ഉണക്കപ്പുല്ലും സൈലേജും; തയ്യാറാക്കേണ്ട വിധം
വളരെയധികം പുല്ലുണ്ടാകുന്ന അവസരങ്ങളില്‍ അധികമുള്ള പുല്ല് ഉണക്കി സൂക്ഷിക്കുന്നു, ഇവ ഉണക്കപ്പുല്ല് അഥവാ ഹേ (Hay) എന്നറിയപ്പെടുന്നു. മഴക്കാലത്ത് പുല്ല് ധാരാളമായി ഉണ്ടാകുമെങ്കിലും സൂര്യപ്രകാശം കുറവായതിനാല്‍ മുറിച്ചുണക്കി സൂക്ഷിക്കാന്‍ സാധിക്കുകയില്ല. മഴക്കാലം കഴിയുന്നതോടെ പുല്ലിന്റെ മൂപ്പ് കൂടിപ്പോകുന്നതിനാല്‍ പോഷകഗുണം കുറയുന്നു. സാധാരണയായി ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചെടികള്‍ പുഷ്പിക്കുന്നതിന് മുമ്പ് അധികമായുള്ള പുല്ല് മുറിച്ചുണക്കുന്നതാണ് നല്ലത്. ഇപ്രകാരം ഉണക്കി സൂക്ഷിക്കപ്പെടുന്ന പുല്ല് ദീര്‍ഘകാലം കേടുകൂടാതെയിരിക്കും. തണ്ടിന് കനം കുറഞ്ഞ എല്ലാത്തരം പുല്ലുകളും, പയര്‍ ചെടികളും, ധാന്യവര്‍ഗ്ഗ ചെടികളും ഉണക്കപ്പുല്ല് നിര്‍മ്മാണത്തിനുപയോഗിക്കാം.
ഉണ്ടാക്കുന്ന വിധം
പുഷ്പിക്കുതിനു മുമ്പ് ചെടികള്‍ അരിഞ്ഞെടുത്ത് 15-20 സെന്റീമീറ്റര്‍ കനത്തില്‍ സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലങ്ങളില്‍ നിരത്തിയിട്ട്, ദിവസവും രണ്ടോ മൂന്നോ തവണ ഒരു കമ്പുകൊണ്ട് ഇളക്കി മുറിച്ചു കൊടുത്താല്‍ പുല്ല് വേഗം ഉണങ്ങും. ഇങ്ങനെ മൂന്ന് -നാല് ദിവസം തണലില്‍ കിടന്നുണങ്ങുമ്പോള്‍ അതിലുള്ള ജലാംശം വളരെ കുറഞ്ഞ് 10-14% വരെയാകും. ജലാംശം അധികമായാല്‍ പൂപ്പലുണ്ടാകാന്‍ സാധ്യതയുണ്ട്.
നല്ല രീതിയില്‍ തയ്യാറാക്കപ്പെട്ട 'ഹേ'യ്ക്ക് ഇളം പച്ച നിറമാണ്. ഉണക്കപ്പുല്ല് ഉണ്ടാക്കാനുപയോഗിക്കുന്ന പുല്ല് പുഷ്പിക്കുതിന് മുമ്പ് മുറിച്ചെടുക്കണം. നല്ല മണവും സ്വാദും ഉണക്കപ്പുല്ലിന് ആവശ്യമാണ്. ഉണക്കപ്പുല്ല് ഉണ്ടാക്കുമ്പോള്‍ കര്‍ഷകന് ചില നഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്. ഉദാഹരണത്തിന് ദിവസവും നിരത്തിയുണക്കി വാരിക്കൂട്ടുമ്പോള്‍ ഇലകള്‍ തണ്ടില്‍ നിന്നും വേര്‍പ്പെട്ട് നഷ്ടപ്പെടും. തണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇലയിലുള്ളതിനാല്‍ ഇപ്രകാരമുള്ള നഷ്ടം 'ഹേ'യുടെ ഗുണനിലവാരത്തെ ബാധിക്കും. കൂനകൂട്ടിയിടുമ്പോഴും നേരിട്ട് സൂര്യപ്രകാശമടിക്കുമ്പോഴും ചില പോഷകങ്ങള്‍ (ഉദാ : കരോട്ടിന്‍) നഷടപ്പെടാനും സാധ്യതയുണ്ട്.
സൈലേജ് (Silage)
പച്ചപ്പുല്ല്, ധാന്യവിളകള്‍ മുതലായവ കൂടുതലായി ഉണ്ടാകുന്ന സമയത്ത് മഴയുള്ളതിനാല്‍ ഉണക്കപ്പുല്ല് നിര്‍മ്മിക്കാനാകില്ല. ഈ സന്ദര്‍ഭത്തില്‍ പച്ചപ്പുല്ല്, ധാന്യവിളകള്‍ മുതലായവ വായു കടക്കാത്ത അറയില്‍ സൂക്ഷിച്ചു വയ്ക്കാവുതാണ്. ഇപ്രകാരം സൂക്ഷിക്കപ്പെടുന്ന തീറ്റ വസ്തുവാണ് സൈലേജ്.
