കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും
വലിയ പരിചരണ മുറകളോ മുതൽമുടക്കോ കൂടാതെ തന്നെ, കൃഷിയിറക്കി മികച്ച ആദായം നേടിയെടുക്കാവുന്ന ഒരു കാർഷിക വിളയാണ് കടപ്ലാവ് അഥവ ശീമപ്ലാവ്. മാംസ്യം, കൊഴുപ്പ് , വിറ്റാമിനുകൾ, ധാതുലവണങ്ങൾ തുടങ്ങിയവയുടെ സമ്പുഷ്ട കലവറ കൂടിയായ കടചക്കയെ, ഓരോ അടുക്കളത്തോട്ടത്തിലും ഉൾപ്പെടുത്തിയാൽ മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷക സമ്പന്നമായ ഭക്ഷണത്താല്‍ സ്വയംപര്യാപ്തത നേടാനാകും.
ഭക്ഷ്യ പ്രതിസന്ധി ഭയമുള്ള മിക്ക രാജ്യങ്ങളും കടചക്കകൃഷിയെ വൻതോതിൽ പ്രാത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ചില നാടുകളിൽ ഒരു കുഞ്ഞ് ജനിച്ചാൽ വാത്സല്യപൂർവ്വം ആ കുഞ്ഞിന്റെ ഭാവിഭക്ഷ്യ സുരക്ഷയുടെ കരുതലിനായ് കടചക്കയുടെ ഒരു തൈ വെക്കുന്ന ശീലം വരെയുണ്ട്. ഇവയിലൊക്കെ തന്നെ കടചക്കയുടെ പ്രാധാന്യവും പ്രസക്തിയുമാണ് തെളിഞ്ഞു നിൽക്കുന്നത്.
നമ്മുടെ വിപണി നിറഞ്ഞ വിഷം തളിച്ച പച്ചക്കറി ഉല്പന്നങ്ങളിൽ നിന്നും വിഭിന്നമായ്. വിഷരഹിത മുഖത്തോടെ തിളങ്ങി നിൽക്കുന്ന കടചക്കക്ക് ആവശ്യക്കാരും ഏറെയുണ്ട്. എന്നാൽ വിപണിയിലെ ചോദനത്തിനൊത്ത ലഭ്യത കുറവ്, കടചക്ക കൃഷിയുടെ വലിയൊരു കാർഷിക-സാമ്പത്തിക സാധ്യതയിലേക്കാണ്, വിരൽ ചൂണ്ടുന്നതെന്ന യഥാർത്ഥ്യം. കാലത്തിനനുസരിച്ച് കർഷകർ തിരിച്ചറിയേണ്ടിയിരിക്കുന്നു.
നിലവിലെ കാർഷിക പ്രവർത്തനത്തോടൊപ്പം ചേർന്ന് കൊണ്ട് തന്നെ, അവ തടസ്സപ്പെടാത്ത രീതിയിൽ കർഷകർക്ക് കൃഷിയിടത്തിന്റെ അതിർത്തികളോട് ചേർന്നോ, ഇടവിളയായോ കൃഷിചെയ്ത് അധിക സാമ്പത്തികനേട്ടവും ഇതിലൂടെ നേടിയെടുക്കാവുന്നതാണ്. സ്ഥലമുള്ളവർക്ക് ചെറിയൊരു തോട്ടമടിസ്ഥാനത്തിലും പരീക്ഷിക്കാവുന്നതാണ്.
എന്നാൽ റൊട്ടി വൃക്ഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കടപ്ലാവിനെ, കൃഷി എന്ന ഗണത്തിൽപ്പെടുത്തി ഗൗരവമായ് നമിപ്പോഴും സമീപിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇവിടെ നന്നായ് വളരുന്ന വൃക്ഷമായിട്ടും, കാര്യമായ പ്രചാരമില്ലാത്ത അപൂർവ്വമായ് മാത്രം വെക്കുന്ന അപ്രധാന വിളയുടെ ഗണത്തിലേ നാം ഇതിനെ ഇപ്പോഴും കാണുന്നുള്ളു എന്നതാണ് ആശ്ചര്യകരം.
Also Read: കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്
ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന, പോളിനേഷൻ ദ്വീപിൽ ഉദ്ഭവിച്ച കടച്ചക്ക, കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ്. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്. അതുകൊണ്ട് തന്നെ തരിശ് നിലങ്ങളെ കതിരണിയിക്കുവാൻ, ചെലവ് കുറഞ്ഞതും അതോടൊപ്പം ലാഭകരവും ഫലപ്രദവുമായ വിള തേടുന്നവർക്കും, നിലവിലെ രീതിയിൽ നിന്നും വ്യത്യസ്ത കാർഷിക പ്രവർത്തനങ്ങൾ ചിന്തിക്കുന്നവർക്കും മികച്ചൊരു സാധ്യത കൂടിയാണ് കടചക്ക പകർന്നു തരുന്നത്.
