രാജ്യാന്തര കയറ്റുമതി വ്യവസായത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ “കറുത്ത പൊന്ന്”

സുഗന്ധവ്യഞ്ജന വിപണിയിലെ ഏറ്റവും പ്രാചീനവും വിലയേറിയതുമായ ഉല്പന്നമാണ് കുരുമുളക്. ഏകദേശം 4000 വർഷം മുമ്പ് ഇഞ്ചിക്കൊപ്പം തെക്കേ ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു എന്നാണ് ചരിത്രരേഖകള്‍ അവകാശപ്പെടുന്നത്. കുരുമുളകിന്റെ തനതായ ഇനങ്ങൾ വളർന്നുവന്നിരുന്നത്  തെക്കുപടിഞ്ഞാറൻ ഇന്ത്യയിലായിരുന്നു.

ധാരാളം മഴയും ചൂടുമുളള ഉഷ്ണമേഖലാ പ്രദേശത്താണ് കൂടുതലായും കുരുമുളക് കൃഷി ചെയ്യുന്നത്. ചൂടും ഈർപ്പവും ഒരുപോലുളള  പശ്ചിമ ഘട്ട താഴ് വരകളാണ് കൃഷിക്കനുയോജ്യം. 10 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂടു താങ്ങാൻ ശേഷിയുളള വിളയാണ് കുരുമുളക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിൽ 20 ഡിഗ്രി വടക്കും 20 ഡിഗ്രി തെക്കും അക്ഷാംശങ്ങൾക്കിടയിലാണ് ഈ സുഗന്ധവ്യഞ്ജനം ഏറ്റവും വിജയകരമായി വളർച്ച പ്രാപിക്കുന്നത്. കുരുമുളകിന് വളരാൻ അനുയോജ്യമായ മണ്ണ് ചെമ്മണ്ണാണെങ്കിലും 4.5 മുതൽ 6.5 വരെ പി.എച്ച് മൂല്യമുളള ഏതുതരം മണ്ണിലും കൃഷി ചെയ്യാനാകും. വർഷത്തിൽ 125-200 ന് ഇടയിൽ മഴ ലഭ്യതയുമാണ്, വളർച്ചയ്ക്ക് ഏറ്റവും ഉത്തമം.

വളരെയേറെ പോഷക പ്രധാന്യമുളള വിളകൂടിയാണ് കുരുമുളക്. മാംഗനീസ്, അയേൺ, വിറ്റാമിൻ കെ എന്നിവയുടെയും ഭക്ഷ്യനാരുകളുടെയും ഉറവിടമാണ് ഈ വിള. കുരുമുളക് നാവിലെത്തുമ്പോൾ ടേസ്റ്റ് ബഡ്സ് ആമാശയത്തിലെത്തിക്കുന്ന സൂചന വഴി ആമാശയത്തിലെ ഹൈഡ്രോക്ളോറിക്ക് ആസിഡിന്റെ സ്രവം വർദ്ധിക്കുന്നു. ഇത് ശരീരത്തിലെത്തുന്ന പ്രോട്ടീൻ ഉൾപ്പടെയുളള ഘടകങ്ങളുടെ ദഹനത്തിന് ആവശ്യമാണ്. ശരീരത്തിൽ ഹൈഡ്രോക്ളോറിക്ക് ആസിഡിന്റെ അഭാവം ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചൽ, വയറുകടി ,മലബന്ധം എന്നീ അസ്വസ്ഥതകൾ ഉണ്ടാകുന്നു. 2009 ലെ ഷോപ്പേർസ് ഗൈഡ് ആൻഡ് പെസ്റ്റിസൈഡ്സ്  എന്ന ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അലർജി ഉണ്ടാക്കുന്ന ഘടകങ്ങളായ ഗോയിറ്ററോജിൻ, ഓക്സലേറ്റ്, പ്യൂമിൻ എന്നിവയൊന്നും കുരുമുളകിൽ അടങ്ങിയിട്ടില്ലെന്നാണ്.

കുരുമുളകിന്റെ രുചിയും മണവും കൊണ്ട് എല്ലാ രാജ്യക്കാരും അവരുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായി ഈ വിളയെ ഉപയോഗിക്കുന്നു. പരമ്പരാഗത ഔഷധകൂട്ടുകളിലും ആയൂര്‍വേദ, സിദ്ധ, യുനാനി എന്നിവയുടെ ചികിത്സാരീതികളും മരുന്നുകളിലും ഒഴിവാക്കാനാത്ത ഘടകമാണ് കുരുമുളക്. കൊളസ്ട്രോൾ  കുറക്കുന്നതിനായി കുരുമുളകിനെ ആന്റി ഓക്സിഡന്റായും ആന്റിഡിപ്രസന്റായും ഉപയോഗിക്കുന്നു. രക്തചംക്രമണം ത്വരിതപ്പെടുത്തുന്നതിനും പേശിവേദന, പനി എന്നിവയകറ്റാനും കുരുമുളകിൽ അടങ്ങിയിട്ടുളള എസ്സൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നു.  കുരുമുളകിൽ നടത്തിയ വിവിധ ഗവേഷണങ്ങൾ പുതിയ സങ്കരയിനങ്ങൾക്ക് ജന്മം നൽകി. രോഗപ്രതിരോധശേഷി കൂടിയതും, കൂടുതൽ വിളവ് നൽകുന്നതുമായ 9 ഇനങ്ങൾ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുഭകര, ശ്രീകര, പൗർണമി, ഐ.ഐ.എസ്.ആർ ,തേവം, പഞ്ചമി, ISR, മലബാർ എന്നിവയാണവ.

