ബയോടെക്‌നോളജി വിട്ട് അക്വാപോണിക്സിലേക്ക്; ലിസ ജോൺ പത്തു സെന്റിൽ നിന്ന് നേടുന്നത് ഒരേക്കറിൽ നിന്നുള്ള ആദായം
ബയോടെക്‌നോളജി വിട്ട് അക്വാപോണിക്സിലേക്ക്; ലിസ ജോൺ പത്തു സെന്റിൽ നിന്ന് നേടുന്നത് ഒരേക്കറിൽ നിന്നുള്ള ആദായം. കരിമണ്ണൂര്‍ പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ മുത്ത് ലിസ ജോണാണ് അക്വാപോണിക്‌സ് കൃഷി രീതിയിലൂടെ മികച്ച നേട്ടമുണ്ടാക്കുന്നത്.
ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ യുവ കര്‍ഷക. ബംഗളൂരു ഓക്‌സ്ഫഡ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു പത്തുവര്‍ഷത്തോളം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മികച്ചശമ്പളത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി നോക്കി. ജോലിയും കുടുംബ തിരക്കുകളുമായി കഴിയുമ്പോഴാണ് മൂന്നു വയസുകാരന്‍ മകന്‍ മാര്‍ട്ടിന് ബംഗളൂരുവിലെ കാലാവസ്ഥ വില്ലനായത്.
അതോടെ കുട്ടിയുടെ ആരോഗ്യത്തിന് മുൻഗണന നൽകി ലിസ പള്ളിക്കാമുറിയിലുള്ള സ്വന്തം വീട്ടിലേക്കു മാറി. കഠിനാധ്വാനം ചെയ്യാനുള്ള മനസും കൃഷിയോടുള്ള താത്പര്യവും ഒത്തു ചേര്‍ന്നതോടെ കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തീരുമാനിച്ചു. തുടർന്ന് യോജിച്ച കൃഷിരീതികളെ സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു. അങ്ങനെയാണ് അക്വാപോണിക്‌സ് കൃഷി രീതിയിലെത്തുന്നത്.
ഇന്റർനെറ്റിൽ നിന്ന് അക്വാപോണിക്‌സ് കൃഷിയെ സംബന്ധിച്ച പരമാവധി വിവരങ്ങൾ സംഭരിച്ച ലിസ അതിനോട് സ്വന്തം ആശയങ്ങളും കൂട്ടിചേര്‍ത്ത് അതിസാന്ദ്രതാ രീതിയിലുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും സംയോജിപ്പിച്ചുള്ള ഹൈടെക് അക്വാപോണിക്‌സ് കൃഷിക്ക് തുടക്കം കുറിച്ചു.
കൃഷിക്കായി വീടിനോടു ചേര്‍ന്നുള്ള പത്തു സെന്റിൽത്തന്നെ ഒരു സെന്റ് സ്ഥലത്ത് കുളം നിര്‍മിച്ച് മത്സ്യകൃഷിയും ശേഷിക്കുന്ന ഒമ്പതു സെന്റില്‍ പച്ചക്കറി കൃഷിയും തുടങ്ങി. വിത്തുപാകുന്നതിന് മണ്‍മറ നിര്‍മിച്ച ശേഷം ഇതിനുള്ളില്‍ കൃത്യമായ അളവില്‍ 13 ഗ്രോബെഡ്ഡുകള്‍ തയാറാക്കി. ഇതിനു മുകളില്‍ എച്ച്ഡിപിഇ (ഹൈഡെന്‍സിറ്റി പോളി എത്‌ലിന്‍ ഷീറ്റ്) വിരിച്ചശേഷം ചെറിയ വലിപ്പത്തിലുള്ള വെള്ളാരംകല്ല് മണല്‍ (സിലിക്ക ക്വാര്‍ട്‌സ്) വിതറി.
നാട്ടില്‍ ഇവ സുലഭമല്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നുമാണ് എത്തിച്ചത്. ഇതിനു മുകളിലാണ് പച്ചക്കറി വിത്തുകള്‍ പാകിയത്. തക്കാളി കൃഷിയിലാണ് ലിസ പരീക്ഷണം തുടങ്ങിയത്. മീന്‍കുളത്തില്‍ ഏഴു മോട്ടോറുകളും ജനറേറ്ററും സ്ഥാപിച്ചതോടെ ജലസേചന പ്രശ്നത്തിനും ശാശ്വത പരിഹാരമായി. ഇപ്പോൾ ഏതു പച്ചക്കറിയും കൃഷി ചെയ്യാനാകുന്ന രീതിയിൽ ലിസയുടെ കൊച്ചു കൃഷി സ്ഥലം വളർന്നു കഴിഞ്ഞു.
Image: ജൈവ കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളുമായി ആത്മ
Image: rashtradeepika.com