തൈ ഉല്പാദനവും ലഭ്യതയും
ലോകത്തിലാകെ നൂറ്റമ്പതിലേറെ കടചക്ക ഇനങ്ങളുണ്ട്. വേരിൽ നിന്ന് മുളപ്പിച്ചും, ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയ രീതികൾ അവലംബിച്ചും കുരു ഉള്ള കടച്ചക്കയിൽ നിന്ന് കുരു മുളപ്പിച്ചും തൈകൾ ഉല്പാദിപ്പിക്കാറുണ്ട്. എന്നാൽ, കേരളത്തിൽ നിലവിൽ ലഭ്യമായ കുരുവുള്ള കടചക്കക്ക് വേണ്ടത്ര രുചിയോ സ്വികാര്യതയോ കാണുന്നില്ല. അതു കൊണ്ട് തന്നെ കുരു മുളപ്പിച്ച തൈകൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും ഉചിതം. കുരു മുളപ്പിച്ച തൈകളാണ് നഴ്സറികളിൽ നല്ല ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന് ഉപയോഗിക്കപ്പെടുന്നത്. മികച്ച വിശ്വസനീയ നഴ്സറികളിൽ നിന്നും ലഭിക്കുന്ന തൈകൾ കൃഷിക്കായ് ഉപയോഗപ്പെടുത്താം.
Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വേരിൽ നിന്നും തൈകൾ ഉല്പാദിപ്പിക്കുന്ന വിധം
മരത്തിനോട് ചേർന്ന തള്ള വിരലിന്റെ വലിപ്പമുള്ള വേരുകൾ തിരഞ്ഞെടുത്ത്. 15 മുതൽ 20 സെ.മി. നീളത്തിൽ മുറിച്ചെടുത്ത്.
മണ്ണ്. മണൽ.ചാണകപ്പൊടി എന്നിവ 1:1:1 അനുപാതത്തിൽ പ്രത്യേകം ചേർത്ത മിശ്രിതത്തിൽ വേരിന് മുകളിൽ മണ്ണിന്റെ നേരിയ പടലം വരുന്ന രീതിയിൽ കിടത്തി പാകുക. തുടർന്ന് നനച്ചു കൊടുക്കുകയും ചെയ്യുക. തൈ മുളച്ച് മുപ്പത് സെ.മി. ഉയരമെത്തുമ്പോൾ മാറ്റി നടാവുന്നതാണ്.
മൂന്നടി സമചതുരത്തിലും അത്ര തന്നെ ആഴത്തിലും കുഴികളെടുത്ത്, മേൽ മണ്ണും ജൈവവളങ്ങളും ചേർത്ത് തൈ നടാവുന്നതാണ്. തടത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് മരത്തിന് ദോഷകരമാണ്. എന്നാൽ മണ്ണിൽ ഈർപ്പം നിലനിർത്താനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കടപ്ലാവുകളിൽ വൻതോതിൽ കായ്പൊഴിയൽ കാണപ്പെടുന്നത്. മണ്ണിൽ പോഷകാംശം കുറയുന്നത് കൊണ്ടും ഈർപ്പം കുറയുന്നത് കൊണ്ടുമാണ്.
കാര്യമായ രീതിയിൽ വളപ്രയോഗം നടത്തേണ്ട എന്ന മെച്ചവും വലിയ രീതിയിലുള്ള കീടാക്രമണങ്ങൾ വരുന്നില്ല എന്ന മേന്മയും ഇവക്കുണ്ട്. ഇവക്ക് വളപ്രയോഗങ്ങൾ പൊതുവെ നല്കാറില്ലങ്കിലും, വളപ്രയോഗം നടത്തിയാൽ മികച്ച ഉല്പാദനവും നേടിയെടുക്കുവാനാകും. മരത്തിന്റെ വലിപ്പത്തിനനുസരിച്ച് കാലിവളങ്ങൾ വർഷത്തിലൊരിക്കൽ പുതുമഴക്ക് മുന്നോടിയായ് നല്കാവുന്നതാണ്. കായ്പൊഴിയൽ കൂടുതലായ് കാണപ്പെട്ടാൽ പൊട്ടാഷ് ചേർത്ത് കൊടുക്കാവുന്നതാണ്. തൈ വെച്ച് നാലഞ്ച് വർഷത്തിനകം കായ്ഫലം ലഭിച്ചു തുടങ്ങും. ജനുവരി-ഫെബ്രുവരി, ഏപ്രിൽ-മെയ്, സപ്തംബർ-ഒക്ടോബർ തുടങ്ങി വർഷത്തിൽ മൂന്ന് തവണ കളയാണ് കായ്ഫലം ലഭിക്കുക.
എന്തായാലും കാലങ്ങളായ് നാം കണ്ടു കൊണ്ടിരിക്കുന്ന വിള, അതിനായ് ഒരല്പം ഇടം കൂടി നല്കുവാൻ, നാം മണ്ണും മനസുമൊരുക്കിയാൽ, ഒരു പക്ഷെ, നാളെയുടെ നല്ല ഭാവിക്കായ്, കരുതലായ് മാറിയാൽ, അതിൽപരം വലിയ മാറ്റമെന്ത്?
Also Read: അടുക്കളമുറ്റത്ത് ആടുവളർത്താം, ആദായം നേടാം!