പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്
ആള്‍ക്കൂട്ടത്തിനൊപ്പം നടക്കാന്‍ മാത്രം ശീലിച്ചവരാണ് പലരും. ഒട്ടേറെയൊന്നുമില്ലെങ്കിലും, അകന്ന് നില്‍ക്കാനും വ്യത്യസ്തരെന്ന് ഉറക്കെപ്പറയാനും ധൈര്യം കാട്ടിയ കുറച്ചുപേര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. തിക്കിലും തിരക്കിലും പെടാതെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാത എതിരെ നീന്തിക്കയറി പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ അതേ ഗുണത്തോടെ വരും തലമുറയ്ക്കായി കാത്തുവെയ്ക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന തലക്കല്‍ ചെറിയ രാമനെന്ന “ചെറുവയല്‍ രാമനെ” കണ്ടുമുട്ടാതെ തുടങ്ങിയാല്‍ വഴി തെറ്റിപ്പോകുമെന്ന് തോന്നിതുകൊണ്ടാണ് ഞങ്ങള്‍ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള കമ്മനയിലേക്ക് പുറപ്പെട്ടത്.
അടുത്തറിഞ്ഞവരും പരിചയപ്പെട്ടവരുമെല്ലാം രാമേട്ടനെന്ന് വിളിക്കാനിഷ്ടപ്പെടുന്ന തലക്കര ചെറിയരാമനെ അന്യദേശക്കാര്‍ ജീന്‍ ബാങ്കര്‍ എന്നാണ് വിളിച്ചത്. ദശാബ്ദങ്ങളായി കര്‍ഷക ജീവിതം നയിച്ച പലരും കേട്ടിട്ടുപോലുമില്ലാത്ത നാല്‍പ്പതിലേറെ പരമ്പരാഗത നെല്‍വിത്തുകള്‍ കൃഷിചെയ്ത് സംരക്ഷിച്ചു പോരുന്ന ഈ സീഡ് കണ്‍സര്‍വേഷനിസ്റ്റ് മലയാളനാടിന്റെ വിത്തച്ഛനാണ്. 68 വയസ്സുള്ള ഈ കാരണവര്‍ക്ക് ദൂരെ ദിക്കില്‍ നിന്നും തന്നെ അന്വേഷിച്ചുവരുന്ന, തന്റെ ശ്രമങ്ങളെക്കുറിച്ച് ചോദിച്ചറിയുന്ന, തന്നെപ്പോലെ പ്രകൃതിയെ അറിയാനാഗ്രഹിക്കുന്ന, തനിക്ക് കത്തെഴുതുന്ന ആബാലവൃദ്ധം ആളുകളോടെല്ലാം കലര്‍പ്പില്ലാത്ത സ്നേഹമാണ്. എങ്കിലും അദ്ദേഹം ഇടയ്ക്കൊക്കെ പ്രകോപിതനാകുന്നുണ്ട്, അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്നുണ്ട്. അതിനെന്തായിരിക്കും കാരണം?
ആറ് പതിറ്റാണ്ട് തളരാതെ കാര്‍ഷിക ജീവിതം നയിച്ച് തന്റെ ജീവിതം തന്റെ സന്ദേശമായി അവതരിപ്പിച്ച രാമന് കടന്നുവന്ന വഴിയിലെവിടെയൊക്കെയോ, എന്തിനെയൊക്കെ മുറുകെപ്പിടിച്ചിരുന്നുവോ ആ മൂല്യങ്ങളെയൊക്കെ ഈ ലോകം നിസ്സാരമായി കരുതി ദൂരെ മാറ്റിവെക്കുന്നു, സന്നദ്ധത കാണിക്കേണ്ട ഭരണകൂടങ്ങള്‍ നീതി പുലര്‍ത്താതെ വാചക കസര്‍ത്തുകളില്‍ മാത്രം മുഴുകുന്നു. ഇതിനെല്ലാം, ദൃസാക്ഷിയാകേണ്ടി വരുന്നു. രാമന് പ്രതിഷേധമില്ലാതിരിക്കുന്നതെങ്ങനെ?
