കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച
തെങ്ങും നെല്ലും കമുകും വാഴയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന കൂടല്ലൂര്‍ നാടിന്റെ പതിവ് കാര്‍ഷികശൈലിയെപ്പറ്റി നിളയുടെ കഥാകാരനായ എം ടി യില്‍ നിന്ന് നമ്മള്‍ ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു നവകൃഷികഥ എഴുതുകയാണ് ശ്രി പ്രഭയിലെ പച്ചപ്പൊഴുകുന്ന കൃഷിയിടത്തണലുകൾ. അമൂല്യ വിള വൈവിധ്യമാണ് ശ്രീ പ്രഭയിലെ പരമേശ്വരൻ കുട്ടിയുടെ കൃഷിയുടെ സവിശേഷത. അപൂർവ്വവിളകൾ എവിടെക്കണ്ടാലും അതിന് ഇടം നല്കുന്ന ആകാംക്ഷ തുളുമ്പുന്ന മനസൊരുക്കമാണ് തന്റെ സവിശേഷ കൃഷിയിടത്തിന് വഴിത്തിരിവായതെന്നാണ് പരമേശ്വരൻകുട്ടി വ്യക്തമാക്കുന്നു.
നെല്ലും തെങ്ങും കമുകും ജാതിയും കൊക്കോയും വിവിധയിനം വാഴകളും കുടംപുളിയും കിഴങ്ങ് വിളകളും സപ്പോട്ടയും കുവയും നാട്ടുപുളിയും മാവും പ്ലാവുമൊക്കെ നിറഞ്ഞ കൃഷിയിടത്തിൽ അപൂർവ്വ സുഗന്ധവ്യഞ്ജനങ്ങൾക്കും ഔഷധ സസ്യങ്ങൾക്കുമൊക്കെ ഇടം നല്‍കിയിരിക്കുന്നു എന്നതാണ് ഈ കർഷകന്റെ പ്രത്യേകത. കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു. കറുത്ത ഇഞ്ചിയും ചുവന്ന ഇഞ്ചിയും കരിമഞ്ഞളും കസ്തുരി മഞ്ഞളും തിപ്പലിയും അണലിവേഗവും ഊതും രുദ്രാക്ഷവുമൊക്കെയാണവ.
Also Read: നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു
ഇവിടെ കാണുന്ന ചില വൈവിധ്യ സുഗന്ധ വ്യഞ്ജനങ്ങളുടെ കാർഷിക പ്രസക്തി ചുരുക്കി കുറിക്കുന്നതോടെ ഈ ഗ്രാമീണ കർഷകന്റെ കാർഷിക ഇടപെടലിന്റെ പ്രസക്തി കുറച്ചു കൂടി വ്യക്തമാകും. മാത്രമല്ല, കേരളത്തിന്റെ മണ്ണിലും ഇവ തഴച്ചു വളരുമെന്ന തിരിച്ചറിവ് നമ്മിലേക്ക് പകർത്തപ്പെടുകയും ചെയ്യും.
മലേഷ്യയിലും വെസ്റ്റ് ആഫ്രിക്കയിലുമാണ് ചുവന്ന ഇഞ്ചി സാധാരണയായി കൃഷി ചെയ്യപ്പെടുന്നത്. കാവി നിറമോ കാവി കലർന്ന ചുവപ്പ് നിറമോ ആണ് കിഴങ്ങുകൾക്ക്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് അപൂർവ്വമാണ്. മലേഷ്യയിലും തായ്ലാന്റിലുമാണ് കറുത്ത ഇഞ്ചി വ്യാപകമായി കൃഷി ചെയ്യുന്നത്. വടക്കു-കിഴക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ചെറിയ രീതിയിലും ഇത് കൃഷിചെയ്യുന്നുണ്ട്, കേരളത്തിൽ വളരെ അപൂർവ്വം മാത്രം.
Also Read:കോവിഡ് നിരീക്ഷണ കാലത്ത് കൃഷിയൊരുക്കി ആരോഗ്യ പ്രവർത്തകൻ മാതൃകയാകുന്നു!
ഔഷധഗുണത്താൽ വളരെയേറെ വിലയുള്ള കരിമഞ്ഞൾ ഇന്ത്യൻ തദ്ദേശ വാസിയാണ്, വംശനാശ ഭീഷണിയുള്ള കരിമഞ്ഞൾ കൃഷി കേരളത്തിൽ കുറവാണ്. വിപണി തട്ടിപ്പിൽ കസ്തുരി മഞ്ഞളെന്ന കബളിപ്പിക്കലിൽ കാട്ടു മഞ്ഞളുകൾ വാങ്ങിക്കൂട്ടിയവര്‍ ധാരാളമുണ്ടാകും. എന്നാല്‍ വെള്ള നിറത്തിലുള്ള യഥാർത്ഥ കസ്തൂരി മഞ്ഞൾ പരമേശ്വരന്റെ കൃഷിയിടത്തിലെത്തിയാൽ കാണാം. ഇൻഡോൾ സാന്നിധ്യത്താൽ പാമ്പിനെ അകറ്റി നിർത്തുന്ന അണലി വേഗവും (viper repellent), ആയ്യുർവ്വേദത്തിൽ ത്രി കടു ഗണത്തിലുൾപ്പെട്ട തിപ്പലിയും, ഹരിത വനങ്ങളിൽ വളരുന്ന ഹൈന്ദവ മോക്ഷ പുണ്യ വിശ്വാസം നിറഞ്ഞ രുദ്രാക്ഷമരവുമൊക്കെയുള്ള കൃഷിയിടം സംരക്ഷിച്ചു പോരുന്ന പരമേശ്വരന്റെ വൈവിധ്യ വിളകൾ തേടിയുള്ള കാർഷികപ്രയാണം തുടരുകയാണ്.
ഫോൺ: പരമേശ്വരൻ കുട്ടി – 9895999143