കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

കേരളം പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാവണോ?

കേരളത്തിൽ പാൽവില വർധിപ്പിക്കണോ?

രണ്ട് ചോദ്യങ്ങള്‍ക്കും “വേണം,” എന്ന ഉത്തരം മറുപടിയായി പറയാൻ സന്തോഷമുണ്ടെങ്കിലും, ഒരു ആശങ്ക!

കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുന്നതുകൊണ്ട്, ഉപഭോക്താക്കൾക്കാണ് ഏറെ പ്രയോജനം. സ്വയംപര്യാപ്തമാകുമ്പോൾ, പാലിന് വിപണിയിൽ ക്ഷാമം കുറയും. എന്നാൽ, ധാരാളം പാല്‍ ലഭിക്കുന്ന സാഹചര്യത്തിൽ, വില കുറയാനും ഇടയുണ്ട്. അതേസമയം, പ്രതിസന്ധിയിൽ അകപ്പെടുന്നത് ഉത്പാദകരായിരിക്കും.

വീട്ടാവശ്യത്തിനുള്ള പാലിനായി, അന്യ സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെങ്കിൽ പോലും, കുറഞ്ഞ നിരക്കിൽ അന്യസംസ്ഥാനത്തു നിന്നും ലഭിക്കുന്ന പാലാണ്, ഹോട്ടലുകളിലേക്കും വന്‍ തോതില്‍ വാങ്ങുന്നവരിലേക്കും ഏറെയും ചെന്നെത്തുന്നത്. നമ്മുടെ നാട്ടിൽ പാലുത്പാദനം ചിലവേറിയ കാര്യമാണ്. അതിനാൽ ഇനിയും വില കുറച്ചു വിൽക്കുവാൻ ക്ഷീര കര്‍ഷകർക്ക്‌ സാധ്യമല്ല. ആയതിനാൽ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചാല്‍ പോലും പുറത്തു നിന്നുമുള്ള പാൽ കേരളത്തിന്റെ വിപണിയില്‍ വന്നുകൊണ്ടിരിക്കും. ഓണം, വിഷു എന്നിങ്ങനെ ആഘോഷവേളകളിലും മറ്റ് സന്ദര്‍ഭങ്ങളിലേയും വർദ്ധിച്ച പാൽ ആവശ്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ, അന്യ സംസ്ഥാനങ്ങളോട് പൂർണമായും മുഖം തിരിക്കാനും കേരളത്തിന് സാധ്യമല്ല.

Loading…

ഉത്പാദനം അധികമാകുമ്പോൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുക എന്ന മാര്‍ഗം സ്വീകരിക്കാം. പക്ഷേ, അതിനും കേരളത്തിൽ പരിമിതികളുണ്ട്. പാലുത്പന്നങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ മറ്റ് നഗരങ്ങള്‍ പോലെയല്ല കേരളത്തിലെ സ്ഥിതി. നേർപ്പിച്ച പാലുപയോഗിച്ച് ചായ മാത്രം കുടിക്കുന്ന ബഹുഭൂരിപക്ഷം മലയാളികളെ മുന്നിൽ കണ്ട് പാലുത്പന്ന സംരംഭങ്ങൾ അധികം തുടങ്ങാനും കേരളത്തില്‍ കഴിയില്ല.

Also Read: ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

ഒന്നു വിട്ടു പിടിച്ചാൽ, തൈര്, സംഭാരം, പായസം, പേട, ഐസ് ക്രീം, വെണ്ണ, പനീർ, നെയ്യ്, സിപ്-അപ് എന്നിവയാണ് പിന്നെയും നാട്ടിൽ പ്രചാരത്തിൽ ഉള്ള മറ്റ് ഉത്പന്നങ്ങള്‍. എന്നാല്‍ ഇതൊന്നു തന്നെ ഭൂരിപക്ഷം മലയാളിയുടെയും നിത്യേനയുള്ള മെനുവിൽ ഉൾപ്പെടുന്നില്ല. ചീസ്, യോഗർട്ട്, ലസ്സി, ശ്രീകണ്ഠ, ഗുലാബ് ജാമുൻ, രസഗുള, ഫ്ളവേർഡ് മിൽക്ക് എന്നിവ, നമ്മുടെ വിപണിയിൽ ഇടം പിടിച്ചു നിൽക്കുന്നുണ്ട്, അധികമാരും ഗൗനിക്കുന്നില്ലെങ്കിലും പ്രവാസികളും, അന്യ ദേശത്തു താമസിച്ചിട്ടുള്ള മലയാളികളും തന്നെയാണ്, ഇതെല്ലാം ഏറെയും വാങ്ങി ഉപയോഗിക്കുന്നത്.