1992 ല്‍ റിയോയില്‍ വെച്ചു നടന്ന ഭൗമ ഉച്ചകോടിയില്‍ സദസ്സിനെ നിശബ്ദമാക്കിക്കൊണ്ട് പതിമൂന്നുകാരിയായ സെവേണ്‍ സുസുക്കി എന്ന ജപ്പാന് വംശജയായ കനേഡിയന്‍ പെണ്‍കുട്ടി നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ ഉള്ളടക്കത്തത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലേക്ക് രാമന്റെ വാക്കുകളും പലയിടത്തും വ്യാപിച്ചു നിന്നു. മനുഷ്യര്‍ പ്രകൃതിയില്‍ നടത്തുന്ന ബുദ്ധി ശൂന്യമായ ഇടപെടല്‍, അതുമൂലം ജീവിക്കാനവസരം നഷ്ടപ്പെട്ട് വംശനാശം സംഭവിച്ചുപോയ നിരവധിയനവധി ജീവജാലങ്ങള്‍, വരുന്ന തലമുറയ്ക്ക് നമ്മള് ബാക്കി വെക്കുന്നതെന്ത് എന്നിങ്ങനെ തുടര്‍ന്നുപോയ സംഭാഷണങ്ങളില്‍ രാമന് ഒരേസമയം വിത്തച്ഛനും, പരിസ്ഥിതിവാദിയുമായി മാറുകയായിരുന്നു.
നാലഞ്ചിനം മാത്രം വിത്തുകള്‍ കൃഷിചെയ്ത് സംരക്ഷിച്ചു പോന്ന ചെറുവയല്‍ രാമന്, രണ്ട് ദശകങ്ങളായി വിത്തുകള്‍ കണ്ടെത്തി കൃഷിചെയ്ത് സംരക്ഷിക്കുന്ന തിരക്കിലാണ്. ചെമ്പകം, ചെന്താടി, ഓണമൊട്ടന്‍, വെളിയന്‍, ചേറ്റുവെളിയന്‍, മണ്ണുവെളിയന്‍, ഗന്ധകശാല, ചെന്നെല്ല്, ജീരകശാല, കരിബാലന്, തൊണ്ടി, ഇരുനാഴി, രക്തശാലി, പുന്നാടന്‍, അടുക്കറ, മുണ്ടകന്‍, തവളക്കണ്ണന്‍, ചോമാല, നവര, കഴമ, കുറുമ്പാളി, കറുത്തന്‍ എന്നിങ്ങനെ നീളുന്നു രാമന്റെ ശേഖരത്തിലെ വിത്തുകള്‍. വയനാട്-കണ്ണൂര്‍ ജില്ലകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമായ കുറിച്യര്‍ സമൂദായത്തിലാണ് രാമന് ജനിച്ച് വളര്‍ന്നത്, കൃഷി ജീവിതോപാധിയായി സ്വീകരിച്ചവരാണ് രാമന്റെ പിന്തലമുറക്കാരെല്ലാവരും. നെല്ല്, ചോളം, ചാമ, തിന എന്നിവ കൃഷിചെയ്യുന്ന കൂട്ടത്തില്‍ കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗമായി രാമന്റെ കുടുംബം സ്വീകരിച്ചിരുന്നു. പാരമ്പര്യമായ കൃഷിരീതി ശീലിച്ചുപോന്ന രാമന് രാസവളമോ കീടനാശിനിയോ തന്റെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല ഋതുഭേദങ്ങളെ അതീവ ശ്രദ്ധയോടെ മനസ്സിലാക്കിയാണ് കൃഷിയിറക്കുന്നതെന്നും വ്യക്തമാക്കി.
വ്യക്തിജീവിതം
പട്ടിണിയും കഷ്ടപ്പാടുകളും ഇടകലര്‍ന്ന് വളരെ പരിമിതമായ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന രാമന് ലഭിച്ച വിദ്യാഭ്യാസം അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു. മുതിര്‍ന്നപ്പോള്‍ ലഭിച്ച സര്‍ക്കാര്‍ ഉദ്യോഗം അമ്മാവന്റെ നിര്‍ബന്ധപ്രകാരം വേണ്ടെന്ന് വെക്കുകയും തുടര്‍ന്ന് മുഴുവന്‍ സമയം കര്‍ഷക ജീവിതം നയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കരയും നെല്പാടവുമായി നാല്‍പ്പതോളം ഏക്കര്‍ കൃഷിഭൂമിയായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന് ആദ്യകാലത്ത് ഉണ്ടായിരുന്നത്. വളരെക്കാലം മുമ്പേ തന്നെ അഞ്ചിലേറെ ഇനം നെല്‍വിത്തുകള്‍ കൃഷിചെയ്ത് സംരക്ഷിച്ചു പോരുകയായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. അമ്മാവന്റെ മരണശേഷവും വീടും കൃഷിയും അതേ പാരമ്പര്യ സവിശേഷതകളോടെ സംരക്ഷിച്ച് നിലനിറുത്താനാഗ്രഹിച്ച രാമന് വിത്തുകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനോടും

കൗതുകം തോന്നിത്തുടങ്ങി. വരും കാലത്തിന് ഈ വിത്തുകളും അവയുടെ സവിശേഷതകളും പങ്കുവെക്കേണ്ടത് തന്റെ കടമയാണ് എന്ന് രാമന് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ആ ഇച്ഛാശക്തിയും അതിന് കൂട്ടുനിന്ന നിരന്തരപരിശ്രമവും ലോകംതിരിച്ചറിഞ്ഞ ജീന്‍ ബാങ്കറായി രാമനെ മാറ്റിയെടുത്തു.
