വെറും 70 ദിവസംകൊണ്ട് 21 ലക്ഷം രൂപയുടെ ആദായം; കുമ്പളം കൃഷി ചെയ്ത് അപൂർവ നേട്ടവുമായി ഗുജറാത്ത് കർഷകൻ

വെറും 70 ദിവസംകൊണ്ട് 21 ലക്ഷം രൂപയുടെ ആദായം; കുമ്പളം കൃഷി ചെയ്ത് അപൂർവ നേട്ടവുമായി ഗുജറാത്ത് കർഷകൻ. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ ഖേതാജി സോളങ്കി എന്ന കര്‍ഷകനാണ് ജ്യൂസുണ്ടാക്കാൻ വ്യപകമായി ഉപയോഗിക്കുന്ന തൈക്കുമ്പളം കൃഷിയിലൂടെ അദ്ഭുതപ്പെടുത്തുന്ന നേട്ടം കൈവരിച്ചത്.

ഈ വർഷം ഫെബ്രവരി 12 നാണ് തന്റെ രണ്ടരയേക്കറോളം വരുന്ന കൃഷിയിടത്തില്‍ ഖേതാജി തൈക്കുമ്പളം നട്ടത്. ഏപ്രില്‍ പാതിയോടെ വിളവെടുത്തപ്പോള്‍ കിട്ടിയത് 140 ടണ്‍! 21 ലക്ഷം രൂപയ്ക്കാണ് തന്റെ വിളവ് ഖേതാജി വിറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൃഷി തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും ഇത്രയും കുറച്ച്‌ ദിവസംകൊണ്ട് ഇത്രയേറെ ആദായം കിട്ടുന്ന മറ്റൊരു കൃഷിയും താനിതുവരെ ചെയ്തിട്ടില്ലെന്ന് ഖേതാജി വ്യക്തമാക്കി.

Loading…

ഉരുളക്കിഴങ്ങിന് വിപണിയില്ലാതായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാൻ തുടങ്ങിയതോടെയാണ് ഖേതാജി തൈക്കുമ്പളം കൃഷി ചെയ്യാൻ തീരുമാനിച്ചത്. ആധുനിക കൃഷിരീതികള്‍ പിന്തുടരുന്ന ഖേതാജി, വിത്ത് തിരഞ്ഞെടുക്കുന്നതു മുതൽ അതീവ ശ്രദ്ധപുലര്‍ത്തികയും നല്ല വിത്തുകള്‍ മാത്രം തിരഞ്ഞെടുത്ത് അവയ്ക്ക് ഡ്രിപ്പ് ഇറിഗേഷനിലൂടെ ജലസേചനം ഉറപ്പാക്കുകയും ചെയ്തു.

വൈദ്യുത ക്ഷാമമുള്ളതിനാൽ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കന്ന പമ്പുകളാണ് ഉപയോഗിക്കുന്നത്. 1.21 ലക്ഷം രൂപയാണ് ഇതിനെല്ലാം കൂടി വേണ്ടിവന്ന ചെലവെന്ന് ഖേതാജി പറയുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ വിളവ് ലഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ നേരിട്ടു ബന്ധപ്പെട്ട ഖേതാജി അവരെ ബനസ്‌കന്തയിലെത്തിച്ച് മികച്ച വിലയ്ക്ക് തന്റെ തൈക്കുമ്പളങ്ങൾ വിൽക്കുകയായിരുന്നു.

Also Read: നിൽക്കക്കള്ളിയില്ലാതെ മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിലേക്ക്; മെയ് 3 മുതൽ പാൽ വെറുതെ നൽകാൻ തീരുമാനം

Image: loksatta.com