പ്രവാസ ജീവിതത്തിൽ നിന്ന് വിജയം കൊയ്യുന്ന ക്ഷീരകർഷകനിലേക്കുള്ള ദൂരം; അബ്ദുല്‍ റഷീദ് എന്ന യുവകര്‍ഷകന്റെ ജീവിതം

പ്രവാസ ജീവിതത്തിൽ നിന്ന് വിജയം കൊയ്യുന്ന ക്ഷീരകർഷകനിലേക്കുള്ള ദൂരം, അതാണ് അബ്ദുല്‍ റഷീദ് എന്ന യുവകര്‍ഷകന്റെ ജീവിതം. കനത്ത ശമ്പളമുള്ള മണലാരണ്യത്തിലെ ജോലി വലിച്ചെറിഞ്ഞുകൊണ്ടാണ് കൊടുംചൂടിൽ നിന്നും നാട്ടിലെ പച്ചപ്പിലേക്ക് വേരുറപ്പിക്കാം എന്ന് അബ്ദുല്‍ റഷീദ് തീരുമാനിക്കുന്നത്. അങ്ങനെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലെത്തിയ അബ്ദുൾ റഷീദിന്റെ മനസിൽ ഡയറി ഫാം എന്ന സ്വപ്നത്തിന് ചിറകുമുളച്ചു. വലിയൊരു ഡെയറി ഫാമിന്റെ സെയിൽസ് വിഭാഗത്തില്‍ ജോലി ചെയ്ത അനുഭവപരിചയവും തികഞ്ഞ ആത്മവിശ്വാസവുമായിരുന്നു പ്രധാന മൂലധനം. കൂടാതെ നാട്ടിലെ ഫാമുകള്‍ കണ്ടും സാഹചര്യങ്ങള്‍ പഠിച്ചും നന്നായി ഗൃഹപാഠം ചെയ്താണ് അബ്ദുൾ റഷീദ് കളത്തിലിറങ്ങിയത്.

കോഴിക്കോട്ടുകാരനാനായതിനാല്‍ വീട്ടില്‍ നിന്നും പോയി വരാനുള്ള സൗകര്യവും അനുകൂല സാഹചര്യങ്ങളുമുള്ള സ്ഥലം തിരഞ്ഞ റഷീദിന്റെ കണ്ണുടക്കിയത് വയനാട്ടിലാണ്. ഫാം തുടങ്ങാനായി കല്‍പറ്റയിലെ പുഴമുടിയില്‍ പതിമൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി. ഏഴ് ഏക്കര്‍ സ്ഥലം ഫാമിനായി പ്രയോജനപെടുത്താനും തീരുമാനിച്ചു. വലിയൊരു തുക നിക്ഷേപിക്കണ്ടതിനാല്‍ നാല് പങ്കാളികളേയും കൂടെക്കൂട്ടി. അങ്ങനെ അഞ്ചു നിക്ഷേപകർ ചേർന്ന് യാഥാർഥ്യമാക്കിയ ഫാമിന് നല്ലൊരു പേരും കണ്ടെത്തി. T5 ഇന്റഗ്രേറ്റഡ് ഡെയറി ഫാം.

2014 ജനുവരിയില്‍ 2 പശുക്കളുമായി ആരംഭിച്ച ഡെയറി ഫാമില്‍ ക്രമേണ, 4, 6, 8, 10 തുടങ്ങി പശുക്കളുടെ എണ്ണം കൂടി വന്നു. നിലവില്‍ പശുക്കളും കിടാരികളും കന്നുകുട്ടികളുമായി 62 ഉരുക്കള്‍ ഫാമിലുണ്ട്. പ്രതിദിനം ശരാശരി 700 ലിറ്ററോളം പാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. പുഴമുടിയിലെ ഡെയറി ഫാമിന്റെ വിജയത്തില്‍ ഒതുങ്ങി നില്‍ക്കുവാന്‍ അബ്ദുള്‍ റഷീദ് തയ്യാറായിരുന്നില്ല. കൽപ്പറ്റയിലെ കമ്പളക്കാടിനടുത്തുള്ള സ്ഥലത്ത് “ഷഹറാസാദ്” എന്ന പേരില് ഡയറി ഫാം ആരംഭിച്ചുകൊണ്ട് അദ്ദേഹം അടുത്ത ഘട്ടത്തിലേക്ക് കടന്നു.

