ഓരുജലാശയ കൂടുകൃഷി രീതിയിലൂടെ മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് കവ്വായി കായൽ തീരത്തെ കർഷകർ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ഓരുജലാശയ കൂടുകൃഷി രീതിയിലൂടെ മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് കവ്വായി കായൽ തീരത്തെ കർഷകർ. തെക്കേക്കാട് പ്രദേശത്തെ നിരവധി മത്സ്യ കര്‍ഷകരാണ് കവ്വായി കായൽ തീരത്ത് ഓരുജലാശയ കൂടുകൃഷിയിൽ വിജയഗാഥ രചിക്കുന്നത്.
ഓരുജലാശയ കൃഷിയില്‍ എട്ട് വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള കർഷകരും പ്രദേശത്തുണ്ട്. കായലിന്റെ ഓരത്തുള്ള ജലാശയത്തില്‍ രണ്ട് മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും പൈപ്പ്, കവുങ്ങ് എന്നിവ സ്ഥാപിച്ച് പ്രത്യേകം വല ഉപയോഗിച്ചുള്ള കൂടുകള്‍ നിര്‍മിച്ചാണ് കൃഷി. എറണാകുളത്തുനിന്ന് എത്തിക്കുന്ന പ്രത്യേക വലയാണ് ഇതിന് ഉപയോഗിക്കുന്നത്.
ഒരു കൂട് നിര്‍മിക്കാന്‍ ഏതാണ്ട് 4800 രൂപ ചെലവുവരുമെന്ന് കർഷകർ പറയുന്നു. ഇവയില്‍ നിക്ഷേപിക്കാനുള്ള കുഞ്ഞുങ്ങളെ മലപ്പുറത്തുനിന്നാണ് വാങ്ങുന്നത്. മീന്‍ കുഞ്ഞുങ്ങള്‍ക്ക് 16 മുതല്‍ 65 രൂപ വരെയാണ് വില. ഇവയെ പ്രത്യേക ഹാച്ചറികളില്‍ ഇട്ട് വളര്‍ത്തി കായലില്‍ തയ്യാറാക്കിയ കുടുകളില്‍ നിക്ഷേപിക്കുന്നു. ഇവയ്‌ക്ക് പൂര്‍ണ വളർച്ചയെത്താന്‍ ആറ് മാസം വേണം.
പ്രായത്തിന് അനുസരിച്ച് വ്യത്യസ്ത അളവിലുള്ള തീറ്റയാണ് മീൻ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. കരിമീന്‍, കളാഞ്ചി, ചെമ്പല്ലി, വറ്റ, വളോടി എന്നിവയാണ് പ്രധാന കൃഷി. പൂര്‍ണ വളർച്ചയെത്തുമ്പോൾ ഒരു കൂട്ടില്‍നിന്ന് 50 കിലോ മീന്‍ വരെ ലഭിക്കുമെന്ന് കർഷകർ പറയുന്നു. കിലോയ്ക്ക് 450 രൂപ മുതലാണ് വിപണി വില.
നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണ് കൃഷി. കൂടാതെ ഫിഷറീസ് വകുപ്പിന്റെ സബ്‌സിഡിയും കർഷകർക്ക് താങ്ങാവുന്നു. ചെറുവത്തൂര്‍, പടന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഓളം മത്സ്യകൃഷി യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|