കേരള സർവ്വകലാശാലയുടെ കീഴിൽ പന്നിയൂരിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രം ഉയർന്ന വിളവ് നൽകുന്ന പുതിയ 7 ഇനങ്ങളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്നിയൂർ -1, പന്നിയൂർ-2, പന്നിയൂർ-3, പന്നിയൂർ-4, പന്നിയൂർ-5, പന്നിയൂർ-6, പന്നിയൂർ-7 എന്നിവ. ലോകത്തിൽ തന്നെ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കുരുമുളക് പന്നിയൂർ-1 ആണ്. കേരളത്തിന്റെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ ഇനങ്ങൾ പന്നിയൂർ -1,2,3,4,5,6,7, ശുഭകര, ശ്രീകര, പൗർണമി, പഞ്ചമി എന്നിവയാണ്.

 

വിയറ്റ്നാം മാതൃകയില്‍ കുരുമുളക് കൃഷിചെയ്യുന്ന വയനാട്ടിലെ ജൈവ കര്‍ഷകനായ അയൂബ് തോട്ടോളി

"ഒരുകാലത്തു വളരെ ഖ്യാതി കേട്ടിരുന്ന വയനാടന്‍ കുരുമുളകിന്റെ കൂട്ടത്തോടെയുള്ള കൃഷി നാശമാണ് എന്നെ ഇതുവരെ തുടര്‍ന്ന് കൊണ്ടിരുന്ന കൃഷി രീതിയില്‍നിന്ന് മാറി വിയറ്റ്നാം മാതൃക പിന്തുടരാന്‍ പ്രേരിപ്പിച്ചത്. മരത്തില്‍ചുറ്റി വളര്‍ത്തുന്നതിന് പകരം കൃഷിയിടത്തില്‍സ്ഥാപിച്ചിരിക്കുന്ന സിമന്റ് നിര്‍മ്മിത തൂണുകളില്‍ കുരുമുളക് ചെടികളെ വളര്‍ത്തിയെടുക്കുന്നതാന് ഈ രീതി. ഇതിനായി തൂണുകളില്‍ ഗ്രീന്‍ നെറ്റുകള്‍ ചുറ്റിപ്പിടിപ്പിച്ചു ഇതിലേക്ക് കുരുമുളക് വള്ളികള്‍ പടര്‍ത്തിയെടുക്കും മുകളറ്റം വരെ വളര്‍ന്ന ചെടികല്‍പിന്നീട് താഴേക്ക് തൂങ്ങി വളരുന്ന തരത്തില്‍ലംബമായി വൃത്താകൃതിയിലുള്ള വലിയ ഇരുമ്പു കമ്പികള്‍ സ്ഥാപിക്കും." - അയൂബ്, വയനാട്.

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും അമൂല്യവും, ഭക്ഷണപദാർഥങ്ങളിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ, ചൈനയും വിയറ്റ്നാമും കഴിഞ്ഞാൽ കൂടിയ തോതിൽ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന വിളയാണ് കുരുമുളക്. ഇന്ന് ഇന്ത്യയുടെ അന്തർദേശീയ വ്യാപാരത്തിലെ പ്രധാന കയറ്റുമതിയിനം കുരുമുളകാണ്. കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ചുരാജ്യങ്ങളിലെ ഒന്നാണ് ഇന്ത്യ. ഏകദേശം 65000ടൺ വരെ. വിയറ്റ്നാം (85000 ടൺ), ഇന്തോനേഷ്യ  (67000 ടൺ), ബ്രസീൽ (35000 ടൺ), മലേഷ്യ  (22000 ടൺ), ശ്രീലങ്ക  (12750 ടൺ) എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ കുരുമുളകിന്റെ  അന്താരാഷ്ട്ര വ്യാപാരം നടത്തുന്നത് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ എക്സ്ചേഞ്ചിലാണ്.

Also Read: മണ്ണിനെ അറിഞ്ഞ് വിത്തെറിഞ്ഞ്, വിപണിയെ അറിഞ്ഞ് വില്‍പന നടത്തുന്ന വയനാടന്‍ കര്‍ഷകന്‍

Save

Jaya Balan

An aspiring writer and activist on gender issues.