വേനൽച്ചൂടിൽ ഉള്ളു തണുപ്പിക്കാനും അധിക വരുമാനത്തിനും ശീതള പാനീയങ്ങൾ

വേനൽച്ചൂടിൽ ശീതള പാനീയങ്ങൾ തയാറാക്കി വിപണിയിൽ എത്തിക്കുന്നത് കർഷകർക്ക് അധിക വരുമാനത്തിനുള്ള സാധ്യത തുറക്കുന്നു. കേരള വിപണിയിൽ കോളകളോടുള്ള താത്പര്യക്കുറവും ഇളനീർ പോലുള്ള ആരോഗ്യ പാനീയങ്ങൾക്കുള്ള പ്രചാരവും ചെറുകിട സംരംഭകർക്കു മികച്ച അവസരമാണ് ഒരുക്കുന്നത്.

മികച്ച പോഷക മൂല്യമുള്ള ജ്യൂസുകൾക്കു അനുയോജ്യമാണ് വെള്ളരി, പാവയ്ക്ക, കുമ്പളം, ചുരയ്ക്ക, കാരറ്റ്, വാഴപ്പിണ്ടി, ബീറ്റ്റൂട്ട് മുതലായ പച്ചക്കറികൾ.മുള്ളൻ വെള്ളരി, കണി വെള്ളരി, വെള്ള വെള്ളരി എന്നിവയും ജ്യൂസിനു ചേർന്നതാണ്. തൊലി നീക്കാതെ വെള്ളരിയുടെ കാമ്പ് ജ്യൂസറിലിട്ടു നീര് പിഴിഞ്ഞ്, രുചിക്കായി നെല്ലിക്ക/ ചെറുനാരങ്ങ നീര്, ഇഞ്ചി സത്ത് എന്നിവ ചേർത്താണ് ജ്യൂസ് നിർമാണം.

ദാഹശമനത്തിനൊപ്പം പ്രമേഹം, സന്ധിവാതം എന്നിവയുള്ളവർക്ക് ആമാശയത്തിലെ അമ്ലത നിയന്ത്രിക്കാനും വെള്ളരി ജ്യൂസ് ഉത്തമമാണ്. ശ്രദ്ധാപൂർവം തെരെഞ്ഞെടുത്ത പഴ, പച്ചക്കറികള്ള്ക്കൊപ്പം വേണ്ടത്ര മധുരം, ഐസ് എന്നിവ ചേർത്ത് ജ്യൂസ് കൂടുതൽ രുചികരമാക്കാം.

കുമ്പളം, നെയ്ക്കുമ്പളം, വാഴപ്പിണ്ടി എന്നിവയുടെ ജ്യൂസും ചില കടകളിൽ വിൽപ്പനയ്ക്കുണ്ട്. കുമ്പളങ്ങ ജ്യൂസിനു കരളിനെ ശുദ്ധമാക്കാനും ഫാറ്റി ലിവർ കുറയ്ക്കാനും കഴിവുണ്ട്. മൂത്രാശയക്കല്ല് അലിയിക്കാനും ആമാശയത്തിലെ അമ്ലത കുറയ്ക്കാനും പിണ്ടിനീരും പ്രമേഹ രോഗികൾക്ക് പാവയ്ക്ക ജ്യൂസും രുചിക്കാം. കൊടുംചൂടിന്റെ കാഠിന്യം കുറക്കാൻ പേരുകേട്ടതാണ് ചുരക്ക വേവിച്ച് പാലും പഞ്ചസാരയും ചേർത്ത് അരച്ചെടുത്തു തണുപ്പിച്ച ജ്യൂസ്.

തണ്ണിമത്തൻ, മസ്ക് മെലൺ, യെല്ലോ മെലൺ എന്നിവയും ജ്യൂസ് രംഗത്തെ മിന്നും താരങ്ങളാണ്. പൈനാപ്പിൾ, പാഷൻഫ്രൂട്ട്, മാമ്പഴം, പപ്പായ, ചക്കപ്പഴം, മുന്തിരി, ഓറ​ഞ്ച്, ആപ്പിൾ എന്നിവയാണ് പാനീയങ്ങളുടെ ലോകത്തെ ജനപ്രിയ താരങ്ങൾ. പഴച്ചാറുകൾക്കു പുറമെ, സിറപ്പുകളും തയാറാക്കി സൂക്ഷിച്ച് ആവശ്യാനുസരണം സോഡ, ഐസ്ക്യൂബ്, തണുത്ത വെള്ളം എന്നിവ ചേർത്തു നേർപ്പിച്ച് വിപണനം നടത്തുന്ന സംരഭകരുമുണ്ട്.

Also Read: ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് കൃഷി മന്ത്രി; സമൂഹ മാധ്യമങ്ങളിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി കേരളത്തിന്റെ ആഞ്ഞിലിച്ചക്ക

Image: pixabay.com