും ചതുപ്പു മാനുകളുമാണ് പുൽമേടുകൾ ഇത്തരത്തിൽ ആക്കിയിരുന്നത്. എന്നാൽ പുൽമേടുകളിൽ നിന്ന് ഇവ വിടവാങ്ങിയതോടെ ഫ്ലോറിക്കനുക്കായി നിലമൊരുക്കാൻ ആളില്ലാതാകുകയും പുൽമേടുകൾ മുഴുവൻ ഉയരമുള്ള പുല്ലുകളാൽ മൂടപ്പെടുകയും ചെയ്തു. ഇതാണ് കൃഷിയിടങ്ങളിലേക്ക് കുടിയേറാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് ഗവേഷകർ പറയുന്നു.
ചില ഫ്ലോറിക്കനുകൾ വർഷത്തിന്റെ പകുതിയോളം കൃഷിയിടങ്ങളിൽ തന്നെ കഴിയുന്നതായി ഗവേഷകർ കണ്ടെത്തി. അതിനാൽ ഈ പക്ഷികളെ വംശനാശത്തിൽ നിന്ന് രക്ഷിക്കുന്നതിന് പുൽമേടുകൾ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Also Read: കാർഷിക ഉപകരണങ്ങളും ജൈവ പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും ഇനി അഗ്രോ ഹൈപ്പർ ബസാറിൽ ഒരു കുടക്കീഴിൽ