പ്രതിസന്ധിയിൽപ്പെട്ട് വലയുന്ന നീരയെ രക്ഷിക്കാൻ നടപടിയെടുക്കുമെന്ന് നാളികേര വികസന ബോര്‍ഡ്; നീര ഉത്പാദന സംഘങ്ങളുമായി മെയ് 15 ന് ചര്‍ച്ച

പ്രതിസന്ധിയിൽപ്പെട്ട് വലയുന്ന നീരയെ രക്ഷിക്കാൻ നടപടിയെടുക്കുമെന്ന് നാളികേര വികസന ബോര്‍ഡ്. നീര ഉത്പന്നങ്ങൾക്ക് വിപണിയില്ലാതെ കര്‍ഷക കൂട്ടായ്മയും നിര്‍മാണ വ്യവസായികളും വലയുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി താമസിയാതെ പരിഹരിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയത്.

നീരയെ രക്ഷിക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും വ്യക്തമാക്കി. നീര ഉത്പാദന സംഘങ്ങളുമായി മെയ് 15ന് ചര്‍ച്ച നടത്തും. ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ വിപണനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടും.

ഉത്പാദന സംഘങ്ങള്‍ക്ക് പുറമേ നാളികേര വികസനബോര്‍ഡും കാര്‍ഷിക സര്‍വകലാശാലയിലെ പ്രതിനിധികളും 15ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് 29 നീര കര്‍ഷക,ഉത്പാദന സംഘങ്ങളാണ് നിലവിലുള്ളത്. ഇവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നം 8 ഓളം നിര്‍മാണ യൂണിറ്റുകളിലൂടെയാണ് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത്.

2014ല്‍ നീര ഉത്പാദക സംഘങ്ങള്‍ക്ക് ലൈസന്‍സ് കിട്ടുമ്പോള്‍ ഒരാഴ്ച 10000 ലിറ്റര്‍ നീരയാണ് കേരളത്തില്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉത്പാദനം 5000- 4000 ലിറ്ററായി ചുരുങ്ങി. രുചി വ്യത്യാസം കാരണം ഉപഭോക്താക്കള്‍ വീണ്ടും നീര കുടിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നതാണ് പ്രധാന പരാതി.

കൂടാതെ നീര കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദഗ്ദരുടെ കുറവും മറ്റൊരു ന്യൂനതയാണ്. ഇതോടെ നീര ഉത്പാദനവും വിപണനവും ആദായകരമല്ലാതായി മാറി. മിക്ക കമ്പനികളും നീര ഉത്പാദനം ലാഭകരമല്ലാത്തത് കൊണ്ട് വെളിച്ചെണ്ണ പോലെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചാണ് പിടിച്ചു നില്‍ക്കുന്നത്.

ഇതിനെല്ലാം പുറമെ നോട്ട്‌ നിരോധനവും ജി.എസ്‌.ടിയും സംസ്‌ഥാന സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്നതിലെ കാലതാമസവും കൂടിയായതോടെ നീര നിർമാണ മേഖലയെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നാളികേര ഉല്‍പാദന കമ്പനികള്‍ക്കും കര്‍ഷകര്‍ക്കും കൂനിന്‍മേല്‍ കുരുവായി തമിഴ്നാട്ടില്‍ നീര ഉല്‍പാദനം അടുത്ത മാസം തുടങ്ങും.

കേരളത്തിലെ കമ്പനികള്‍ മുപ്പത്തിയഞ്ച് രൂപയ്ക്ക് വില്‍ക്കുന്ന ഇരുന്നൂറ് മില്ലിലിറ്റര്‍ നീര ഇരുപത് രൂപയ്ക്ക് നല്‍കി തമിഴ്നാട് കമ്പനികള്‍ വിപണി പിടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കേരളത്തെ അപേക്ഷിച്ച് തെങ്ങുകളുടെ ഉല്‍പാദനക്ഷമത കൂടിയതിനാല്‍ നിര്‍മാണ ചിലവ് കുത്തനെ കുറയും. ഇത് കേരളത്തിലെ കമ്പനികളെ ബാധിക്കുമെന്ന ആശങ്കയും വ്യാപകമാണ്.

Also Read: കാര്‍ഷിക രംഗത്ത് സമഗ്രവികസനം സാധ്യമാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Image: Indiamart.com