എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം
എലിപ്പനിക്കെതിരെ സംസ്ഥാനമൊന്നാകെ ആരോഗ്യജാഗ്രതയിലും അതീവ കരുതലിലുമാണ്. മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളെ ബാധിക്കുകയും, രോഗബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. മുഖ്യവാഹകരായ എലികളുടെ വൃക്കകളിൽ വാസമുറപ്പിക്കുന്ന രോഗാണു എന്നാൽ എലികളിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല ഒരു മില്ലി ലിറ്റർ മൂത്രത്തിൽ ഒരു മില്യൺ രോഗാണുക്കൾ എന്ന കണക്കിൽ രോഗാണുവിനെ പുറംന്തള്ളുകയും ചെയ്യും.
മൃഗങ്ങളിൽ എലിപ്പനി വ്യാപനം എങ്ങനെ?
രോഗാണുവിന്റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലർന്ന് മലിനമായ വെള്ളത്തിൽ കൂടിയാണ് രോഗം പകരുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലും കാണപ്പെടുന്ന രോഗാണുക്കൾ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തിൽ പ്രവേശിച്ചാണ് മൃഗങ്ങളിൽ രോഗബാധയുണ്ടാവുന്നത്. കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, കൈകാലുകളിലെയും അകിടിലെയുമൊക്കെ മൃദുവായ ചർമ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും “സ്പൈറോകീറ്റ്സ്” എന്നറിയപ്പെടുന്ന ബാക്റ്റീരിയൽ എലിപ്പനി രോഗാണുവിനുണ്ട്.
രോഗാണുബാധയേറ്റ മൃഗങ്ങളിൽ നിന്ന് അവയുടെ കുഞ്ഞുങ്ങളിലേക്കും മൂത്രം, ഗർഭാവശിഷ്ടങ്ങൾ, ശരീരസ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവ വഴി മറ്റു മൃഗങ്ങളിലേക്കും, മനുഷ്യരിലേക്കും രോഗം പകരാം. പശു, എരുമ, ആട്, പന്നി, കുതിര, നായ്ക്കൾ തുടങ്ങി എല്ലാ സസ്തനി മൃഗങ്ങളെയും എലിപ്പനി രോഗാണു ബാധിക്കാമെങ്കിലും പൂച്ചകൾ പൊതുവെ രോഗാണുവിനെതിരെ പ്രതിരോധശേഷിയുള്ളവരാണ്.
പ്രളയാനന്തരം രോഗാണുക്കളാൽ മലിനമാക്കപ്പെട്ട സാഹചര്യങ്ങളുമായി സമ്പർക്കമുണ്ടാവാനുള്ള സാധ്യതകൾ മൃഗങ്ങളിലും ഏറെയായതിനാൽ എലിപ്പനിക്കെതിരെ അരുമകളിലും ശ്രദ്ധവേണം. ഉയർന്ന ആർദ്രത, കുറഞ്ഞ താപനില തുടങ്ങിയ അനുകൂലസാഹചര്യങ്ങളിൽ ക്ഷാരഗുണമുള്ള മണ്ണിലും, കെട്ടിനിൽക്കുന്ന വെള്ളത്തിലും ആറുമാസം വരെ ഒരു പോറലുമേൽക്കാതെ നിലനിൽക്കാൻ എലിപ്പനി ബാക്ടീരിയകൾക്ക് സാധിക്കുമെന്നതിനാൽ തുടർന്നുള്ള മാസങ്ങളിലും കരുതൽ വേണ്ടതുണ്ട്.
മൃഗങ്ങളിൽ എലിപ്പനി എങ്ങനെ തിരിച്ചറിയാം?
രോഗാണു ബാധയേറ്റാൽ മൃഗങ്ങളിൽ തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീർഘകാലം നീണ്ടുനിൽക്കുന്ന രീതിയിലോ ലക്ഷണങ്ങൾ പ്രകടമാകും. ഇത് രോഗാണുവിന്റെ ജനിതകസ്വഭാവം, രോഗം പടർത്താനുള്ള ശേഷി (Pathogenicity), മൃഗങ്ങളുടെ പ്രതിരോധ ശേഷി (Immunity), പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പശുക്കളിലെ തീവ്രരോഗബാധയിൽ രോഗാണുബാധയേറ്റ് നാല് മുതൽ ഇരുപത് ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. തീറ്റയോടുള്ള വിരക്തി, കഠിനമായ പനി, തളർച്ച, മൂത്രം രക്തനിറത്തിൽ വ്യത്യാസപ്പെടൽ, പാലുൽപ്പാദനക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രക്തത്തിലൂടെ ശരീരമൊന്നാകെ വ്യാപിക്കുന്ന രോഗാണു കരൾ, വൃക്ക തുടങ്ങി വിവിധ അവയവങ്ങളിൽ പെറ്റുപെരുകുകയും ചെയ്യും. രോഗാണു പുറന്തള്ളുന്ന വിഷാംശം രക്തകോശങ്ങളടക്കമുള്ള ശരീര കോശങ്ങളെ നശിപ്പിക്കുകയും, ചെറിയ രക്തനാളികളെ തകർക്കുകയും ചെയ്യും. ഇത് രക്തസ്രാവത്തിനും വിളർച്ചക്കും വഴിയൊരുക്കും.
