ജൈവ കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളുമായി ആത്മ
ജൈവ കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളുമായി ആത്മ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഭരണ വാർഷികത്തോട് അനുബന്ധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച പ്രദര്‍ശന വിപണനമേള ജനകീയം 2018 ലാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മയുടെ പുതിയ സംവിധാനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
പച്ചക്കറി കീടനിയന്ത്രണത്തിനും ഉല്പാദന വളര്‍ച്ചയ്ക്കും ചെലവ് കുറഞ്ഞ രീതിയിലുള്ള അത്യാധുനിക ജൈവ സംവിധാനങ്ങളുമായാണ് ആത്മ മേളയില്‍ ശ്രദ്ധയമായത്. സോളാര്‍ വിളക്ക് കെണി, തിരിന, മഴയറ, മിനി പോളി ഹൗസ് എന്നിങ്ങനെ കാര്‍ഷിക വകുപ്പിന്റെ സ്റ്റാളുകളിലെ പ്രധാന പ്രദർശന വസ്തുക്കൾ കാണാൻ ധാരാളം പേരെത്തുന്നു.
കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളെ കെണിയിലാക്കാന്‍ ഉപയോഗിക്കുന്നതാണ് സോളാര്‍ വിളക്കു കെണി. രാത്രികാലങ്ങളില്‍ കൃഷിയ്ക്ക് വിനയാകുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ഏറെ പ്രയോജനകരമാണ് ഈ മാര്‍ഗം. ചെലവ് കുറഞ്ഞ രീതിയില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനകരമായ മറ്റൊരു സജ്ജീകരണമാണ് തിരിന. ക്യാപിലറി ശക്തിയില്‍ താഴെ നിന്നും മുകളിലേക്ക് വെള്ളം വലിച്ചെടുക്കുന്ന സംവിധാനമാണിത്.
വേനലിലും മഴയത്തും കൃഷിയെ സംരക്ഷിക്കുന്നതിനാണ് മഴയറ, മിനി പോളി ഹൗസ് എന്നിവ ഉപയോഗിക്കുന്നത്. മഴയറ പദ്ധതിക്കായി 50000 രൂപ ധനസഹായവും പോളി ഹൗസിന് 75% സബ്സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
കീടനാശിനി നശീകരണത്തിനും കൃഷി സംരക്ഷണത്തിനുമുള്ള മാര്‍ഗങ്ങളും വിവിധ തരത്തിലുള്ള വിത്തിനങ്ങളും ജൈവ രീതിയിലുള്ള വളങ്ങളും ആത്മ സ്റ്റാളില്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Also Read: ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്ത്രജ്ഞർ
Image: pixabay.com