റോസാപ്പൂ കൃഷിയെക്കുറിച്ച്; ഒപ്പം മുറ്റത്തൊരു പൂന്തോട്ടത്തിന്റെ ചന്തം
മുറ്റത്തൊരു പൂന്തോട്ടത്തിന്റെ ചന്തം മലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ ആവാത്തതായിരുന്നു അടുത്തകാലംവരെ. എന്നാൽ നഗരങ്ങൾ മുറ്റങ്ങളെ വിഴുങ്ങിയതോടെ മുറ്റവും പൂന്തോട്ടവും ഇല്ലാതായി. ആകെയുള്ള ഇത്തിരി സ്ഥലത്ത് എന്ത് ചെയ്യണമെന്ന അറിയാത്തവർക്ക് പരീക്ഷിക്കാവുന്ന കൃഷിയാണ് റോസാപ്പൂ കൃഷി.
മുറ്റത്തോ ടെറസിലോ ചെയ്യാവുന്ന റോസാപ്പൂ കൃഷി ചന്തത്തിന് മാത്രമല്ല വരുമാനവും നേടിത്തരുന്നൊരു കൃഷിയാണ്. കമ്പുനട്ടും, പതിവച്ചും, ബഡ്, ഗ്രാഫ്റ്റ് എന്നീ രീതികളിലൂടെയും ഗുണനിലവാരമുള്ള തൈകൾ ഉണ്ടാക്കാം. ഹൈബ്രിഡ് ടീ, ഫളോറി ബന്ത എന്നീ ഇനങ്ങളാണ് ബഡ് ഇനങ്ങളിൽ പ്രചാരത്തിൽ മുന്നിൽ.
ചട്ടിയിലാണ് നടുന്നതെങ്കിൽ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, ആറ്റുമണ്ണ്, ചെമ്മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തി ചെടി നടാനുദ്ദേശിക്കുന്ന ചട്ടി മുക്കാൽ ഭാഗത്തോളം നിറയ്ക്കണം. എന്നിട്ടു ചട്ടിയുടെ ഒത്ത നടുവിൽ നിന്ന് മണ്ണ് ഇരുവശങ്ങളിലേക്കും മാറ്റി അതിലേക്ക് തൈയുടെ വേര് പൊട്ടാതെ നടണം.
ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ് നടുന്നത്. കമ്പാണ് നടുന്നതെങ്കിൽ കുഴിച്ചുവച്ചാൽ മതിയാകും.നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ട് അമർത്തി ചെടിയുടെ ചുവട്ടിൽ ഉറപ്പിക്കുക. അതിനു ശേഷം ചെടി നന്നായി നനച്ചു കൊടുക്കണം. ചെടിച്ചട്ടിയിൽ വളരുന്ന റോസിന് ചെമ്മണ്ണാണ് നല്ലത്. ചട്ടിയിൽ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോൾ മാറ്റുന്നത് ചെടിയുടെ വളർച്ചയ്ക്കും വേരോട്ടത്തിനും നല്ലതാണ്.
കൃത്യമായ വളപ്രയോഗം ആവശ്യമുള്ള ചെടിയാണ് റോസ്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ രണ്ടു കിലോഗ്രാം മുതൽ അഞ്ചു കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോയി നൽകേണ്ടതാണ്. ആദ്യത്തെ പൂവ് വിരിഞ്ഞു കഴിയുമ്പോൾ 50 ഗ്രാം കടലപ്പിണ്ണാക്ക് നൽകാം. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ നാലു ദിവസം മുതൽ ഏഴു ദിവസം വരെ അഞ്ചു ലിറ്റർ പച്ചവെള്ളത്തിൽ കലക്കിയ ലായനി ഒരു ചെടിക്ക് അര ലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്.
മാസത്തിൽ ഒരിക്കലോ മൂന്ന് ആഴ്ച്ച കൂടുമ്പോഴോ കടല പിണ്ണാക്ക് പുളിപ്പിച്ച വെള്ളവും അതിന്റെ മട്ടും ചട്ടിയിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കൂടാതെ രണ്ടു മാസം കൂടുമ്പോൾ പച്ച ചാണകം വെള്ളത്തിൽ കലർത്തി നനയ്ക്കാം. വർഷത്തിൽ ഒരിക്കൽ കൊമ്പു കോതിയാൽ ചെടികൾ നന്നായി പൂവിടും. കീടങ്ങൾ, ചാഫർ വണ്ടുകൾ, മൈറ്റുകൾ (മണ്ഡരികൾ), ഇലപ്പേനുകൾ എന്നിവയെ തുരത്താൻ റോഗർ, നുവാക്രോൺ എന്നീ രാസകീടനാശിനികൾ 12 മില്ലീ ലിറ്റർ അളവിൽ 1 ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
Also Read: ക്ഷീര മേഖലയിൽ വിജയം കൊയ്ത അമുലിന്റെ സഹകരണ മോഡൽ പിന്തുടരാൻ ഗുജറാത്തിലെ പരുത്തിയുത്പാദന മേഖല
Image: pixabay.com