രോഗം മൂർച്ഛിക്കുന്നതോടെ മഞ്ഞപ്പിത്തത്തിന്റെ ലക്ഷങ്ങൾ കാണിക്കുന്നതിനൊപ്പം അകിടുവീക്കവും പ്രകടമാകും. പാൽ രക്തവും രക്തക്കട്ടകളും കലർന്ന് ചുവന്ന നിറത്തിൽ വ്യത്യാസപ്പെടും. സാധാരണ അകിടുവീക്കത്തിൽ നിന്നും വ്യത്യസ്തമായി എലിപ്പനിയിൽ അകിടുകൾ തടിച്ച് കൂടുതൽ മൃദുത്വമുള്ളതായി (Flaccid mastitis) തീരും. ചെനയുള്ളവയിൽ ഗർഭമലസൽ, ആരോഗ്യം കുറഞ്ഞ കിടാക്കളുടെ ജനനം എന്നിവയ്ക്ക് സാധ്യതയേറെയാണ്. ഒരു മാസത്തിൽ ചുവടെ പ്രായമുള്ള കന്നുകുട്ടികളിൽ എലിപ്പനി കൂടുതൽ മാരകമാണ്. സമാനമായ ലക്ഷണങ്ങൾ ആടുകളിലും പന്നികളിലും കാണാം.
പനി, വിശപ്പില്ലായ്മ, ഛർദ്ദി, വിറയൽ, പേശിവേദന കാരണം നടക്കാനുള്ള മടി, പേശീവലിവ്, ക്രമേണയുള്ള ശരീര തളർച്ച, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് നായ്ക്കളിൽ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഛർദ്ദിയും വയറിളക്കവും കാരണം നിര്‍ജ്ജലീകരം സംഭവിക്കുന്നതിനാൽ നായ്ക്കൾ ധാരാളമായി വെള്ളം കുടിക്കാൻ ശ്രമിക്കും, ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണിലെയും മറ്റും ശ്ലേഷ്മ സ്തരങ്ങൾ ചുവന്നു തടിച്ചിരിക്കുന്നതിനൊപ്പം രക്തവാർച്ചയുടെ ചെറിയ പാടുകൾ കാണാൻ കഴിയും. തുടർന്ന് മൂത്രവും വയറിളകി വരുന്ന കാഷ്ടവും രക്തനിറത്തിൽ വ്യത്യാസപ്പെടും. മൂത്ര തടസ്സവും അനുഭവപ്പെടും.
ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മഞ്ഞപ്പിത്തവും ശ്വാസതടസ്സവും മൂർച്ഛിച്ചു മരണം സംഭവിക്കും. നീണ്ടുനിൽക്കുന്ന രോഗാവസ്ഥയിൽ ചെറിയ പനി, ശരീരശോഷണം, ഭാരക്കുറവ് കണ്ണുകൾ ചുവന്നു തടിച്ചിരിക്കൽ, വിളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. എലിപ്പനിക്കെതിരെ കൃത്യമായി പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളിൽ രോഗസാധ്യതകുറവാണ്.
ചില മൃഗങ്ങൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പുറത്തുകാണിക്കാതെ ദീർഘകാലം രോഗാണുവിന്റെ നിശബ്ദ വാഹകരാകാനും ഇടയുണ്ട്. നിശബ്ദവാഹകരായ മൃഗങ്ങളുടെ വൃക്കയിലും പ്രത്യുൽപ്പാദനവയവങ്ങളിലും ഇരിപ്പുറപ്പിക്കുന്ന രോഗാണു മൂത്രത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കും.
