ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍
ഇന്ത്യയിൽ “ദരിദ്രന്റെ പശു” എന്നറിയപ്പെടുന്ന ആടുകൾ, ഭൂരഹിതരായ തൊഴിലാളികൾക്കും ചെറുകിട കൃഷിക്കാർക്കും ജീവിതോപാധിയായി നിലനില്‍ക്കുന്നതിനൊപ്പം സാമ്പത്തികലാഭത്തിനുള്ള സാധ്യതയും തുറന്നുകൊടുക്കുന്നു. കർഷകർ കൃഷിയോടൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തിലും ആടുവളർത്തൽ ആരംഭിച്ചിട്ടുണ്ട്. ഉയർന്ന പ്രജനനം, ഉയർന്ന വളർച്ചാനിരക്ക്, പോഷകഗുണമേറിയ ഇറച്ചി, സമൃദ്ധിമായ പാൽ എന്നീ ഗുണങ്ങളാല്‍ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിൽ മികച്ച സാമ്പത്തിക ഉയർച്ച കൊണ്ടുവരാന്‍ ആടുവളര്‍ത്തല്‍ സഹായിച്ചിട്ടുണ്ട്. കട്ടിയില്ലാത്ത, കൊഴുപ്പുകുറഞ്ഞ, മതപരമായ വിലക്കുകൾ ഇല്ലാത്ത ആട്ടിറച്ചിയുടെ ഉയർന്ന ആവശ്യകത കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു, കൂടാതെ ആട്ടിൻപാലിന്റെ മേന്മ ആയുർവേദത്തിലെ മരുന്നുകളുടെ പ്രധാന ചേരുവകളിൽ ഒന്നായി രോഗങ്ങളെ ശമിപ്പിക്കുന്നു. അതും ജനിതക എൻജിനീയറിംഗ് വഴി ജനിപ്പിച്ച ട്രാൻസ്ജനിക് ആടുകളുടെ പാലാണ് ഔഷധ നിർമ്മാണത്തിൽ കൂടുതലും.
ആടുവളർത്തലിൽ പ്രധാനമായി ചിലവ് വരുന്നത് ആടുകളുടെ തീറ്റയ്ക്കാണ്. അതുകൊണ്ട് വിസ്തൃതമായ സ്ഥലത്ത് ഫാം തുടങ്ങുകയാണെങ്കിൽ ഫാമിനുളളിൽ തന്നെ തീറ്റപ്പുൽക്കൃഷിയും മറ്റ് പച്ചിലകൾ ലഭിക്കുന്ന ചെടികളും വളർത്താം. ഒരാടിന് ഒരു ദിവസം 3 മുതല്‍ 5 കിലോഗ്രാം വരെ പച്ചിലകളും തീറ്റപ്പുല്ലും ആവശ്യമാണ്. പ്ലാവ്, ഗിനിപ്പുല്ല്, ലുസേൺ, സങ്കരനേപ്പിയർ, സുബാബുൾ , ശീമക്കൊന്ന എന്നിവ സ്ഥല ലഭ്യതക്കനുസരിച്ച് ഫാമിനകത്തുതന്നെ കൃഷിചെയ്യാം. എല്ലാസമയത്തും ജലം, വൈദ്യുതി , വാഹനസൗകര്യം, തീറ്റപ്പുൽ കൃഷി ചെയ്യാനുള്ള ഇടം എന്നിവയാണ് ഒരു ഫാമിന് അടിസ്ഥാനത്തിൽ ആവശ്യമായത്.