വീടുകളിലും മറ്റും വാങ്ങുന്ന കവർ പാൽ, ബ്രാൻഡും വിശ്വാസ്യതയും നോക്കിയാകും, മിക്കവാറും വാങ്ങുക. അതേസമയം, കുറഞ്ഞ വിലയും മുന്തിയ കമ്മീഷനും നേക്കിക്കണ്ടാണാ പാൽ ധാരാളം ആവശ്യമുള്ള ഹോട്ടൽ വ്യവസായം പോലെയുള്ള ഇടങ്ങളിൽ വാങ്ങുന്നത്. ഇത്തരം വലിയ മാർക്കറ്റുകൾ തന്നെയാണ്, അന്യ സംസ്ഥാന പാൽ വരവിന്റെ പ്രധാന ലക്ഷ്യസ്ഥാനം.

Loading…

തമിഴ്നാട്ടിൽ കർഷകർക്ക് പാലിന് 24 മുതല്‍ 28 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. കർണാടകയിലും പിടിച്ചു നിൽക്കുന്നത്, സർക്കാരില്‍ നിന്നുള്ള പ്രോത്സാഹനമൊന്നുകൊണ്ട് മാത്രമാണ്. അമൂൽ ഈയിടെയായി പാല്‍ വില കുറച്ചു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിൽ ഇനിയും പാൽ വില കൂട്ടിയാല്‍ നമ്മുടെ വിപണിയിലേക്ക് അന്യ സംസ്ഥാന പാൽ കൂടുതലായി ഒഴുകുമെന്നതും കേരളത്തിലെ കര്‍ഷകരുടെ പാൽ വിറ്റഴിക്കാൻ പ്രയാസമേറും എന്നതും മറ്റൊരു പ്രധാനകാര്യമാണ്.

Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്

പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഉപഭോഗം വർധിപ്പിക്കുക എന്നതാണ്, നല്ലൊരു പരിഹാര മാർഗം പൊതുജനങ്ങൾക്ക് പാലിനെ കുറിച്ചു ധാരാളം ആശങ്കകൾ ഉണ്ട്. അതു പരിഹരിച്ചു, പാൽ ഗുണനിലവാരം ഉറപ്പു വരുത്തിയാൽ തന്നെ ആവശ്യക്കാർ കൂടും.

ഒരിക്കൽ ക്ഷീര വികസന വകുപ്പ് പരിപാടിയോട് അനുബന്ധിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരത്തിൽ വിധികർത്താവായി ഇരുന്നപ്പോഴാണ്, ഗൗരവമേറിയ ഒരു കാര്യം ശ്രദ്ധിച്ചത്. 90 ശതമാനം വിദ്യാർത്ഥികളും പാൽ ഒരു വിഷ വസ്തുവാണെന്നും, കവർ പാൽ മുഴുവൻ മായമാണെന്നും, പാൽ കുടിച്ചാൽ അസുഖങ്ങളും, എന്തിന് കാൻസർ വരെ വരുമെന്നാണ് പറയുന്നത്. പ്രസംഗവിഷയം “പാലും പൊതുജനാരോഗ്യവും” എന്നതായിരുന്നു.

Also Read: “ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ

മത്സരം കഴിഞ്ഞ്, കുട്ടികളെയെല്ലാം വിളിച്ചു ചേർത്തു. പാലിനെ കുറിച്ചുള്ള വിവരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിച്ചു. വാട്ട്സ് ആപ്പ് (WhatsApp) ആണ് പ്രധാന പഴി കേട്ടത്, അതിൽ വന്ന മെസ്സേജുകൾ പല വീടുകളിലും ചർച്ച വിഷയമാണ്. തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ, ബദൽ വാർത്തകൾ വരുന്നില്ലെന്നും അഥവാ വന്നെങ്കിൽ തന്നെ അവ ചെറിയ കോളത്തില്‍ ഒതുങ്ങും എന്നതാണ് വാസ്തവം. ഫലത്തിൽ ആദ്യ വാർത്ത തന്നെ അധികം ആളുകളിലും എത്തുകയും ചെയ്യുന്നു.

