Saturday, April 12, 2025
കാര്‍ഷിക വാര്‍ത്തകള്‍

തലയ്ക്കൽ കായ്ക്കണമെങ്കിൽ കടയ്ക്കൽ തടം കോരണം; വരുന്നൂ, തെങ്ങിന് തടമെടുക്കാൻ യന്തിരൻ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

തലയ്ക്കൽ കായ്ക്കണമെങ്കിൽ നൽകണം കടയ്ക്കൽ വളം; വരുന്നൂ, തെങ്ങിന് തടമെടുക്കാൻ യന്തിരൻ. തെങ്ങിന്റെ പരിചരണത്തിൽ സുപ്രധാനമാണ് തടമെടുത്ത് നൽകുന്ന വളപ്രയോഗം. സാധാരണ തെങ്ങിന് 12 അടി ചുറ്റുവട്ടത്തില്‍ ഒരടിയോളം താഴ്ചയില്‍ തടമെടുത്ത് അതില്‍ 25 കിലോ ഗ്രാം ജൈവവളവും, ജൈവാവശിഷ്ടങ്ങളുമാണ് നിക്ഷേപിക്കുന്നത്.

ഈ തടങ്ങള്‍ മഴക്കുഴിയായി ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്. എന്നാം തൊഴിലാളികളെ കിട്ടാതായതും തേങ്ങയുടെ വിലയിടിഞ്ഞതും കർഷകർ തടമെടുക്കൽ പോലുള്ള പരിചരണങ്ങൾ പതിയെ കൈയ്യൊഴിയാൻ കാരണമായി.
തെങ്ങിന് ചുറ്റും 1.8 മീ അര്‍ദ്ധവ്യാസത്തില്‍ 20 മുതല്‍ 30 സെ മീ ആഴത്തില്‍ തൂമ്പ ഉപയോഗിച്ച് തടമെടുക്കുമ്പോള്‍ ഒരു തെങ്ങിന് 50 രൂപ മുതല്‍ 60 രൂപ വരെ കർഷകർക്ക് ചെലവു വരുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷാ സേന ഗവേഷണ വിഭാഗം തടമെടുക്കാനുള്ള യന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാധാരണയായി നിലം ഒരുക്കാൻ ഉപയോഗിക്കുന്ന ടില്ലറില്‍ ചെറിയ മാറ്റം വരുത്തിയാണ് തെങ്ങിന്റെ തടം കൂടുതല്‍ എളുപ്പത്തില്‍ തുറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. പവർ ടില്ലറില്‍ രണ്ടു ചക്രങ്ങള്‍ തമ്മിലുള്ള അകലം കുറച്ച് ബ്ലേഡുകള് ഒരു വശത്തായി ക്രമീകരിച്ചതിലൂടെ വൃത്താകൃതിയിൽ മണ്ണ് കോരി തടമായി രൂപപ്പെടുത്തുവാന്‍ ഈ സംവിധാനം സഹായിക്കുന്നു.

ബ്ലേഡുകൾ എല്ലാം ഏതെങ്കിലും ഒരു വശത്തേയ്ക്ക് പ്രവര്‍ത്തനഗതി അനുസരിച്ച് മാറ്റി ഇടുകയും തല്‍ഫലമായി അവ കോരുന്ന മണ്ണ് പവര്‍ ടില്ലറിന്റെ കറക്കത്തിന് അനുസരിച്ച് പുറത്തേയ്ക്ക് കോരിയിട്ട് തടം രൂപപ്പെടുകയും ചെയ്യുന്ന വിദ്യയാണിത്. ടില്ലറിന്റെ പ്രവര്‍ത്തനം വൃത്താകൃതിയിലാക്കാൻ പവര്‍ ടില്ലര്‍ തെങ്ങുമായി ഒരു ലഘു സംവിധാനം വഴി ഘടിപ്പിക്കുന്നു. കൂടാതെ തെങ്ങിന്റെ വണ്ണവും തെങ്ങുമായുള്ള അകലവും അനുസരിച്ച് ഈ സംവിധാനം തെങ്ങുമായി ബന്ധിച്ച് പ്രവര്‍ത്തിക്കുന്നതിന് ലംബാകൃതിയിലുള്ള മൈല്‍ഡ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഫ്രെയിമും നിർമാതാക്കൾ ഘടിപ്പിച്ചിട്ടുണ്ട്.

തടത്തിന്റെ ആഴം ക്രമീകരിക്കുന്നതിനായി നിലവിലുള്ള താഴ്ച ക്രമീകരണ സംവിധാനം ടില്ലറിന്റെ മുന്‍ഭാഗത്തേക്ക് മാറ്റി ഘടിപ്പിച്ചിരിക്കുന്നു. ചെരിവുള്ള സ്ഥലങ്ങളിലും തടം കോരിയതിനു ശേഷവും അടുത്ത തെങ്ങിന്‍ തടത്തിലേയ്ക്ക് ടില്ലര്‍ കൊണ്ട് പോകുന്നതിനായി താല്കാലിക ട്രാക്ക് ക്രമീകരണവും യന്ത്രത്തിലുണ്ട്. ഈ സംവിധാനത്തിൽ യന്ത്രം സ്വയം തടം എടുക്കുന്നതിനാൽ പ്രവർത്തിപ്പിക്കാൻ ആൾ വേണ്ടെന്ന മെച്ചവുമുണ്ട്. തെങ്ങില്‍ നിന്നും 180 സെന്റീമീറ്റര്‍ അര്‍ദ്ധവ്യാസത്തില്‍ ഒരു തടം തയ്യാറാക്കാൻ വേണ്ട ഏകദേശ സമയം 7 മിനിറ്റാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

13 കുതിര ശക്തിയുള്ള ടില്ലര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 1 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. മറ്റു ചെലവുകൾ ഉൾപ്പെടെ ഒരു മണിക്കൂര്‍ നേരത്തേക്ക് എകദേശം 300 രൂപയാണ് പ്രവര്‍ത്തന ചെലവ് കണക്കാക്കുന്നത്. ഒരു ടില്ലര്‍ ഉപയോഗിച്ച് ഒരു ദിവസം ഏകദേശം 40 മുതല്‍ 50 വരെ തടം എടുക്കാന്‍ കഴിയും. ഈ സാങ്കേതിക വിദ്യ കാംകോ മുതലായ ടില്ലര്‍ കമ്പനികള്‍ക്ക് കൈമാറാനാണ് ഗവേഷണ കേന്ദ്രം ഉദ്ദേശിക്കുന്നത്. കാര്‍ഷിക സേവന കേന്ദ്രം, കര്‍ഷക സേവന കേന്ദ്രം, ഭക്ഷ്യ സുരക്ഷാ സേന ഗവേഷണ വിഭാഗം എന്നിവ വഴി ഈ സേവനം കര്‍ഷകരില്‍ എത്തിക്കാനും കാര്‍ഷിക ഗവേഷണ കേന്ദ്രം പദ്ധതിയിടുന്നു.

Also Read: അംഗീകാരമില്ലാത്ത മൊൺസാന്റോ ജിഎം പരുത്തി വിത്തുകൾ നട്ട് കർഷകർ; ഇരുട്ടിൽത്തപ്പി അധികൃതർ

Image: unslash.com

 

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.