Also Read: ഡയറി ഫാം: വിപണി സാധ്യത, പുത്തന്‍ വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ
ഫാം തുടങ്ങുമ്പോൾ പ്രജനനത്തിനായി 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന കണക്കിൽ ആയിരിക്കണം. തുടക്കത്തിൽ തന്നെ ഒരുപാട് ആടുകളെ വളർത്തരുത്. 30 – 70 ആടുകളെ കൊണ്ട് ഫാം തുടങ്ങാം. ആടുകളെ തിരഞ്ഞെടുക്കുമ്പോൾ പൊതുവായ ആരോഗ്യലക്ഷണങ്ങൾ, വയസ്സ്, ജനുസ്സിന്റെ ഗുണങ്ങൾ, പ്രസവത്തിലുണ്ടാക്കുന്ന കുട്ടികളുടെ എണ്ണം, ശരീരവളർച്ച, പാലുല്പാദനശേഷി എന്നിവയിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. വിവിധ പ്രായത്തിലുളള ആടുകളെയാണ് വാങ്ങേണ്ടത്. 3 വയസ്സ് പ്രായമുള്ളവയും അതിനു താഴെ പ്രായമുള്ളവയെയും വാങ്ങാം. നമ്മുടെ നാടിന് അനുയോജ്യമായത് രോഗപ്രതിരോധശേഷിയും തീറ്റപരിവർത്തന നിരക്കും ഉയർന്ന പ്രത്യുൽപാദനശേഷിയുമുളള മലബാറി ആടുകളാണ്. മലബാറി ആടുകൾക്കു 60% പ്രസവത്തിലും ഒന്നിലധികം കുട്ടികൾ ഉണ്ടാകാറുണ്ട്. ഏകദേശം 20 കിലോഗ്രാം വരെ തൂക്കം വരുന്ന മദിലക്ഷണം പ്രകടിപ്പിക്കുന്ന പെണ്ണാടുകളെയാണ് ഇണ ചേർക്കാൻ തിരഞ്ഞെടുക്കേണ്ടത്. ആടിന്റെ ഗർഭക്കാലം 150 ദിവസമായതുകൊണ്ട് 2 വർഷത്തിൽ 3 പ്രസവമാണ് മലബാറി ആടുകളിൽ ഉണ്ടാവുന്നത്.
ആടുകൾ പൊതുവേ മേയുന്ന സ്വഭാവക്കാരായതുകൊണ്ട് പകൽ നിശ്ചിത സമയം മേയാൻ വിടുകയും രാത്രിയിൽ കൂടുകളിൽ പാർപ്പിക്കുകയും ചെയ്യണം. ഇത് സെമി ഇന്റസീവ് സിസ്റ്റം എന്നറിയപ്പെടുന്നു. ഫാമിനകത്തെ പച്ചില കൃഷിസ്ഥലത്ത് മേയാൻ വിടുന്നത് ആടുകൾക്കു സൗകര്യപ്രദവുമായിരിക്കും. ആടുകളുടെ കൂടുകൾ ശാസ്ത്രീയമായ രീതിയിലായിലിക്കണം നിർമിക്കേണ്ടത്. നല്ല വായുസഞ്ചാരവും സൂര്യപ്രകാശവും കിട്ടുന്നിടത്ത് തറയിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ തേക്ക്, പന, കമുക് എന്നിവയുടെ തടിയിലേതെങ്കിലും ഉപയോഗിച്ച് കിഴക്ക്-പടിഞ്ഞാറ് ദിശയിൽ പ്ലാറ്റ്ഫോമും അതിന് ഷീറ്റ്, ഓല, ഓട് എന്നിവയിലേതെങ്കിലും കൊണ്ട് മേൽക്കൂരയും നിർമിക്കാം. ആടിന്റെ മൂത്രവും വെള്ളവും കെട്ടികിടക്കാത്ത രീതിയിൽ പ്ലാറ്റ്ഫോമിൽ ഒരു സെന്റീമീറ്റർ വരെ വിടവുണ്ടാക്കി വേണം നിർമ്മിക്കേണ്ടത്. ആടൊന്നിന് കൂട്ടിൽ രണ്ട് ചതുരശ്രമീറ്റർ എന്ന കണക്കിലും മുട്ടനാടിന് മൂന്ന് ചതുരശ്രമീറ്റർ എന്ന തോതിലും ഇടം ഉണ്ടായിരിക്കണം. ചെനയുളള ആടുകൾ, പ്രസവിച്ച ആടുകൾ, ആട്ടിൻക്കുട്ടികൾ, മുട്ടനാടുകൾ എന്നിവയ്ക്ക് പ്രത്യേകം ഇടം കാണേണ്ടതുണ്ട്. കൂടിന്റെ മേൽക്കൂര ചുമരിൽ നിന്ന് 3.5 അടി താഴ്ന്നിരിക്കണം. വായുസഞ്ചാരം യഥേഷ്ടമാക്കാൻ കമ്പിവല വശങ്ങളിൽ ഘടിപ്പിക്കാം. ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള സംവിധാനങ്ങളും കൂടുകളിൽ ഉണ്ടായിരിക്കണം. അതിന് സ്റ്റാളുകൾ പോലുള്ള രീതികളും അവലംബിക്കാവുന്നതാണ്.
Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം
കേരളത്തിൽ പ്രജനനത്തിനായുളള ആട്ടിൻകുട്ടികൾക്ക് ആവശ്യക്കാരേറെയാണ്. ആട്ടിൻകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നത് ആടുവളർത്തൽ വൻ സാധ്യതകൾ ഉറപ്പാക്കുന്നു. ആട്ടിൻകുട്ടികൾക്ക് ജനിച്ച ഉടനെ തന്നെ കന്നിപാൽ നൽകുന്നത് പ്രതിരോധശേഷി നേടാൻ സഹായിക്കുന്നു. ആട്ടിൻകുട്ടികൾക്ക് മഴയും തണുപ്പുംബാധിക്കാത്ത ഇടങ്ങളിൽ ആണ് പാർപ്പിടം ഒരുക്കേണ്ടത്. കൂടാതെ ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന വയറിളക്കത്തിനും മറ്റ് രോഗാവസ്ഥകള്‍ക്കും വൈദ്യസഹായം നൽകേണ്ടതാണ്. ആടുകൾക്ക് ദിവസവും ഇലകളോടൊപ്പം സാന്ദീകൃത ആഹാരവും നൽകണം. അത് ഒരു ലിറ്റർ പാല് ലഭിക്കാൻ 400 ഗ്രാം എന്ന നിരക്കിലും ചെനയുളള ആടുകൾക്കു നാല് മാസം മുതൽ 250 ഗ്രാം നിരക്കിലും സാന്ദ്രീകൃത ആഹാരം നൽകണം. ആഹാരം ശുദ്ധിയുളളതുമായിരിക്കണം. പൂപ്പൽ ബാധിച്ചതായും കട്ടപിടിച്ചതുമായിരിക്കരുത്. സാന്ദ്രീകൃത ആഹാരം വെയിലത്ത് ഉണക്കാൻ വച്ച ശേഷവും കൊടുക്കാം. ദ്രവരൂപത്തിലുളള കഞ്ഞി, പഴുത്ത ചക്ക എന്നിവ അമിതമായി നൽകുന്നത് ആടുകളുടെ മരണത്തിലേക്ക് വഴിയൊരുക്കുന്നു. കൂടാതെ ദ്രവരൂപത്തിലുളള മരുന്നുകൾ ആഹാരത്തിൽ കലർത്തി കൊടുക്കുന്നതും ശ്രദ്ധയോടെയായിരിക്കണം. കാരണം ഇവ ആടുകളുടെ ശ്വാസകോശത്തിൽ എത്തി ന്യുമോണിയ ബാധിക്കാനുളള സാധ്യതയുണ്ട്. ആടുവളർത്തലിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നത് സംരഭത്തിന്റെ ഭാവി സുഗമമാക്കുന്നു. ഇപ്പോൾ ആടുകൾക്കു ഇൻഷുറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്. അതുകൊണ്ട് കർഷകർ ഇൻഷൂറൻസ് ഉറപ്പുവരുത്തേണ്ടത് നല്ലതാണ്.
ആടുകളെ ചെളള്, പേൻ, പട്ടുണ്ണി എന്നീ ബാഹ്യപരാദങ്ങളും ആന്തരികപരാദങ്ങളും ബാധിക്കാൻ ഇടയുണ്ട്. അതിനാൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരയിളക്കേണ്ടതാണ്. ചെളള്, പേൻ എന്നിവയെ തുരത്താൻ ആടുകളുടെ ശരീരത്തിൽ മരുന്ന് സ്പ്രേ ചെയ്യുകയോ തേച്ച് പിടിപ്പിക്കുകയോ ചെയ്യാം. ആടുകൾക്കു കുളമ്പുരോഗം, ആട് പ്ലേഗ്, എന്ററോടോക് സിമിയ എന്നീ അസുഖങ്ങളെ തടയാനായി പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തണം. അതിനാൽ പുതിയ ആടുകളെ രണ്ടാഴ്ച വരെ നിരീക്ഷണവിധേയമാക്കി മാത്രമേ ഫാമിലെ മറ്റ് ആടുകളുമായി ഇടകലർത്താവൂ.
