നെൽവയൽ-നീർത്തട നിയമത്തിൽ നഗരപ്രദേശങ്ങൾക്ക് ഇളവ് അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി
നെൽവയൽ-നീർത്തട നിയമത്തിൽ നഗരപ്രദേശങ്ങൾക്ക് ഇളവ് അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. നെൽവയൽ-നീർത്തട നിയമത്തിൽ നഗരപ്രദേശങ്ങൾക്ക് ഇളവ് അനുവദിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്. നെല്‍വയല്‍, നീർത്തട സംരക്ഷണ നിയമം ഭേദഗതി ബില്‍ നിയമസഭ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉഭയകക്ഷിയോഗത്തിൽ സിപിഐ മന്ത്രിമാർ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. നെല്‍വയല്‍നിയമ ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മറ്റി പരിഗണിക്കുന്നതിനിടയിലാണ്, നിയമത്തില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് നഗര പ്രദേശങ്ങളെ ഒഴിവാക്കാനുള്ള നീക്കം ഉണ്ടായത്. പൊതു ആവശ്യങ്ങള്‍ക്ക് നികത്താനുള്ള അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതവത്ക്കരിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവ് നല്‍കി നിയമം തന്നെ അപ്രസക്തമാക്കുന്നതിലുള്ള വിയോജിപ്പ് സിപിഐ അറിയിച്ചത്. നിയമത്തിന്റെ അന്തസത്തചോര്‍ത്തുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വാദം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുടേയും വിനോദസഞ്ചാര താത്പര്യങ്ങൾ ഉള്ളവരുടേയും സമ്മർദമാണ് നിയമപരിധിയില്‍നിന്ന് നഗരങ്ങളെ ഒഴിവാക്കാനുള്ള നീക്കത്തിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.തുടർന്ന് ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കേണ്ടെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു.
Also Read: മഴക്കാല രോഗമായ പഞ്ഞിപ്പു രോഗം; ചെമ്മീൻ കർഷകരുടെ പേടിസ്വപ്നം; മുൻകരുതലുകൾ ഇവയാണ്
Image: pixabay.com