കടൽമുരിങ്ങ, കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി വനിതാ കൂട്ടായ്മ
കടൽമുരിങ്ങ, കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി വനിതാ കൂട്ടായ്മ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) നേതൃത്വത്തിൽ മൂത്തകുന്നത്ത് വിവിധ കർഷക സംഘങ്ങളിലായി 40 ഓളം സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്ത് നൂറുമേനി വിളവുണ്ടാക്കിയത്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴ് മാസത്തിനു ശേഷമാണ് വിളവെടുപ്പ് നടത്തിയത്.
അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുളകൊണ്ട് നിർമിച്ച 13 കൃഷിയിടങ്ങളിലാണ് കടൽമുരിങ്ങ (ഓയിസ്റ്റർ) കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250 ഓളം കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ഓരോ യൂണിറ്റിൽ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളിൽ നിന്നായി മൊത്തം 20 ഓളം ടൺ ഇവർ കൃഷി ചെയ്തു.
അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകൾ നിക്ഷേപിച്ചത്. ഓരോ യൂണിറ്റിൽ നിന്നും ഒന്നേകാൽ ടൺ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. മറ്റ് ജോലികൾക്ക് പുറമെയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കല്ലുമ്മക്കായ, കടൽ മുരിങ്ങാ കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. പൊതുജനങ്ങൾക്ക് ഇവ സി.എം.എഫ്.ആർ.ഐ.യിൽ നിന്ന് വാങ്ങാവുന്നതാണ്. ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ ഇവയുടെ ഇറച്ചി സി.എം.എഫ്.ആർ.ഐ.യിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിലാണ് (ആറ്റിക്) വിൽപ്പന നടത്തുന്നത്. കടൽ മുരിങ്ങ കിലോക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. ഫോൺ 0484 2394867.
Also read: ഒഴിവുസമയ വിനോദത്തിനും ആദായത്തിനും പാവങ്ങളുടെ ബോൺസായി; കോക്കഡാമയെപ്പറ്റി അറിയേണ്ടതെല്ലാം
Image: pixabay.com