ലക്ഷണങ്ങൾ പുറത്തു കാണിക്കാത്ത രോഗാണുവാഹകരായ പശുക്കളടക്കമുള്ള മൃഗങ്ങളിൽ ഗര്‍ഭമലസലും, തുടർന്നുള്ള വന്ധ്യതയും ആരോഗ്യശേഷി കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനവും ലക്ഷണങ്ങളായി കണ്ടുവരുന്നു. രോഗാണുവാഹകരായ പന്നികളിൽ പ്രസവത്തിനു 2 – 4 ആഴ്ച മുൻപുള്ള ഗർഭമലസൽ സാധാരണയായി കണ്ടുവരുന്നു. ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോൾ കൈയ്യുറയും ഗംബൂട്ടുകളും നിർബന്ധമായും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം
പ്രതിരോധവും ചികിത്സയും
ജൈവമാലിന്യങ്ങൾ, വെള്ളം കയറി നശിച്ച മൃഗങ്ങളുടെ തീറ്റസാധനങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയെല്ലാം എലികൾക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനും എലിക്കെണികൾ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുന്നതിനും മുഖ്യപരിഗണന നൽകണം. മൃഗങ്ങളുടെ മൃതശരീരങ്ങൾ മാസ്ക്, കട്ടികൂടിയ കൈയ്യുറകൾ, കണ്ണ് മൂടാവുന്ന തരത്തിലുള്ള ഗോഗിൾ, വെള്ളം കയറാത്ത ഗംബൂട്ടുകൾ തുടങ്ങിയവ ധരിച്ച ശേഷം മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ. വളർത്തുമൃഗങ്ങളെ തൊട്ടാലും, അവയുടെ വിസർജ്യങ്ങൾ സ്പർശിക്കാനിടവന്നാലും കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകണം.
കെട്ടിനിൽക്കുന്ന വെള്ളവും, ചളിയുമായും മൃഗങ്ങൾക്ക് സമ്പർക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. പ്രളയത്തിൽ മലിനമായ ജലം മൃഗങ്ങൾക്ക് കുടിക്കാൻ നൽകരുത്. ക്ലോറിൻ ടാബ്ലറ്റുകൾ ചേർത്ത് ശുദ്ധീകരിച്ച ജലം കുടിക്കാനായി നൽകാം. 20 ലിറ്റർ വെള്ളത്തിൽ 500 മില്ലി ഗ്രാം ക്ലോറിൻ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം മൃഗങ്ങൾക്ക് നൽകാം. ഒരു ലിറ്റർ വെള്ളത്തിൽ പത്തു തുള്ളിവീതം പോവിഡോൺ അയഡിൻ ലായനി ചേർത്ത് ശുദ്ധമാക്കിയും കുടിവെള്ളം നൽകാം. ഒരു മില്ലി വീതം വിനാഗിരി അഞ്ചുലിറ്റർ വെള്ളത്തിൽ ചേർത്തുനൽകിയാൽ കുടിവെള്ളത്തിലെ അപകടകാരികളായ അണുക്കളെ ചെറുക്കാൻ സാധിക്കും.
അരുമമൃഗങ്ങളിൽ രോഗലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആന്റിബയോട്ടിക് കുത്തിവെപ്പ് അടക്കമുള്ള വിദഗ്ദ്ധ ചികിത്സ തേടണം. ഒപ്പം ജന്തുജന്യരോഗമായതിനാൽ മൃഗങ്ങളെ പരിചരിച്ചവരും ചികിത്സ തേടണം. പെൻസിലിൻ, സ്ട്രെപ്റ്റോമൈസിൻ, ഡോക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ മാക്രോലൈഡ് ആന്റിബയോട്ടിക്കുകൾ തുടങ്ങിയ മരുന്നുകൾ രോഗാരംഭത്തിൽ മൃഗങ്ങളിലും ഏറെ ഫലപ്രദമാണ്.
നായ്ക്കൾക്ക് എലിപ്പനിക്കെതിരായ പ്രതിരോധകുത്തിവെപ്പുകൾ എടുക്കാനും ശ്രദ്ധിക്കണം. നായ്ക്കളിൽ എലിപ്പനിയടക്കമുള്ള വിവിധ രോഗങ്ങൾക്ക് എതിരായുള്ള ആദ്യകുത്തിവെപ്പ് 6 – 8 ആഴ്ച പ്രായത്തിലും, ബൂസ്റ്റർ കുത്തിവെപ്പ് 9 – 12 ആഴ്ചയിലും എടുക്കാം. 12-14 ആഴ്ച പ്രായത്തിൽ വീണ്ടും ഒരു ബൂസ്റ്റർ കുത്തിവെപ്പുകൂടി ഇപ്പോൾ നിർദേശിക്കുന്നുണ്ട് പിന്നീട് വർഷാവർഷം കുത്തിവെപ്പ് തുടരണം.
രോഗം ഭേദമായ പശുക്കൾ തുടർന്ന് മൂന്ന് മാസത്തോളവും, നായകൾ ആറുമാസത്തോളവും രോഗാണുവിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ ഇടയുള്ളതിനാൽ മൃഗങ്ങളെ പരിചരിക്കുന്നവർ വ്യക്തിസുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ശ്രദ്ധ പുലർത്തുകയും വേണം.