പ്രകൃതി സംരക്ഷണവും പരിസ്ഥിതിവാദവും
കേരളത്തില്‍ ദശാബ്ദങ്ങളായി നടത്തിക്കൊണ്ടുവരുന്ന പരിസ്ഥിതി ദിനാഘോഷവും തൈനടല്‍ ചടങ്ങുകളും പ്രഹസനമാണ് എന്ന് രാമന് അഭിപ്രായപ്പെടുന്നു. “ഇക്കാലമത്രയും വിദ്യാലയങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്ത തൈകളെല്ലാം വളര്‍ന്ന് മരങ്ങളായി മാറിയെങ്കില്‍ കേരളം ഇതിനകം വൃക്ഷസമൃദ്ധമായി തീരുമായിരുന്നു, കൊട്ടിഘോഷിപ്പുകളും പത്രത്തില്‍ ഫോട്ടോ പ്രസിദ്ധീകരിക്കലും മാത്രമല്ലാതെ വളര്‍ന്നു വന്ന മരങ്ങളെ സംരക്ഷിക്കാനോ വേണ്ടിയുള്ള പരിശ്രമമാണ് അനിവാര്യം. കാറ്റിലൂടെയും ജലത്തിലൂടെയും പക്ഷികളിലൂടെയും അതാതിടത്ത് വിത്ത് നിക്ഷേപിക്കാനും മരം വളര്‍ത്താനും പ്രകൃതിക്ക് കഴിവുണ്ടെന്നിരിക്കെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം മാത്രം മനുഷ്യരേറ്റെടുത്താല് മതിയെന്നാണ് രാമന്റെ പക്ഷം. മനുഷ്യര്‍ തന്റെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്ന ഉത്തരവാദിത്തത്തോടെ മറ്റുള്ള ജീവജാലങ്ങളുടേയും സസ്യങ്ങളുടേയും നിലനില്പും ഉറപ്പ് വരുത്തണം. കൃഷിസ്ഥലങ്ങളിലും ജലാശയങ്ങളിലും വസിക്കുന്ന ജീവജാലങ്ങളും കോടിക്കണക്കിന് വരുന്ന കീടങ്ങളും ഈ ഭൂമിയില്‍ ജീവിക്കാനവകാശം ലഭിച്ചവരാണ്. അത് മാറ്റിമറിക്കാന്‍ ആരാണ് അധികാരം കൊടുത്തത്..?,” രാമന് തുടര്‍ന്നു.

“പണ്ടുകേട്ട വരികള്‍ക്ക് വിപരീതമായാണ് എല്ലാം സംഭവിക്കുന്നത്. പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും നഷ്ടപ്പെട്ടു. മനുഷ്യന് തലചായ്ക്കാന്‍ മണ്ണിലും ഉയര്‍ത്തിക്കെട്ടിയ കെട്ടിടങ്ങളിലൂടെ ആകാശത്തും ഇടമുണ്ടായല്ലോ.”
ആകാശം മഴക്കാറ് മൂടിക്കിടക്കുന്നു, മരങ്ങളില്‍ പതിഞ്ഞ കാറ്റും വീശിക്കൊണ്ടിരുന്നു. പുല്ലുമേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് കഴിഞ്ഞ ഏതാനും മണിക്കൂറുള്ക്കിടയില് തലയ്ക്കല്‍ ചെറിയരാമന്റെ നടത്തിയ പ്രസ്താവനകളില്‍ പലതും അതിനകം തന്നെ പ്രതിധ്വനികളായി മാറിക്കഴിഞ്ഞിരിക്കുന്നു.
തലയില്‍ കെട്ടുമായി മുറ്റത്തുനിന്നും കോലായിലേക്ക് കയറിവന്ന രാമന്റെ കൈപിടിച്ച് ഞങ്ങള്‍ യാത്രപറഞ്ഞു.
ചെറുവയല്‍ രാമനുമായി നടത്തിയ അഭിമുഖം ഇവിടെ കാണാം.
Latest posts by Mannira Features (see all)
- അഷ്ടമുടി കക്കവാരല്‍: കായല്‍ത്തട്ടില്‍ നിന്ന് കോരുന്ന വിദേശനാണ്യം - December 31, 2017
- കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍ - December 28, 2017
- ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും - November 24, 2017