ലാത്തിയും കൈക്കോട്ടും; പോലീസ് യുവാവിന്റെ കൃഷിജീവിതം
പോലീസുകാരനാണോ കൃഷിക്കാരനാണോ എന്ന് ചോദിച്ചാൽ ഒരു കാർഷികമനസ്സ് തന്നിൽ അടിസ്ഥാനമായുണ്ട് എന്നുതന്നെ അനൂപ് പറയും.
കൃഷിയുമായി ബന്ധം വക്കുന്ന മനസ്സുകള്‍ സമൂഹത്തിൽ പൊതുവെ കുറഞ്ഞുവരുന്നു എന്ന് തോന്നിപ്പിക്കുന്ന കാലത്താണ് അനൂപടങ്ങുന്ന തലമുറയിൽനിന്നും ഇത്തരം പ്രതീക്ഷകൾ. തൃശൂർ ജില്ലയിലെ എളനാട് ഗ്രാമത്തിലെ കുട്ടാടൻചിറക്കാരനാണ് അനൂപ്. പോലീസ് സേവനത്തിൽ എത്തി ഏഴ്‌വർഷം കഴിയുന്നു. അട്ടപ്പാടി വയനാട് കാസർഗോഡ് എന്നിവിടങ്ങളിലായി കേരളാ പോലീസിന്റെ തീവ്രവാദ-വിരുദ്ധ സേനയിലും സായുധസേനയിലും പ്രവർത്തിച്ച അനൂപ് ഇപ്പോൾ വടക്കാഞ്ചേരി ഹൈവേ വിഭാഗത്തിലാണ്.
Also Read: പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്‍
കോളേജ് പഠനകാലത്ത് സ്വന്തം ചിലവുകൾക്ക് സ്നേഹക്കിളികളെ (ലൗബെർഡ്സിനെ) വളർത്തിയുരുന്ന അനൂപ് പിന്നീട് കോഴിവളർത്തലും നായവളർത്തലും ആരംഭിച്ചു. ഏതൊരു ചെറുപ്പക്കാരനും നേരിടുന്ന സഹചര്യങ്ങളിലാണ് അനൂപും കൃഷി തിരഞ്ഞെടുക്കുന്നത്.
ആദായമായിരുന്നോ ഏകലക്ഷ്യം? അല്ല എന്ന് അനൂപിന്റെ കൃഷിരീതി തന്നെ തെളിയിക്കും.
സ്വാഭാവികമായ തിരഞ്ഞെടുപ്പുകളായാണ് ഓരോന്നിലേക്കും ഇദ്ദേഹം കടന്നിട്ടുള്ളത്. ആത്മസംതൃപ്തി എന്ന് പറയുന്നതിന്റെ അർത്ഥവും അതുതന്നെ. കൃഷി ചെയ്യാനായി സമയം ചിലവഴിക്കാൻ തയ്യാറാകലാണ് പ്രധാനമെന്ന് തന്റെ തലമുറയോട് പറയാൻ അനൂപ് ആഗ്രഹിക്കുന്നു. തൊഴിലില്ലായ്മ എന്ന യാഥാർഥ്യത്തെ പ്രായോഗികമായി നോക്കാനുള്ള ശ്രമമാണ് കൃഷിയിലേക്കുള്ള കടക്കലിൽ കാണാനാവുക. നമ്മുടെ ഉത്പാദനമേഖല നമ്മുടെ സമൂഹത്തിന്റെ അവശ്യങ്ങളോട് പൊരുത്തപ്പെട്ടാണ് വളരേണ്ടത് എന്ന ഇന്ന് പ്രസക്തമായ ഒരു തത്വം ലളിതമായി ഇതിൽനിന്ന് പഠിക്കാം.
പോലീസ് ജീവിതം കൃഷിയിൽ നിന്നകറ്റുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് കൃഷി വിപുലീകരിക്കുകയാണ് അനൂപ് ചെയ്തത്.
ഇപ്പോൾ രണ്ട് പോത്തുകൾ, ഒരു പശു, കുറച്ചു താറാവുകൾ, ടർക്കികോഴി, കരിങ്കോഴി എന്നിവ മൃഗയിനത്തിലുണ്ട്. നെല്ലും തവിടുമാണ് കോഴികൾക്ക് കൊടുക്കുന്നത്. കന്നുകൾക്ക് വേണ്ട പുല്ല് സ്വന്തമായി കൃഷി ചെയ്യുന്നു. ചാണകം ബയോഗ്യാസ് പ്ലാന്റിലേക്ക് എടുക്കുന്നു. അതിൽനിന്നു വരുന്ന സ്ലറി വീണ്ടും ചാണകക്കുഴിയിലേക്ക് എത്തുമ്പോൾ അസ്സൽ വളമായി മാറും.
റബ്ബർത്തൊടിയിൽ പ്ലാസ്റ്റിക് വല വലിയ ചതുരത്തിൽ കെട്ടി, പകൽനേരം കോഴികളെ അതിലിടുന്നു. രാത്രി കൂട്ടിലേക്ക് മാറ്റുന്നു. ഇതുപോലെ വലചുറ്റിയ ചെറിയ ഇടങ്ങളിലായി പയർ, വഴുതന, തക്കാളി, കാവത്ത്, കറിവേപ്പ് എന്നിവയും, അവിടവിടെയായി ക്രമത്തിലല്ലാതെ കസ്തൂരിമഞ്ഞൾ, ചീര, നാടൻ ചേന, ചേമ്പ്, വാഴ എന്നിവയും വച്ചിരിക്കുന്നു.
ഒരു ചെറുകിട-വീട്ടുകൃഷിയുടെ സ്വഭാവമാണ് പുലർത്തുന്നത്. കുറഞ്ഞ സ്ഥലം പ്രായോഗികമായി ഉപയോഗിച്ചതും ശ്രദ്ധിക്കണം. കൃഷിയെന്നാൽ ഫാമിംഗ് എന്നുമാത്രമല്ല, ഒരു അടിസ്ഥാന ജീവിതരീതി കൂടിയാണ് എന്ന ഒരു ധാരണയും ഇതിൽ കാണാം. പരിപാലനങ്ങൾക്ക് അമ്മയും അച്ഛനും കൂടെയുണ്ട്. മുൻ പട്ടാളക്കാരനായ അച്ഛന്റെ കൃഷിതാല്പര്യവും അനൂപിന് പ്രചോദനമായിരിക്കാം. വീട്ടാവശ്യം കഴിഞ്ഞുള്ള പാൽ ക്ഷീരകര്‍ഷകസംഘത്തിൽ നല്‍കും. കോഴിമുട്ട അയൽവീട്ടുകാർ വാങ്ങും.
ഗ്രാമീണമായ ഉത്പാദനബന്ധങ്ങൾ കൊണ്ടുള്ള ഐക്യം ഇതിലൊക്കെ സൂക്ഷിക്കാനാകുന്നു. ഇതിനനൊപ്പം തന്നെ ലാത്തിയിൽ നിന്ന് കൈക്കോട്ടിലെത്തുമ്പോൾ ഭരണകൂടത്തിൽ നിന്നും ജനജീവിതത്തിലേക്ക് എങ്ങനെയെത്താം എന്നുകൂടി ഈ യുവ പോലീസുകാരന്റെ കര്‍ഷികജീവിതം കാണിക്കുന്നു.
Also Read: [അഭിമുഖം] മണ്ണിനെ അറിഞ്ഞ് വിത്തെറിഞ്ഞ്, വിപണിയെ അറിഞ്ഞ് വില്‍പന നടത്തുന്ന വയനാടന്‍ കര്‍ഷകന്‍