പൂട്ടിക്കിടന്ന ഡയറി ഫാമായിരുന്ന “ഷഹറാസാദ്” പുതിയ പശുക്കളും പരിചരണ മുറകളുമെല്ലാമായി അബ്ദുൾ റഷീദ് നവീകരിച്ചെടുത്തു. ഇപ്പോള്‍ 40 പശുക്കളില്‍ നിന്നായി 600 ലിറ്റര്‍ പാല്‍ പ്രതിദിനം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ടു ഡയറി ഫാമിലും നിന്നായി, ഒരു ദിവസം 1300 ലിറ്റര്‍ പാലാണ് ഉത്പാദിപ്പിക്കുന്നത്. ശരാശരി ഇരുപതു ലിറ്ററിന് മുകളില്‍ ഉത്പാദന ക്ഷമതയുള്ള പശുക്കള്‍ മാത്രമാണ് ഡെയറി ഫാമില്‍ ഉള്ളത്.

Also Read: കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

എന്നാല്‍ അബ്ദുൾ റഷീദ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഡയറി ഫാമില്‍ തന്നെ വളരുന്ന മികച്ച കിടാരികളെ പരിപാലിക്കുന്നത്തിലാണ്. പാല്‍ ഉത്‌പാദനത്തിന് നല്‍കുന്ന ശ്രദ്ധ കിടരികളുടെ പരിപാലനത്തിലും നല്‍കിയാല്‍, ഡയറി ഫാമിൽ നിന്നുള്ള വരുമാനം വർധിക്കുകയേയുള്ളൂ എന്നതാണ് അബ്ദുൾ റഷീദിന്റെ അനുഭവ സാക്ഷ്യം.

അരിച്ചു ശുചിയാക്കി സ്റ്റീല്‍ പാത്രങ്ങളില് ശേഖരിക്കുന്ന പുഴമുടി ഡയറി ഫാമിലെ പാല്‍, തരിയോട് ക്ഷീര സംഘവും, കമ്പളക്കാട് ഫാമിലെ പാല്‍ മടക്കിമല ക്ഷീര സംഘവും സംഭരിക്കുന്നു. കുറച്ചു പാല്‍ പ്രാദേശികമായി വിപണനം ചെയ്യുന്നുമുണ്ട്. കറവയ്ക്ക് മുമ്പും പിമ്പും അകിടു വൃത്തിയായി കഴുകുകയും, കറവയ്ക്ക് ശേഷം പോവിടോണ് അയഡിന്‍ ലായനി, അകിട്ടില്‍ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ശുചിത്വത്തിലെ ജാഗ്രത, ഫാമിലെ ലാഭം കൂട്ടുകയേയുള്ളൂ എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ഫാമുകൾ.

കാലികളുടെ തീറ്റയില്‍ തികഞ്ഞ ശ്രദ്ധാലുവായ അബ്ദുല്‍ റഷീദ് പശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഒത്തിണങ്ങിയ മികച്ച തീറ്റ നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. പല തരം തീറ്റവസ്തുക്കള്‍ കുഴച്ചു നല്‍കുന്നതാണ് മെച്ചം എന്ന തിരിച്ചറിവ്, പശുക്കളുടെ ആരോഗ്യമികവിലും പാല്‍ ഉത്‌പാദനത്തിലും പ്രതിഫലിക്കുന്നു. കര്‍ണാടകത്തില്‍ നിന്നും അബ്ദുല്‍ റഷീദ് തന്നെ ഫാമില്‍ എത്തിക്കുന്ന ചോളം ചാഫ്കട്ടെര്‍ കൊണ്ട് നന്നായി അരിഞ്ഞ് കൃത്യമായ അളവിലാണ് പശുക്കള്‍ക്ക് നല്‍കുന്നത്.

ഇങ്ങനെ അരിഞ്ഞു നല്‍കുന്നതിലൂടെ തീറ്റയുടെ അളവ് ഉറപ്പാക്കുവാനും, അത് പാഴാക്കാതെ കാലികള്‍ക്ക്‌ എത്തിക്കുവാനും കഴിയും എന്ന മെച്ചവുമുണ്ട്. ഫാം തുടങ്ങിയത് 2 പശുക്കളുമായിട്ടാണ് എന്നതിനാല്‍ തന്നെ അവയില്‍ പരീക്ഷിച്ചുറപ്പിച്ച തീറ്റ വസ്തുക്കളാണ് ഇന്ന് എല്ലാ പശുക്കള്‍ക്കും ലഭിക്കുന്നത്. പരുത്തിക്കുരു, പരുത്തിക്കുരു പിണ്ണാക്ക്, സോയാബീന്‍ വേസ്റ്റ്, കടലത്തൊണ്ട്, ചെറുപയര്‍ വേസ്റ്റ്, ബിയര്‍ വേസ്റ്റ്, കപ്പമാവ്, ചോളപ്പൊടി, ഗോതമ്പു തവിട്, തേങ്ങ പിണ്ണാക്ക്, ധാതുലവണ മിശ്രിതം, കാലിത്തീറ്റ എന്നിവ നന്നായി കുഴച്ചു പാല്‍ ഉത്‌പാദനക്ഷമത അനുസരിച്ച് പശുക്കള്‍ക്ക് നൽകുന്നു.

