കറിവേപ്പ് തഴച്ചുവളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു ജൈവവളപ്രയോഗം
കറിവേപ്പ് തഴച്ചുവളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു ജൈവവളപ്രയോഗം. വിപണിയിൽ ലഭിക്കുന്ന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുണ്ടാക്കുന്ന കറിവേപ്പിലകളിൽ മാരക കീടനാശിനികള്‍ അടങ്ങിയിരിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. അതിനാൽ വീട്ടില്‍ ഒരു കറിവേപ്പിലത്തൈ നടുവളർത്തുകയെന്ന പഴയ ചിട്ടയിലേക്ക് മടങ്ങുകയാണ് മലയാളി.
നഗരങ്ങളിൽ ചട്ടികളിലും ഗ്രോബാഗുകളിലും കറിവേപ്പില വളരുന്നുണ്ട്. വീടുകളില്‍ ഒന്നോ രണ്ടോ തൈകള്‍ ഗ്രോ ബാഗിലോ ചട്ടിയിലോ വെക്കാൻ ആഗ്രഹിക്കുന്നവർ ആദ്യ ചെയ്യേണ്ടത് നഴ്‌സറികളില്‍ നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുക്കുകയാണ്. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് മാറ്റി നടണം.
കൃഷിയിടത്തിലാണ് കറിവേപ്പില നടുന്നതെങ്കിൽ കുഴിയെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളം കെട്ടിനിൽക്കാത്തതും നല്ല സൂര്യപ്രകാശം കിട്ടുനതുമായ സ്ഥലം ആയിരിക്കാൻ ശ്രദ്ധിക്കണം. ഏതാണ്ട് ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ ചേർത്ത് നിറക്കണം. അതിനുശേഷം ഈ മിശ്രിതത്തിൽ ചെറിയ മുക്കാൽ അടിയുള്ള തൈ നടാം.
വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നു മാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോള്‍ കോതിക്കൊടുത്താൽ ചില്ലകള്‍ കൂടുതൽ ഇടതൂര്‍ന്ന് വളരും.
കഞ്ഞിവെള്ളമാണ് കറിവേപ്പിലയ്ക്ക് ഏറ്റവും ഫലപ്രദമായ കീടനാശിനിയും വളവും. തൈകൾ ചട്ടികളില്‍ നട്ട് ഒന്നോരണ്ടോ ഇലക്കൂമ്പുകള്‍ വന്നാൽ കഞ്ഞിവെള്ള പ്രയോഗം തുടങ്ങാവുന്നതാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം അല്പം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളിൽ സ്‌പ്രേ ചെയ്തു കൊടുക്കാം. സൈലിഡ് കീടം, ശലഭപ്പുഴുക്കൾ, തേയിലക്കൊതുക് തണ്ടിലും ഇലയിലും വെളുത്ത പാടപോലെ വളരുന്ന ഫംഗസ് എന്നിവയെയെല്ലാം തുരത്താനുള്ള ഒറ്റമൂലിയാണ് ഈ കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.
Also Read: എളുപ്പത്തിൽ ചെയ്യാം പടവല കൃഷി; കുറച്ചു പരിചരണവും മികച്ച വിളവും
Image: malayalam.boldsky.com