അന്നം തരുന്ന കർഷകനെ ബഹുമാനിച്ചു ശീലമില്ലാത്ത സമൂഹത്തിന്റെ അവജ്ഞയും, കാലാവസ്ഥയും രോഗങ്ങളും കനിഞ്ഞു നൽകുന്ന ലാഭവും മാത്രമാണ്, ഓരോ കര്‍ഷകന്റെയും സമ്പാദ്യം. അതിനെയും കൂടിയാണ്, ഇത്തരത്തിൽ ഉള്ള ഓരോ വ്യാജ വാർത്തകളും പിടിച്ചുലയ്ക്കുന്നത്. അതു കൊണ്ടു തന്നെ, ഇതൊക്കെ പടച്ചു വിടുന്നവരെ ശിക്ഷിക്കുകയും, അതിനു നല്ല വാർത്ത പ്രാധാന്യം ലഭിക്കുകയും വേണം. എന്തു കഴിക്കണം എന്നത്, നമ്മുടെ അറിവും ഭക്ഷണ ലഭ്യതയും തീരുമാനിക്കട്ടെ. എവിടുന്നോ വരുന്ന സന്ദേശങ്ങൾ ആകാതെയും ഇരിക്കട്ടെ.

Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം

365 ദിവസവും കൃത്യമായ ദിനചര്യയിൽ കഷ്ടപ്പെട്ടാണ് കേരളത്തിലെ ഓരോ ക്ഷീര കർഷകനും പശുവിൽ നിന്നും പാൽ ഉത്പാദിപ്പിക്കുന്നത്. ഉപജീവനമാർഗം മാത്രമല്ല, വീട് വിട്ടു പോകാൻ കഴിയാതെ പശുവിനെ വളർത്തുന്നത് ഒരു സാമൂഹിക സേവനം കൂടിയായി കാണേണ്ടിയിരിക്കുന്നു. ധാരാളം ഡയറി ഫാമുകൾ നമ്മുടെ നാട്ടിൽ തുടങ്ങുന്നു. കുറെയേറെ പൂട്ടിപോകുന്നു. പാലിന്റെ സ്ഥിര വിപണി ഒരു പ്രലോഭനമായി നിർത്തി, “ഫാം തുടങ്ങി കൊടുക്കുന്ന” ബിസിനസ്സും ആയി കുറെ ആളുകളും “ജീവിച്ചു” പോകുന്നുണ്ട്. ഇവരെല്ലാം അല്പം ആശങ്കപെടേണ്ടതു തന്നെയാണ്.

പാൽ ഉപഭോക്താക്കൾക്ക് പ്രോത്സാഹനവും അറിവും നൽകി വിപണി പിടിച്ചു നിർത്തിയിടുന്നതിനു ഒപ്പം തന്നെ ആവട്ടെ, സ്വയം പര്യാപ്തതയും വില വര്‍ധിപ്പിക്കലും എല്ലാം. പാൽ ഉൽപാദനത്തിൽ, സ്വയം പര്യാപ്തമാകുന്നത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്, അരിയും പച്ചക്കറിയും മുട്ടയും സ്വയം പര്യാപ്‌തമാകുന്നതിനുള്ള ദൂരവും, പാലിന്റെ മുന്നിൽ ഇല്ലതന്നെ. അതുകൊണ്ടു മികച്ച അസൂത്രണത്തോടെ പാൽ ഉത്പാദനം വർധിപ്പിക്കുവാൻ, പുതിയ ഡയറി ഫാമുകാരും ശ്രദ്ധിക്കേണ്ടത് അനിവാര്യം.

Also Read: ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ

Harsha VS

ഹര്‍ഷ വി എസ് ക്ഷീര വികസന ഓഫീസര്‍ കല്‍പ്പറ്റ, വയനാട്.