ഉണ്ടാക്കുന്ന വിധം
സൈലേജ് ഉണ്ടാക്കാനുപയോഗിക്കുന്ന അറകളെ സൈലോ എന്നു പറയുന്നു. ഇവ പല ആകൃതികളില്‍ മണ്ണില്‍ കുഴിച്ച കുഴികളിലോ മണ്ണിനു മുകളില്‍ സിമന്റ്, കല്ല്, ഇഷ്ടിക മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ച അറകളോ ആകാം. ഇപ്രകാരമുണ്ടാക്കുന്ന അറകളുടെ ഭിത്തിക്ക് നല്ല ബലവും ഉള്‍വശത്തിന് നല്ല മിനുസ്സവും ഉണ്ടായിരിക്കണം. അറയില്‍ പുല്ല് ചവിട്ടി നിറയ്ക്കുമ്പോള്‍ വായു അതിനുള്ളില്‍ കുടുങ്ങാതിരിക്കാന്‍ അറയുടെ അകത്തെ മൂലകള്‍ ഉരുണ്ടതായിരിക്കണം. നേപ്പിയര്‍, ഗിനി, ബജ്‌റ, ചോളം എന്നീവയും ചില പയറുവര്‍ഗ്ഗ ചെടികളും സൈലേജ് ഉണ്ടാക്കാനുപയോഗിക്കാം. നാലോ അഞ്ചോ ഇഞ്ച് നീളത്തില്‍ ചെറു കഷ്ണങ്ങളായി അരിഞ്ഞ് പുല്ല് കുറെശ്ശെ കുഴിയില്‍ ഇട്ട് ചവിട്ടി ഉറപ്പിക്കണം. ഇതിനു മുകളില്‍ മൊളാസസ് (ഒരു ടണ്‍ പുല്ലിന് തളിക്കാന്‍ ഏകദേശം 25 കിലോഗ്രാം മൊളാസസ് ആവശ്യമാണ്) തളിക്കണം. ചോളം പോലുള്ള ധാന്യവര്‍ഗ്ഗച്ചെടികള്‍ സൈലേജുണ്ടാക്കാനായി ഉപയോഗപ്പെടുത്തുമ്പോള്‍ മൊളാസസിന്റെ അളവ് കുറച്ചു മതി. കുഴിസൈലോയില്‍ തറയില്‍ നിന്നും മൂടി താഴ്ച വരെ പുല്ല് നിറയ്ക്കാവുതാണ്. അതിനു മുകളില്‍ ഇലകളോ, നനഞ്ഞ വൈക്കോലോ നിരത്തിയ ശേഷം മണ്ണിട്ടു മൂടണം. അതിനു മുകളിലായി കുഴച്ച മണ്ണുകൊണ്ട് എവിടെയും വിള്ളലുണ്ടാകാതെ പൊതിയണം. അപ്പോള്‍ ഉള്ളിലേക്ക് വായു കടക്കാതെയിരിക്കുകയും അങ്ങനെ ഏകദേശം എട്ടാാഴ്ചകൊണ്ട് അറയ്ക്കുള്ളിലെ പുല്ല് പാകമാകും. അതിനുശേഷം അറ തുറന്ന് സൈലേജ് പുറത്തെടുക്കാം. ഒരിക്കല്‍ തുറന്നാല്‍ ഏകദേശം 10 സെ.മീ. കനത്തില്‍ ദിവസവും സൈലേജെടുത്തു മാറ്റാം. ടവര്‍ സൈലോകളില്‍ പുല്ല് അമര്‍ത്തി നിറയ്ക്കാനായി ട്രാക്ടറിന്റെ സഹായം തേടാറുണ്ട്. മാത്രമല്ല ഏറ്റവും മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് വായു നിബന്ധമാക്കുന്നത്.
Also Read: കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും
ഉണക്കപ്പുല്ല് ഉണ്ടാക്കാന്‍ പറ്റാത്ത മഴക്കാലത്തും സൈലേജ് നിര്‍മ്മിക്കാം. അങ്ങനെ ജലാംശം അടങ്ങിയ പരുഷാഹാരം വര്‍ഷത്തിലെല്ലാക്കാലവും കന്നുകാലികള്‍ക്ക് നല്‍കാനാകും. സാധാരണ തണ്ടിനു കട്ടികൂടിയ പുല്ലുകള്‍ കാലികള്‍ തിന്നാറില്ല. എന്നാല്‍ അവ സൈലേജാക്കി മാറ്റുമ്പോള്‍ കാലികള്‍ സ്വാദോടെ തിന്നുന്നു. പോഷകമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കു സൈലേജ് കറവപ്പശുക്കള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന പരുഷാഹാരമാണ്. സൈലേജിന് ഒരു പ്രത്യേക മണമുള്ളതിനാല്‍ കറവയ്ക്ക് ശേഷം മാത്രമേ പശുക്കള്‍ക്ക് നല്‍കാവൂ. അല്ലെങ്കില്‍ സൈലേജിന്റെ മണം പാലിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. കറവപ്പശുക്കള്‍ക്ക് പ്രതിദിനം 25-30 കിലോഗ്രാം വരെ സൈലേജ് നല്‍കാം. തുടര്‍ച്ചയായി കൊടുത്താല്‍ കറവപ്പശുക്കള്‍ സൈലേജ് തിന്നാന്‍ മടികാണിക്കുമെന്നതിനാല്‍ ഇടയക്കിടയ്ക്ക് വൈക്കോലോ, പച്ചപ്പുല്ലോ, ഉണക്കപ്പുല്ല് യോ തീറ്റയായി നല്‍കണം.
Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