പുല്ല്, കാലിതീറ്റ, വൈക്കോല്‍ എന്നിവയില്‍ മാത്രം ഒതുക്കാതെ വിപണിയില്‍ ലഭ്യമായ വിവിധ തീറ്റവസ്തുക്കള്‍ ആശ്രയിക്കുന്നത് സാമ്പത്തിക ലാഭം മാത്രമല്ല, പശുക്കള്‍ക്ക് മികച്ച പോഷകാഹാര സാധ്യതയുമാണ് തുറക്കുന്നത്‌. സമയക്രമം കറവയിലെന്നപോലെ തീറ്റ നല്‍കുന്നതിലും പാലിക്കേണ്ടതുണ്ട് എന്നതിനാൽ കറവക്ക് ശേഷം തീറ്റ വേണ്ട അളവില്‍ തന്നെ പശുക്കള്‍ക്ക് മുന്നില്‍ എത്തുന്നു.

കൃത്യമായ ഇടവേളകളില്‍ ചാണകം ഉണക്കുന്ന സ്ഥലത്തേക്ക് നീക്കുന്നതിനാല്‍, വൃത്തിയും വെടിപ്പും തൊഴുത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ദുര്‍ഗന്ധമോ ഈച്ച ശല്യമോ തൊഴുത്തില്‍ ഇല്ല എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഡബിള്‍ ഡെക്കര്‍ രീതിയില്‍ ചൂട് വായു പുറത്തേക്കു പോകും വിധം നിര്‍മിച്ചിരിക്കുന്ന മേല്‍ക്കൂര, തൊഴുത്തിനുള്ളില്‍ സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുന്നു. 62 പശുക്കളും ആയാസമില്ലാതെ നില്‍ക്കുന്ന രീതിയില്‍ ശാസ്ത്രീയമായാണ് ക്ഷീര വികസന വകുപ്പിന്‍റെ സഹായത്തോടെ തൊഴുത്ത് രൂപകല്പന ചെയ്തത്. മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പ്രത്യേകം നിര്‍മിച്ചിരിക്കുന്ന ടാങ്കുകളില്‍ സംഭരിക്കുന്നു. വെള്ളത്തിന്റെ സംഭരണവും ഉപയോഗവും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യേണ്ടത്, ഒരു ഡെയറി ഫാമിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ് എന്ന ഓർമപ്പെടുത്തലാണിത്.

ക്ഷീര വികസന വകുപ്പിന്റെ പത്തു പശു യൂണിറ്റ് പദ്ധതിയില്‍ 3.75 ലക്ഷം രൂപ ധനസഹായവും ഈ സംരഭത്തിനു നല്‍കിയിട്ടുണ്ട്. പുഴമുടിയിലെ ആധുനിക രീതിയില്‍ തയ്യാറാക്കിയ കൂടുകളില്‍ 120 ആടുകള്‍ സസുഖം വാഴുന്നു.
ഫാമിന്റെ ലാന്‍ഡ്‌ സ്കേപിംഗ് മനോഹരമാക്കി ഫാം ടൂറിസത്തിലേക്കു കടക്കുകയാണ് അടുത്ത ലക്ഷ്യം. പുതിയ ഡയറി ഫാം സംരഭകര്‍ക്ക് ധൈര്യത്തോടെ പിന്തുടരാവുന്ന മാതൃകയാണിത്. രണ്ടു പശുക്കളില്‍ നിന്നുതുടങ്ങി ഇന്ന് 100 ലധികം പശുക്കളില്‍ എത്തി നില്‍ക്കുന്ന ഈ സംരഭകന്‍റെ വിജയം, ചിട്ടയായ മുന്നോരുക്കങ്ങളുടേയും കൂടി ഫലമാണ്.

Also Read: “A1 മിൽക്കും A2 മിൽക്കും പിന്നെ അൽപ്പം പാൽ മാഹാത്മ്യവും,” ഹർഷ വി എസ് എഴുതുന്നു

Harsha VS

ഹര്‍ഷ വി എസ് ക്ഷീര വികസന ഓഫീസര്‍ കല്‍പ്പറ്റ, വയനാട്.