Also Read: കാടക്കോഴി വളര്‍ത്തല്‍: ലളിതവും ലാഭകരവുമായ സംരംഭം
ആട്ടിന്‍പാല്‍, ആട്ടിറച്ചി എന്നിവക്ക് വിപണിയില്‍ നല്ല വിലയാണ് ലഭിക്കുന്നത്. അതുകൊണ്ട് ആടുകളുടെ വിപണനത്തോടൊപ്പം ആട്ടിൻ കാഷ്ടം ചാക്കിലാക്കി മൊത്തകച്ചവടം ചെയ്യുന്നതും ഓരോ കിലോ വച്ച് പാക്കറ്റുകളിലാക്കി ജൈവസമ്മിശ്രവളമായി വിൽക്കുകയും ചെയ്യുന്നത് വരുമാന മാര്‍ഗങ്ങളാണ്. ആട്ടിൻകാഷ്ടത്തിൽ സസ്യങ്ങൾക്കാവശ്യമായ നൈട്രജൻ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അടങ്ങിയിരിക്കുന്നാല്‍ വളം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിൽ വളർത്തിവരുന്ന 20 ഓളം ജനുസ്സുകളിൽ 40 ശതമാനത്തോളം രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്നവയാണ്. ബാർബറി, ജംനാപാരി, മലബാറി, ജർക്കാന ,സിരോഹി, സൂർത്തി, വരയാട് എന്നിവയാണ് പ്രധാന ജനുസ്സുകൾ.
- ജംനാപാരി: പാലുല്പാദശേഷി കൂടുതലുള്ളയിനമായ, ഉത്തർപ്രദേശിൽ കണ്ടുവരുന്ന സൗന്ദര്യവും ഗാംഭീര്യവും തൂവെളള, മഞ്ഞകലർന്ന വെള്ള , തവിട്ടുനിറത്തിലുളള പുളളികൾ എന്നീ നിറത്തിൽ കണ്ടുവരുന്ന ആടാണ് ജംനാപാരി. 5 ലിറ്റർ പാലും 300 ദിവസം വരെ നീണ്ടുനിൽക്കുന്ന കറവയുമാണ് ഈയിനത്തിന്റെ സവിശേഷതകൾ. ഏകദേശം 14 മാസങ്ങളിടവിട്ടാണ് ജംനാപാരി ആടുകള്‍ പ്രസവിക്കുന്നത്. അതും ഒരാട്ടിൻ കുട്ടിയെ മാത്രം പ്രസവിക്കുന്നു. വളരെയേറെ സവിശേഷമായ ഇനം കൂടിയാണിത്.
- ബാർബറി: ബാർബറി ഉത്തർപ്രദേശിലാണ് കണ്ടുവരുന്നത്. പ്രത്യേക ശാരീരിക ഘടനയിൽ ഉള്ള ജനുസ്സാണിത്. ചെറിയ മുഖവും മൂക്കിന്റെ അഗ്രം കൂർത്തതും നീളം കുറഞ്ഞ കൊമ്പുകളുമായിരിക്കും ബാർബറിക്ക്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്നു. അതിൽ 1 മുതല്‍ 3 കുട്ടികൾ വരെയുണ്ടാകുന്നു. ഏകദേശം 2 ലിറ്റിൽ കൂടുതൽ ദിവസേന പാലുല്പാദിപ്പിക്കുന്നു.
- ജർക്കാന: രാജസ്ഥാനിൽ കണ്ടുവരുന്ന, 6 ലിറ്റർ വരെ കറവയുളള, പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്ക് സാധ്യതയുള്ള ജനുസ്സാണിത്. ഈയിനത്തിൽ പ്രായപൂർത്തിയായ മുട്ടനാടിന് 85 കിലോയും പെണ്ണാടിന് 75 കിലോ വരെയും തൂക്കമുണ്ടാകും.
- സിരോഹി: ഇതും രാജസ്ഥാനിലെ സിരോഹി എന്ന സ്ഥലത്ത് കണ്ടുവരുന്നതിനാൽ സിരോഹി എന്ന പേരുകിട്ടിയ, ചൂട് കാലാവസ്ഥയെ ചെറുക്കാൻ കഴിവുള്ള, മാംസാവശ്യത്തിനായി വളർത്തുന്ന ജനുസ്സാണ്. കറുപ്പും തവിട്ടുനിറത്തിലുമായി കാണപ്പെടുന്നു.
- സൂർത്തി: സൂറത്ത്, ബറോഡ എന്നീ സ്ഥലങ്ങളിൽ കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള രണ്ടു ലിറ്റർ വരെ കറവയുളള ജനുസ്സാണിത്.
- വരയാട്: തവിട്ടുനിറത്തിൽ കേരളത്തിലെ ഉൾവനങ്ങളിൽ കാണപ്പെടുന്ന വലിപ്പമേറിയ വലിയ കൊമ്പുകളുളള ഇനമാണ് വരയാട്.
Also Read: കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും