സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ എണ്ണപ്പന കൃഷി കടുത്ത പ്രതിസന്ധിയിൽ; നഷ്ടം താങ്ങാനാകാതെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു
സംസ്ഥാനത്ത് എണ്ണപ്പന കൃഷി കടുത്ത പ്രതിസന്ധിയിൽ; നഷ്ടം താങ്ങാനാകാതെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കേരളത്തിന്റെ കിഴക്കന്‍ മേഖലയിലെ കര്‍ഷകരാണ് സാമ്പത്തിക നഷ്ടവും പനക്കുണ്ടാകുന്ന രോഗബാധകളും മൂലം വലയുന്നത്. തിരുവനന്തപുരം ജില്ലയിലെ പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ എണ്ണപ്പന വ്യാപകമായി കൃഷി ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത കാര്‍ഷിക ഉൽപന്നങ്ങളുടെ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് കര്‍ഷകര്‍ എണ്ണപ്പന കൃഷിയിലേക്ക് തിരിഞ്ഞത്.
എന്നാൽ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മിക്കതും ക്രമേണ നിന്നുപോയത് കർഷകരെ വെട്ടിലാക്കി. ചെറുകിട കര്‍ഷകരെയാണ് ഇത് കൂടുതലായി ബാധിച്ചത്. രോഗബാധയുണ്ടായ എണ്ണപ്പനകള്‍ക്ക് കൃഷി വകുപ്പില്‍നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും തിരിച്ചടിയായി. മിക്ക സ്ഥലങ്ങളിലും കൃഷിയിടങ്ങളിൽനിന്ന് കർഷകർ എണ്ണപ്പന വെട്ടിമാറ്റുന്നതായി മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ എണ്ണപ്പന കൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡാണ് എണ്ണപ്പന കൃഷിയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് എണ്ണപ്പന കൃഷിക്ക് അനുയോജ്യം. തുടക്കത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിന് ഒരു ഹെക്ടറിന് 32,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡി ലഭിച്ചിരുന്നതായി കർഷകർ പറയുന്നു. എന്നാൽ നിലവില്‍ ഒരു കിലോക്ക് ആറു രൂപ പതിനഞ്ച് പൈസ നിരക്കിലാണ് പഴങ്ങള്‍ സംഭരിക്കുന്നത്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കർഷകർ.
Also Read: നെല്ലിക്ക വീട്ടിൽ കൃഷി ചെയ്താൽ രണ്ടുണ്ട് നേട്ടം; കുറഞ്ഞ പരിചരണത്തിൽ കൂടുതൽ വിളവും ആരോഗ്യവും
Image: facebook