ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ

“ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്. എന്താണ് ചെയ്യേണ്ടത് ?”

ഒരുപാടു പേര്‍ ചോദിക്കുന്ന കാര്യമാണ്.

അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്… പറയുവാനും ഏറെയുണ്ട്… എങ്കിലും, വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ വിശദീകരിക്കാം.

ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്റെയൊപ്പം നില്ക്കാം, എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡയറി ഫാം. നാട്ടിലൊരു ഡയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്. സാറ്റലൈറ്റ് ക്യാമറ ഫാമില്‍ വച്ചാല്‍ പോലും രക്ഷയില്ല! ഉടമസ്ഥന്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ അധികവും ഡയറി ഫാം വിജയിക്കൂ. വിശ്വസ്തരായ നോട്ടക്കാര്‍ ഉണ്ടെങ്കില്‍ പോലും, പണം മുടക്കിയ ആള്‍ ഇല്ലെങ്കില്‍, പണി കിട്ടും.

സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകള്‍, നിര്‍മ്മാണ ചിലവുകള്‍, ഡയറി ഫാം അനുബന്ധിച്ച് നടത്താവുന്ന സംരംഭങ്ങള്‍, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിര്‍മ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവര്‍ധനവ് തുടങ്ങിയ അനേകം കാര്യങ്ങള്‍ നന്നായി പഠിക്കേണ്ടതുണ്ട്.

Also Read: പശുവളര്‍ത്തലും ഫാം നവീകരണവും: “മാറുന്ന കാലം, മാറുന്ന രീതികള്‍”

കൃഷിയിടം രൂപകല്‍പന ചെയ്യുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം. വീട്, കാലിത്തൊഴുത്ത്, തീറ്റപുല്‍കൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് നിര്‍മ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജല സംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, മത്സ്യകൃഷി, നെല്കൃഷി – ഹ്രസ്വകാല വിളകള്‍, പച്ചക്കറി കൃഷി, വാണിജ്യ വിളകള്‍, പാല്‍ സംസ്‌കരണം, മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍, സംരംഭകര്‍ക്കുണ്ട്.

നാട്ടില്‍ നന്നായി നടക്കുന്ന ഡെയറി ഫാമുകള്‍ സന്ദര്‍ശിക്കുക, അവര്‍ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്. വിജയിച്ച ഫാമുകള്‍ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകള്‍ കൂടി പഠന വിധേയമാക്കുക. ഒപ്പം തന്നെ, ഡയറി ഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍ മനസിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക. പശു വളര്‍ത്തലിലും, താല്പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്‌സൈറ്റ് വഴി, പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാന്‍ സാധിക്കൂം.
ഓരോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഒരോ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോ ക്ഷീരവികസന ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡയറിഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ, പദ്ധതികള്‍ നല്‍കി സഹായിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍, നബാര്‍ഡിന്റെ പദ്ധതികള്‍ (Dairy Entrepreneurship Development Scheme) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കില്‍ അന്വേഷിക്കാം.

Also Read: ഡയറി ഫാം: വിപണി സാധ്യത, പുത്തന്‍ വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ

സോഷ്യല്‍ മീഡിയ വഴിയും, കൃഷിയിലും പശുവളര്‍ത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകള്‍, നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കിസാന്‍ കാള്‍ സെന്റര്‍ മുതല്‍ വിവിധ ഏജന്‍സികളുടെ വെബ്സൈറ്റ്, ആപ്പിക്കേഷന്‍സ്, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ICT ടൂള്‍സ് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു ചെറിയ അറിവ്, ചിലപ്പോള്‍ വലിയ ചിലവ് ലാഭിച്ചേക്കാം. കര്‍ഷകരുടെ WhatsApp, Facebook കൂട്ടായ്മകളിലും ഭാഗമാകാം ചിലവ് കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും, ഒന്നിച്ചു ഓര്‍ഡര്‍ ചെയ്തു എടുക്കാനൊക്കെ, ഇതു സഹായകരമാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം, തീറ്റയാണ്. കാലിത്തീറ്റ, പുല്ല്, വൈക്കോല്‍ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാള്‍, മെച്ചമാണ്, ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിനു നല്‍കുന്നത്. ആവശ്യമായ പോഷകങ്ങള്‍ പശുവിനു ലഭ്യമാക്കുന്ന രീതിയില്‍, വിപണിയില്‍ ലഭ്യമായ ചിലവ് കുറഞ്ഞ തീറ്റവസ്തുക്കള്‍ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം. TMR തീറ്റയും മറ്റും ഇതൊക്കെ തന്നെ.

നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ. ഒരു കാര്യം നന്നായി മനസ്സില്‍ വയ്ക്കുക. മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ കേരളത്തിലെ ഒരു കര്‍ഷകനും, വിറ്റ് ഒഴിവാക്കില്ല. പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വില്‍ക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്. വിശ്വസ്തരായവര്‍ വഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവില്‍ നല്‍കിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം. എത്ര പാല്‍ കിട്ടുമെന്ന് മാത്രം ചോദിച്ചാല്‍ പോര, കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം. നമ്മുടെ ഫാമില്‍ നല്ല സംരക്ഷണം കൊടുത്തു വളര്‍ത്തി യെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു.

Also Read: കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

പാലിന് വിപണി കണ്ടെത്താന്‍ എളുപ്പം തന്നെയാണ്. പാല്‍ കറന്നെടുത്ത ഉടനെ മികച്ചരീതിയില്‍, പാക്ക് ചെയ്ത് അല്ലെങ്കില്‍ കുപ്പികളിലാക്കി, ഫാം ഫ്രഷ്മില്‍ക്ക് എന്ന പേരില്‍ വില്‍ക്കാം. നഗരപ്രദേശങ്ങളില്‍ ഇതിന് വലിയ ഡിമാന്റ് തന്നെയുണ്ട്. തൈര്, നെയ്യ്, പനീര്‍, സിപ്-അപ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആക്കുമ്പോള്‍ അധിക വില ലഭിക്കുകയും ചെയ്യും.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന പാല്‍ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉള്‍പ്പെടെയുള്ള തീറ്റ വസ്തുക്കള്‍ വാങ്ങുന്നതിനും, പാല്‍ വിപണനം നടത്തി കൃത്യമായ പാല്‍വില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന സംഘങ്ങള്‍ കൂടുതല്‍ നല്ലൊരു സാധ്യതയാണ്. പഞ്ചായത്തുകളുടെ, ‘പാലിന് ഇന്‍സെന്റീവ് ധനസഹായം’ ലഭിക്കുന്നതിന്, ക്ഷീരസംഘത്തില്‍ നല്‍കുന്ന പാലിന്റെ അളവാണ് പരിഗണിക്കുക. ക്ഷീരകര്‍ഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും.

Also Read: “ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ

ഫാം ടൂറിസം, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കില്‍, നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുവാനാകും. വിദേശികളെക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലും, തണുത്തകാറ്റും, നാടന്‍ ഭക്ഷണവും, ഏറുമാടവും, വയലേലകളും ഇതെല്ലാം ആസ്വദിച്ചു, ഒരു ‘ഏദന്‍ തോട്ടത്തില്‍’ താമസിച്ചു മടങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒരു ഫാം തുടങ്ങുന്നത്, ഇങ്ങിനെയൊക്കെ രൂപം മാറാനും മതി. വരുമാന സാധ്യത ഏറെയാണ്!

ചെറുപ്പക്കാരും പ്രവാസികളും ഡയറി ഫാം മേഖലയിലേക്കു ധാരാളമായി കടന്നു വരുന്നുണ്ട്. നാട്ടില്‍/വീട്ടില്‍ തന്നെ സംരഭം തുടങ്ങാം, പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിര വരുമാനം (ഒരു ലക്ഷം രൂപയില്‍ അധികം മാസം പാല്‍ വില കിട്ടുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്), സംരഭം തുടങ്ങുന്ന ദിവസം മുതല്‍ വരുമാനം, താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ മേഖല, എന്നിവയെല്ലാം ആകര്‍ഷിക്കുന്നവയാണ്. മറ്റ് ഏതു തൊഴിലിടങ്ങളെയും പോലെ, അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരാളമായി ഡയറി ഫാം രംഗത്തു ജോലി ചെയ്തു വരുന്നു. മികച്ച യന്ത്രവല്‍ക്കരണം നടത്തിയ ഫാമുകളില്‍, മനുഷികാധ്വാനം കുറവ് തന്നെ.

