വാഴപ്പഴത്തിൽ നിന്ന് രുചികരമായ ജ്യൂസ്; അപൂർവ സാങ്കേതികവിദ്യയുമായി ഡോ കൈമൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വാഴപ്പഴത്തിൽ നിന്ന് രുചികരമായ ജ്യൂസ്; അപൂർവ സാങ്കേതികവിദ്യയുമായി ഡോ കൈമൾ. ലോകത്തുതന്നെ ആദ്യമായി വാഴപ്പഴത്തിൽ നിന്ന് ജ്യൂസ് ഉൽപ്പാദിപ്പിക്കുന്ന സംരഭത്തിന് തൃശൂരിൽ തുടക്കമിട്ടരിക്കുകയാണ് മുംബൈയിലെ ഭാഭാ അണുശക്തി ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. കെ.കെ. സുരേന്ദ്രനാഥ കൈമൾ. ജോലിയിലിരിക്കെ അദ്ദേഹം തന്നെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യയുടെ പേറ്റന്റ് ഭാരത സർക്കാരിനാണ്.
ഏറെക്കാലം പൊടിപിടിച്ചിരുന്ന സാങ്കേതികവിദ്യയ്ക്ക് പുതുജീവൻ നൽകാൻ കാരണമായതും ഡോ. കൈമൾതന്നെ. ഏറെ സാധ്യതകളുള്ള ഈ സാങ്കേതികവിദ്യ വർഷങ്ങൾക്കു മുമ്പ് തായ്‌ലൻഡിലെ ഒരു സംരംഭകൻ വാങ്ങിയെങ്കിലും ഉൽപ്പന്നം നിർമ്മിച്ച് വിപണിയിലെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഉപയോഗശൂന്യമായ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഡോ. കൈമൾ ശ്രമിച്ചെങ്കിലും പേറ്റന്റ് നിയമം അനുസരിച്ചുള്ള ഭീമമായ തുക നൽകാൻ സാധിച്ചില്ല.
ഗവേഷണത്തിൽനിന്നു വിരമിച്ച ശേഷം മാളയിലെ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബയോടെക്നോളജി വിഭാഗം മേധാവിയായി പ്രവർത്തിക്കുമ്പോഴാണ് ഡോ. കൈമളിൾ തന്റെ സ്വപ്നപദ്ധതി വീണ്ടും പൊടിതട്ടിയെടുത്തത്. ഈ സാങ്കേതികവിദ്യ പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്ന വിധം ഉപയോഗിക്കാൻ മെറ്റ്സ് എൻജിനീയറിങ് കോളജിലെ അധ്യാപകരായ ഡോ.വി.എം .നിഷാദ്, ഡോ.ദീപക് വർഗീസ് എന്നിവരുമായി കൈകോർത്ത് 2013 ൽ അദ്ദേഹം നെക്ടറീസ് ഫുഡ്സ് ഇന്ത്യ എന്ന സംരംഭം തുടങ്ങി.
ഏറെ തടസങ്ങൾക്കും കാത്തിരിപ്പിനും ശേഷം 2017 ഒക്ടോബറിൽ ആദ്യമായി ഉൽപാദനം ആരംഭിച്ചു. പോഷകസമ്പന്നമായ വാഴപ്പഴ ജ്യൂസിനു വലിയ വിപണി സാധ്യതകളാണുള്ളതെന്ന് ഡോ, കൈമൾ പറയുന്നു. എല്ലാ ഇനം വാഴപ്പഴങ്ങളിൽനിന്നും ജ്യൂസുണ്ടാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ കഴിയും. എന്നാൽ ആദ്യഘട്ടത്തിൽ റോബസ്റ്റാപ്പഴം മാത്രമാണ് ഉപയോഗിക്കുന്നത്. പ്രതിദിനം ഒരു ടണ്ണോളം വാഴപ്പഴം സംസ്കരിച്ച് ആയിരം ലീറ്ററോളം ജ്യൂസുണ്ടാക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.
ഏലക്കാ, ലെമൺ, ജിഞ്ചർ, സിന്നമൺ എന്നീ രുചികളിൽ "ട്രൂ യു" എന്ന ബ്രാൻഡ് നാമത്തിലാണ് ജ്യൂസ് വിപണിയിലെത്തുക. അടുത്ത മാസം മുതൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ ജ്യൂസ് ലഭ്യമാകുമെന്ന് ഡോ. കൈമൾ അറിയിച്ചു. 200 മില്ലി ബോട്ടിനിന് 30 രൂപയായിരിക്കും വില. കൃഷിക്കാരിൽനിന്ന് മെച്ചപ്പെട്ട വിലയ്ക്ക് വാഴപ്പഴം വാങ്ങി ഐസ്ക്രീം, ബിസ്കറ്റ് എന്നിവ നിർമിക്കാനും നെക്ടറീസ് ഫുഡ്സ് പദ്ധതിയിടുന്നു.
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|