Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

മഴക്കാലത്ത് വളർത്തു മൃഗങ്ങളെ എലിപ്പനിയിൽ നിന്ന് കാക്കാം; പ്രധാന പ്രതിരോധ മാർഗങ്ങൾ ഇവയാണ്

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

മഴക്കാലത്ത് വളർത്തു മൃഗങ്ങളെ എലിപ്പനിയിൽ നിന്ന് കാക്കാം. കാള, പശു, എരുമ, പോത്ത്, പന്നി, കുതിര, നായ, പൂച്ച തുടങ്ങിയ പ്രധാന വീട്ടുമൃഗങ്ങളിൽ കണ്ടു വരുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. ശ്രദ്ധിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന എലിപ്പനി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പകരുക പതിവാണ്. എലികളും പെരുച്ചാഴികളുമാണ് രോഗകാരിയായ ബാക്ടീരിയയുടെ മുഖ്യ വാഹകർ.

വൃക്കകളില്‍ ഈ അണുക്കളെ വഹിക്കുന്ന എലിവര്‍ഗ്ഗത്തില്‍പെട്ട ജന്തുക്കൾ രോഗലക്ഷണമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഇവയുടെ മൂത്രത്തിൽ മാസങ്ങളോളം രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഇവയുമായുള്ള മൃഗങ്ങളുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സസര്‍ക്കത്തിലൂടെ വളര്‍ത്തുമൃഗങ്ങളിലും രോഗം പകരുന്നു. മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ബാക്ടീരിയകൾക്ക് താപനിലയനുസരിച്ച് ഈര്‍പ്പമുള്ള മണ്ണിലും ആഴം കുറഞ്ഞ വെള്ളക്കെട്ടിലും 180 ദിവസം വരെ പിടിച്ചുനിൽക്കാൻ കഴിയും.

രോഗാണുക്കളുള്ള മൂത്രം ഭക്ഷണ പദാര്‍ത്ഥങ്ങളിലോ കുടിവെള്ളത്തിലോ കലരുന്നതു വഴിയോ മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍, മൃദു ചര്‍മ്മം, ശ്ലേഷ്മ സ്തരം,നേത്ര ചര്‍മ്മ പാളികള്‍ എന്നിവിടങ്ങളിലൂടെയോ രോഗബാധയുണ്ടാകാം. പശു, എരുമ എന്നിയയിൽ രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് 1 മുതല്‍ 10 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും,

ശക്തിയായ പനി, ഗ്ലേഷ്മസ്തരം ചുവന്നു തടിക്കുക, തീറ്റയെടുക്കാതിരിക്കുക. ഗര്‍ഭമലസല്‍, മറുപിള്ള വീഴാതിരിക്കല്‍ , അകിടു വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭമലസുന്ന പശുക്കള്‍ പിന്നീട് ചെന പിടിക്കാന്‍ ബുദ്ധിമുട്ടു കാണിക്കാറുണ്ട്. വേദനയില്ലാത്ത, വീര്‍ത്ത അകിടുകളില്‍ നിന്നും ചുവപ്പ് നിറത്തിലുള്ള പാല്‍ വരുന്നത് രോഗബാധയെ സൂചിപ്പിക്കുന്നു.

ആടുകളിൽ എലിപ്പനി മൂർച്ഛിക്കുമ്പോൾ വിളര്‍ച്ച, കട്ടന്‍ കാപ്പി നിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം എന്നീ ലക്ഷണങ്ങള്‍ കാണുന്നു. പനി, തീറ്റയെടുക്കാതിരിക്കല്‍, അവസാന ദശയില്‍ ഗര്‍ഭമലസല്‍, മറുപിള്ള വീഴാതിരിക്കല്‍ എന്നിവയാണ് പ്രധാനപ്പെട്ട മറ്റു ലക്ഷണങ്ങള്‍.

നായകളില്‍ കരളിനേയും കുടലിനേയും വൃക്കകളേയും ബാധിക്കുന്ന അണുക്കള്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളും പനി, വായ്പ്പുണ്ണ്, ഭക്ഷണമെടുക്കാതിരിക്കല്‍, ഛര്‍ദ്ദി, രക്തം കലര്‍ന്ന മൂതം, എന്നിവയും ഉണ്ടാക്കാറുണ്ട്. വയറിലെയും പാദങ്ങളിലേയും ചെവിയുടെ അകവശത്തെ തൊലിയ്ക്കും മഞ്ഞ നിറം വരുന്നതും പ്രധാന ലക്ഷണമാണ്. പ്രാരംഭഘട്ടത്തില്‍ ഫലപ്രദമായ ആന്റിബയോട്ടിക് പെന്‍സിലിന്‍ മരുന്നുകളും പിന്നീട് രോഗവാഹകാവസ്ഥ തടയാന്‍ ഡോക്‌സിസൈക്ലിന്‍, ടെട്രാസൈക്ലിന്‍ എന്നിവയും ഉപയോഗിച്ച് എലിപ്പനിയെ പ്രതിരോധിക്കാവുന്നതാണ്.

Also Read: ഇനി ഇടനിലക്കാർ വേണ്ട വേണ്ട! ഉപഭോക്താക്കളും കർഷകരും തമ്മിൽ നേരിട്ടുള്ള ആദ്യ വിൽപ്പന കരാർ ഒപ്പിട്ട് തെലുങ്കാന കർഷകർ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.