365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത്, എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ മറുവശമാണ്. തുടങ്ങിക്കഴിഞ്ഞാല്‍ ഒരു ദിവസം പോലും, ഡയറി ഫാം നിര്‍ത്തി വെച്ച് വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട. കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ഇല്ലെങ്കില്‍, ഡയറി ഫാം ലാഭകരമാക്കാനും കഴിയില്ല. തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധ നല്‍കിയില്ലെങ്കില്‍, ഫാം പൊളിഞ്ഞു പോകും.

ഡയറി ഫാമിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം, റോട്ടറി മില്‍ക്കിംഗ് പാര്‍ലര്‍, 30 – 35 ലിറ്ററിന് മുകളില്‍ പാല്‍ ചുരത്തുന്ന പശുക്കള്‍, ആട്ടോമാറ്റഡ് ആയ ഹൈ ടെക് ഡെയറി ഫാം, തുടങ്ങിയ സുന്ദര ഭാവനകള്‍ നല്ലതു തന്നെ! എന്നാല്‍ ഇതെല്ലാം ആദ്യമേ തുടങ്ങി വച്ച് “ദാസനും വിജയനും” ആയി മാറാതിരുന്നാല്‍ ഭാഗ്യം. ഫാമിലെ ഓരോ ചുവടുവയ്പ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം ഒന്നുമറിയാതെ, വലിയ തുക മുടക്കി ഫാം ഓട്ടോമേഷന്‍ ചെയ്യുന്നവര്‍, മുടക്ക് മുതല്‍ പോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാണുന്ന കാഴ്ചയാണ്.

ഡയറി ഫാമിംഗ് രംഗത്തു അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട് സ്ഥിര വില കിട്ടുന്ന ഏക കാര്‍ഷികോല്‍പ്പന്നം പാല്‍ ആയതു തന്നെ കാരണം ഫ്രഷ് മില്‍ക്കിന്, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്. നാടന്‍ പശുവിന്‍ പാല്‍ “A2 മില്‍ക്ക്” എന്ന ലേബലില്‍ ഉയര്‍ന്ന വിലയ്ക്കും വില്‍ക്കാന്‍ കഴിയുന്നു. പാലിന്റെ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു വരുന്നു. വമ്പന്‍ ബ്രാന്‍ഡുകള്‍ വരെ മത്സര രംഗത്തുണ്ട്. ഓണ്‍ലൈനായുള്ള പാല്‍, ഉല്‍പ്പന്ന വില്പനയ്ക്കും സാധ്യതയുണ്ട്.

പ്രിയ പ്രവാസികളെ,

മണലാരണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജോലി ചെയ്തു അധ്വാനിച്ചു സമ്പാദിച്ച പണമാണെങ്കില്‍, നന്നായി പഠിച്ചിട്ടു മാത്രം ഡയറി ഫാമിംഗ് രംഗത്തു ഇറങ്ങുക നമ്മുടെ നാട്ടില്‍, ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറു വശത്തു പൂട്ടിപോകുന്നുമുണ്ട്. ഒന്നോ രണ്ടോ പശുവില്‍ ആരംഭിച്ചു, നല്ല കരുതലില്‍ തുടങ്ങിയ ഫാമുകള്‍ തന്നെയാണ്, അധികവും വിജയിച്ചു നില്‍ക്കുന്നതും. ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെയും സൂക്ഷിക്കുക. നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡയറി ഫാം വിജയിപ്പിക്കുക. തുടക്കം ചെറിയ രീതിയില്‍, കൃത്യതയോടെ ആവട്ടെ…ക്രമേണ വലിയ വിജയത്തില്‍, നമുക്ക് ചെന്നെത്താം.

Picture Courtesy: Midhun Midhu

Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്

Harsha VS

ഹര്‍ഷ വി എസ് ക്ഷീര വികസന ഓഫീസര്‍ കല്‍പ്പറ്റ, വയനാട്.