നമുക്ക് വിത്തുഗ്രാമങ്ങള്‍ വേണം
വിത്തെടുത്തുണ്ണരുത്. മലയാളത്തിലെ എക്കാലത്തെയും പ്രസിദ്ധമായ പഴഞ്ചൊല്ലാണിത്. മറ്റേതൊരു കാലത്തേക്കാളും ഇന്ന് ഈ പഴഞ്ചൊല്ലിന് സവിശേഷമായ പ്രാധാന്യമുണ്ട്. വിത്തെടുത്ത് കുത്തി കുലം കുളംതോണ്ടുകയാണ് മലയാളി. നാടന്‍വിത്തുകളും വിത്തിലുറങ്ങുന്ന അവസ്ഥാന്തരങ്ങളെ തൊട്ടറിഞ്ഞവരും കാണെക്കാണെ ഇല്ലാതാവുകയാണ്. അതൊരു മഹാദുരന്തത്തിന്റെ സൂചനയാണ്. നാട്ടിലുള്ള വിത്തെല്ലാം നഷ്ടമാവുകയും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കുത്തക കമ്പനികളില്‍ നിന്ന് നാം വാങ്ങേണ്ടിവരികയും ആ വിത്തുകളൊന്നും രണ്ടാം വട്ടം മുളപൊട്ടാതിരിക്കുകയും അങ്ങനെ നമ്മള്‍ ബഹുരാഷ്ട്രകുത്തകകളുടെ നിത്യകാലത്തെ ആശ്രിതരായി മാറുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭയെ ഓര്‍മിക്കുക. സ്വതന്ത്രഭാരതത്തിന്റെ ഇടനെഞ്ചിലെ കനല്‍. അവിടെയുള്ള പാവപ്പട്ട പരുത്തി കര്‍ഷകരുടെ ജീവനെടുത്ത മൊണ്‍സാന്റോയെ മറക്കുന്നതെങ്ങനെ?
പൂര്‍വ്വികരായി കൈമാറിക്കിട്ടിയ നാടന്‍ പരുത്തിവിത്ത് കാലങ്ങളായി കൃഷിചെയ്തുവരികയായിരുന്നു വിദര്‍ഭയിലെ കര്‍ഷകര്‍. അവരുടെ കണക്കിന് സാമാന്യം ഭേദപ്പെട്ട വിളവും ലഭിച്ചിരുന്നു. അങ്ങനെ കൃഷിയും കാര്‍ഷികാചാരങ്ങളുമായി കാലയാപനം നടത്തിയിരുന്നവര്‍ക്കാണ് മൊണ്‍ബബസാന്റോ ‘രക്ഷകരായി’ അവതരിച്ചത്. കമ്പനിയുടെ മോഹനസുന്ദരവാഗ്ദാനങ്ങളില്‍ ആ പാവങ്ങള്‍ മയങ്ങിപ്പോയി. മൊണ്‍ബബസാന്റോയുടെ വാക്കുകളിലെ കതിരും പതിരും വേര്‍തിരിച്ചടുക്കുന്നതിന് നേരും നെറിവും മാത്രം കൈമുതലായ അവര്‍ക്ക് കഴിയാതെപോയി. ഫലമോ വിത്തിനും വളത്തിനും സാമ്പത്തികസഹായത്തിനും എക്കാലത്തും മൊണ്‍ബബസാന്റോയ്ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരായി ആ പാവങ്ങള്‍ മാറി. പലിശപ്പട്ടിണി പടികേറിവന്നപ്പോള്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ പാവങ്ങള്‍. എത്ര കുടുംങ്ങള്‍ക്കാണ് നാഥന്‍ ഇല്ലാതായത്. അവരുടെ വിലാപങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല; ഭരണകൂടം രക്ഷാപാക്കേജൊക്കെ പ്രഖ്യാപിച്ചുവെങ്കിലും. ബി ടി തണ്ണിമത്തന്റെയും ബി ടി ചോളത്തിന്റെയും ബി ടി വഴുതനയുടെയുമൊക്കെ കാര്യം നമുക്ക് ഓര്‍മയില്ലേ? ഒരു ജനാധിപത്യരാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അവിടത്തെ ഭക്ഷ്യസുരക്ഷ തകിടം മറിക്കുകയാണ്. ആ തന്ത്രമാണ് കുത്തക കമ്പനികള്‍ പയറ്റുന്നത്. ആശ്രിതരെ സൃഷ്ടിക്കുന്നതാണ് അവരുടെ നയങ്ങളെല്ലാം. ജന്മിത്തം നാടുവാണ കാലത്ത് വല്ലിയും പതവും വാങ്ങി ഉള്ളതുകൊണ്ട് ഉപജീവനം നടത്തിയിരുന്നവരെ ഓര്‍മിക്കുക. ഓരോ തവണയും ജന്മിയുടെ വീട്ടുപടിക്കല്‍ അവര്‍ കാത്തുനിന്നത് അടുത്ത വിതയ്ക്കുള്ള വിത്തളന്നുകിട്ടാനായിരുന്നു. ജന്മിത്തം നാടുനീങ്ങിയെങ്കിലും അതിന്റെ പ്രേതം ഇപ്പോഴും ഇവിടെയൊക്കെയുണ്ട്. ഈ സാഹചര്യത്തിലാണ് നാടന്‍ വിത്തുകളുടെ സംരക്ഷണത്തിന്റെ പ്രസക്തി. നാടന്‍ വിത്തുകളുടെ സംരക്ഷണത്തിനായി നമുക്ക് പലതും ചെയ്യാനാകും. ഈ ദിശയിലുള്ള ക്രിയാത്മകമായ അന്വേഷണമാണ് നാം നടത്തുന്നത്. ഇവിടെയാണ് വിത്തുഗ്രാമം എന്ന സങ്കല്‍പ്പത്തിന് പ്രാധാന്യം കൈവരുന്നത്. ഗ്രാമീണരുടെ പക്കല്‍ നിധിപോലെ സൂക്ഷിക്കുന്ന നാടന്‍വിത്തുകള്‍ അതത് ഗ്രാമങ്ങളില്‍ തന്നെ കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കുന്ന രീതിശാസ്ത്രമാണത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ അത്യുല്‍പ്പാദനശേഷിയു ള്ളതും ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഗുണമേന്മയും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുമുള്ള നാടന്‍വിത്തുകള്‍ പലതും നാമവശേഷമായിക്കഴിഞ്ഞു. അവ സൂക്ഷിച്ചിരുന്ന പഴയ തലമുറ ഇല്ലാതാകുന്നതോടെ ആ വിത്തുകളും ഇല്ലാതാവുകയാണ്. എങ്കിലും ഇനിയും നാമാവശേഷമാകാതെ കുറച്ചെങ്കിലും ബാക്കിയുണ്ട്. അവ എത്രയും പെട്ടെന്നുതന്നെ സംരക്ഷിക്കപ്പെടേതാണ്.
വിത്തുസംരക്ഷണം എന്നാല്‍ ആത്യന്തികമായി ഭൂമി സംരക്ഷണം എന്നുതന്നെയാണ് അര്‍ത്ഥം. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ നാടന്‍ വിത്തുകള്‍ സൂക്ഷിക്കുന്നതിന് പലതരത്തിലുള്ള സാമഗ്രികള്‍ ഉപയോഗിച്ചിരുന്നതായി കാണാം. വിത്തുകള്‍ ആരാധനാമൂര്‍ത്തികള്‍ കൂടിയായിരുന്നു. കാര്‍ഷികാചാരങ്ങളെല്ലാം വിത്തുകേന്ദ്രീകൃതമാണല്ലോ. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കുന്നതിനും ഇളംതലമുറകളിലേക്ക് കൈമാറുന്നതിനും പഴമക്കാര്‍ ഏറെ ശ്രദ്ധിച്ചു. കയറുകൊണ്ട് നിര്‍മിച്ച വട്ടികളില്‍ കളിമണ്ണ് തേച്ചുപിടിപ്പിച്ചതിനുശേഷം അവയില്‍ വിത്തുകള്‍ നിറച്ച് മണ്ണില്‍ തീര്‍ത്ത കുഴികളില്‍ നിക്ഷേപിക്കുകയായിരുന്നു സാധാരണ ചെയ്തിരുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഇത്തരം നാട്ടുവഴക്കങ്ങള്‍ പ്രചാരത്തിലുണ്ടയിരുന്നു. ഈജിപ്തില്‍ കളിമണ്ണും വൈക്കോലും കൂട്ടിക്കുഴച്ച് അറപ്പുരകള്‍ നിര്‍മിച്ചിരുന്നു. അതിനകത്താണ് അവര്‍ വിത്തുകള്‍ സൂക്ഷിച്ചിരുന്നത്. വലിയൊരു ക്ഷാമത്തെ നേരിടാന്‍ അവര്‍ ചെയ്തത് നാട്ടിലെങ്ങും അറപ്പുരകള്‍ നിര്‍മിച്ച് പരമാവധി ധാന്യം ശേഖരിക്കുകയായിരുന്നു. മൃഗങ്ങളുടെ കൊമ്പും ചുരയ്ക്ക, മത്തന്‍ പോലുള്ള കായ്കനികളുടെ തോടും ചിരട്ടയും മരപ്പാത്രങ്ങളും കളിമണ്‍ബബപാത്രങ്ങളുമൊക്കെ വിത്ത് സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ചാരത്തിലും ചാണകത്തിലും പൊതിഞ്ഞും തുകല്‍ സഞ്ചികളില്‍ നിറച്ചും നമ്മുടെ പൂര്‍വ്വികര്‍ വിത്തുസൂക്ഷിച്ചു. എ ഡി അഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയിലും വൃക്ഷായൂര്‍വ്വേദത്തിലും എ ഡി 13ല്‍ വിരചിതമായ ശാര്‍ങ്ധരസംഹിതയിലും വിത്തുസംരക്ഷണത്തിന്റെ നാടന്‍ രീതികള്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലും രാജസ്ഥാനിലുമൊക്കെ ഗ്രാമീണര്‍ ഇപ്പോഴും മരപ്പാത്രങ്ങളിലാണ് വിത്തുകള്‍ സൂക്ഷിക്കുന്നത്. ചിലയിടങ്ങളില്‍ തകരപ്പാത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ‘ഭാകാര്‍’ എന്നാണ് അവ പൊതുവേ അറിയപ്പെടുന്നത്. പൈന്‍, ദേവദാരു, മുള തുടങ്ങിയ മരങ്ങളുടെ തടിയാണ് ഇതിനുപയോഗിക്കുന്നത്. ചാണകം, മണ്ണ്, കടുകുംപിണ്ണാക്ക്, കരി എന്നിവ ഗോമൂത്രവുമായി കൂട്ടിക്കുഴച്ച് കുഴമ്പുരൂപത്തിലാക്കി ആ മിശ്രിതം മരപ്പാത്രങ്ങളില്‍ തേയ്ച്ചുപിടിപ്പിക്കും. കീടബാധയില്‍ നിന്ന് വിത്തിനെ സംരക്ഷിക്കാനാണിത്. അടുത്ത വിതയ്ക്കുള്ള വിത്ത് ആ പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നാടന്‍ വിത്തുകളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവരുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തണം. രാജ്യരക്ഷയ്ക്ക് നീക്കിവയ്ക്കുന്ന തുകയുടെ അര ശതമാനം തുകയെങ്കിലും ഇതിനായി നീക്കിവയ്ക്കണം. കാരണം മുളംതണ്ടിലും ചുരയ്ക്കാതൊണ്ടിലും തട്ടിന്‍പുറത്തുമൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്ന അവരുടെ വിത്തുകള്‍ കൊത്തിക്കൊണ്ടുപോകാന്‍ ചിലരൊക്കെ തക്കംപാര്‍ത്തിരിപ്പുണ്ട്.! നാടന്‍വിത്ത് സംരക്ഷിക്കുന്നതിന് അവര്‍ അവലംഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഗവേഷണവിഷയമാക്കണം. അതിനായി ആവശ്യമെങ്കില്‍ ഗ്രാമീണ ഗവേഷണാലയങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. നാടന്‍ വിത്തുകള്‍ ശേഖരിച്ച് അതത് ഗ്രാമങ്ങളില്‍ തന്നെ അവ സംരക്ഷിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സംഭരണശാലകള്‍ നിര്‍മിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക ബജറ്റില്‍ നിശ്ചിത സംഖ്യ വിത്തുഗ്രാമം പദ്ധതിക്കായി മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ ഇത് സാധിച്ചെടുക്കാവുന്നതേയുള്ളൂ. ബജറ്റ് പുസ്തകത്തിന് പച്ചനിറമുള്ള ചട്ടയിട്ടാല്‍ അത് ഹരിത ജറ്റായി എന്ന ധാരണ മാറണം. കര്‍ഷകന്റെ വിയര്‍പ്പിന് വില കല്‍പ്പിക്കുന്നതാകണം ബജറ്റ് നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും. പഞ്ചായത്തുതോറും അഥവാ ഏതാനും പഞ്ചായത്തുകള്‍ ചേര്‍ന്ന് ബ്ലോക്ക് അടിസ്ഥാനത്തിലും വിത്തുഗ്രാമങ്ങള്‍ സജ്ജീകരിക്കാം. സംഭരണശാലകളോടുചേര്‍ന്ന് നാടന്‍വിത്ത് ഗവേഷണ-പരിപാലന കേന്ദ്രങ്ങളും ആരംഭിക്കാം. നാടന്‍വിത്തുകള്‍ സൂക്ഷിക്കുന്ന ഗ്രാമീണര്‍ക്ക് അവയില്‍ പങ്കാളിത്തം നല്‍കുകയും ചെയ്യണം. ഒരു നെന്മണി വീണ മണ്ണില്‍ നിന്ന് ഉയിര്‍ക്കുന്നത് ആയിരം നെന്മണികള്‍. ആയിരത്തിലോരോ ന്നിലും വീണ്ടൂം ആയിരമായിരങ്ങള്‍. ഒരു വിത്തിന്റെ ഉള്ളിലുറങ്ങുന്ന ഉല്‍പ്പാദനവീര്യം അനന്തവിശാലമായ ഈ മഹാപ്രപഞ്ചത്തിനൊപ്പം അമേയമാകുന്നു. ഇതാണ് പ്രകൃതിയുടെ വിസ്മയം. ഈ വിസ്മയത്തിന്റെ മുന്നില്‍ നമുക്ക് വിനയത്തോടെ തലകുനിക്കാം- മസനോബു ഫുക്കുവോക്കയുടെ ഈ വാക്കുകള്‍ നമുക്ക് പ്രചോദനമാകട്ടെ.
Also Read: കൊടുംവേനലിൽ കൃഷി ചെയ്യാൻ തണ്ണിമത്തൻ; മാർച്ചിൽ വിളവെടുപ്പു കാലം