മലബാറി: മലയാളനാടിന്റെ പ്രിയമേറും ആടുകൾ

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപ്പെട്ട അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു. ഈ മറുനാടൻ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗ്ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്‍റെ തനത് ജനുസ്സ് ആടുകളാണ് മലബാറി ആടുകള്‍. അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. വടകര ആടുകൾ, തലശ്ശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും മലബാറി ആടുകൾ തന്നെ. ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് കേരളമൊട്ടാകെയും എന്തിന് തമിഴ് നാട്ടിലേക്ക് വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

മലബാറി ആടുകളെ എങ്ങനെ തിരിച്ചറിയാം

ഇടത്തരം ശരീര വലിപ്പവും വളർച്ചയുമുള്ളവയാണ് മലബാറി ആടുകൾ. വർണ്ണവൈവിധ്യമാണ് ഇവരുടെ ഒരു സവിശേഷത. വെളുപ്പാണ് പ്രധാനനിറമെങ്കിലും വെളുപ്പില്‍ കറുപ്പ്, വെളുപ്പിൽ തവിട്ട്, പൂര്‍ണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം. ഈ വർണ്ണവൈവിധ്യം ഒരു പക്ഷെ  തലമുറകളായി വിവിധ ജനുസ്സുകൾ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം. ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളിൽ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവാ ആടകൾ കാണാം. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ മധ്യഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടി  മാത്രം നീളമുള്ള ചെവികളും മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസ്സിലുണ്ട്. വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല.

മലബാറി ആട്ടിൻകുട്ടികൾ

Also Read: കോവിഡ് പ്രതിസന്ധി: വെറും ഇരുപത് സെന്റ് സ്ഥലത്ത് ലക്ഷത്തിലേറെ വരുമാനം നേടുന്ന ഫാമൊരുക്കി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

മലബാറി ആടുകളുടെ മികവ്

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനും മലബാറി ആടുകൾ ഏറ്റവും അനിയോജ്യമാണ്. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനം, കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും പരിപാലന രീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്. മലബാറി പെണ്ണാടുകളെ ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസ്സുകളിൽപ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിന്‍കുട്ടികളും വളര്‍ച്ചാനിരക്കിലും മാംസോല്‍പ്പാദനത്തിലും രോഗപ്രതിരോധഗുണത്തിലും എറെ മികച്ചവയാണ്. മാത്രമല്ല, ജനിതകമേന്മ കുറഞ്ഞ നാടന്‍ ആടുകളുടെ വര്‍ഗ്ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം മലബാറി മുട്ടനാടുകളുമായുള്ള  പ്രജനനമാണ്.

മലബാറി ആടുസംരംഭം തുടങ്ങുമ്പോൾ

പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി (ബ്രീഡിംഗ് യൂണിറ്റ്) ആട് വളർത്തൽ സംരംഭം തുടങ്ങുന്നതാണ് ഉത്തമം. ഇരുപത് പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് അഭികാമ്യമായ ലിംഗാനുപാതം. ഇത് പരമാവധി 25 – 30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. 8 – 9 മാസം പ്രായമെത്തുമ്പോള്‍ അല്ലെങ്കിൽ 15 – 20 കിലോഗ്രാം ശരീരതൂക്കം കൈവരിക്കുമ്പോൾ മലബാറി പെണ്ണാടുകളെ ആദ്യമായി ഇണ ചേര്‍ക്കാം. പെണ്ണാടുകളുമായി രക്തബന്ധം ഇല്ലാത്ത,  12 മാസമെങ്കിലും  പ്രായമെത്തിയ മുട്ടനാടുകളെ  പ്രജനനത്തിന് വേണ്ടി ഉപയോഗിക്കാം. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡ് ലഭ്യമാക്കുന്ന മേല്‍ത്തരം മലബാറി ആടുകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യവും തിരഞ്ഞെടുത്ത മൃഗാശുപത്രികളിലുണ്ട്. ഈ സേവനം കർഷകർക്ക് തീർത്തും സൗജന്യമാണ്.

മലബാറി പെണ്ണാടുകളിൽ 13 – 14 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ വീണ്ടും ഇണ ചേർക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി  7 – 8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ്. മൂന്ന് കുഞ്ഞുങ്ങൾക്കുള്ള സാധ്യത 25 ശതമാനവും നാല് കുഞ്ഞുങ്ങൾ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ്. ശാസ്ത്രീയമായി പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങൾ ലഭിക്കും. പകുതിയിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ് മേന്മ. ഇപ്രകാരം രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് മുതല്‍ ഒന്‍പത്- പത്ത് വരെ കുഞ്ഞുങ്ങളെ ഒരു മലബാറി ആടിൽ നിന്നുമാത്രം ലഭിക്കും.

Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

ആദായം മലബാറി  ആടുകൾ

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക് ശരാശരി 35 – 40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക് ശരാശരി 55 – 60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടിൽ നിന്നും ദിവസം ശരാശരി 750 മുതൽ 900 മില്ലിലിറ്റർ വരെ പാൽ ലഭിക്കും. പാലുല്പാദനദൈർഘ്യം പരമാവധി നാല് മാസമാണ്. മറ്റ് ജനുസ്സ് ആടുകളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍  ശരീരതൂക്കവും പാലുത്പാദനവും അല്പം കുറവാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ കിട്ടുന്ന കൂടുതല്‍ കുട്ടികളാണ് മലബാറി ആടുകളുടെ മികവ്. വളർച്ച നിരക്കിൽ ഈ കുഞ്ഞുങ്ങൾ ഒട്ടും പിന്നിലല്ല. മൂന്ന് മാസം പ്രായമെത്തുമ്പോൾ പത്തുകിലോഗ്രാം വരെ ശരീരതൂക്കം കുഞ്ഞുങ്ങൾ കൈവരിക്കും.

മലബാറി ആടുകളിൽ ഓരോ പ്രസവത്തിലെയും പാലുല്പാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുത്പാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകൾ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. മലബാറി ആടുകളിൽ നിന്നും ചുരുങ്ങിയ കാലയളവിൽ കിട്ടുന്ന   കൂടുതല്‍ ആട്ടിന്‍കുട്ടികളും സാമാന്യം നല്ല വളർച്ചാനിരക്കും തീറ്റപരിവർത്തനശേഷിയും ഉയര്‍ന്ന രോഗപ്രതിരോധഗുണവും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും സംരംഭകന് ആദായം നേടിത്തരും.

Also Read: അടുക്കളമുറ്റത്ത് ആടുവളർത്താം, ആദായം നേടാം!

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]